| Tuesday, 2nd January 2024, 2:17 pm

സാറയ്ക്ക് കാണാന്‍ പറ്റിയില്ലെങ്കിലും എനിക്ക് അതൊക്കെ കാണാന്‍ പറ്റി; അനുഭവം പറഞ്ഞ് അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയറ്റേറുകളില്‍ ഇപ്പോഴും നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് നേര്. ജിത്തു ജോസഫ് സംവിധാനം ചെയ്ത കോര്‍ട്ട് റൂം ഡ്രാമാ ഗണത്തില്‍ പെടുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍. മോഹന്‍ലാലിന്റെ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മികച്ച അഭിപ്രായം ലഭിച്ച നേര് ബോക്സോഫീസില്‍ തകര്‍ത്തോടുകയാണ്.

സിനിമയില്‍ മോഹന്‍ലാലിനൊപ്പം എടുത്തുപറയപ്പെടുന്ന പ്രകടനമാണ് അനശ്വര രാജന്റേത്. കണ്ണുകാണാത്ത സാറാ എന്ന പെണ്‍കുട്ടിയായാണ് അനശ്വര എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ അനശ്വര പങ്കുവെക്കുകയായിരുന്നു. നേരിന്റെ ട്രൈലറില്‍ ഏറെ പ്രശംസ ലഭിച്ച മോഹന്‍ലാലിന്റെ പ്രകടനം നേരിട്ട് കണ്ട അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനശ്വര.

‘ആ സീനില്‍ ഞാനും ലാല്‍ സാറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാറാ എന്ന കഥാപാത്രത്തിന് ഒന്നും കാണാന്‍ പറ്റില്ല. മുന്നില്‍ നില്‍ക്കുന്നതാരാണെന്ന് അറിയാത്ത ആരെയും കാണാന്‍ പറ്റാത്ത കഥാപാത്രമാണത്. എന്നാല്‍ അനശ്വര എന്ന ആര്‍ട്ടിസ്റ്റ് അതെല്ലാം നേരിട്ട് കണ്ട് എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു.

ലാലേട്ടന്റെ ഓരോ ഡയലോഗും എക്സ്പ്രഷനുകളും കണ്ട് ആസ്വദിക്കുകയായിരുന്നു ഞാന്‍. എന്റെ വേഗത്തിലുള്ള സംസാരം കേട്ടിട്ട് ലാല്‍ സാറാണ് ഡയലോഗുകള്‍ പതിയെ പറയൂ എന്ന സജഷന്‍ തന്നത്. ഡബ്ബിങ്ങില്‍ അത് സഹായം ചെയ്തു.

മോഹന്‍ലാല്‍, സിദ്ദിഖ് തുടങ്ങിയ മികച്ച നടന്മാരോടൊപ്പം തന്റെ പ്രകടനം എടുത്തു പറയപ്പെയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്,’ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര അനുഭവങ്ങള്‍ പങ്കുവെച്ചത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

Content Highlight: Anaswara Rajan about Neru Movie performance and Mohanlal

We use cookies to give you the best possible experience. Learn more