മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമാണ് നേര്. മോഹൻലാൽ വിജയ് മോഹൻ എന്ന അഡ്വക്കേറ്റ് ആയിട്ടായിരുന്നു നേരിൽ വേഷമിട്ടത്. മോഹൻലാൽ – ജീത്തു കൂട്ടുകെട്ടിൽ ദൃശ്യത്തിന് ശേഷമുള്ള തിയേറ്റർ റിലീസ് കൂടിയായിരുന്നു നേര്.
ചിത്രത്തിൽ അനശ്വര രാജൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സാറ എന്ന കഥാപാത്രത്തെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. അനശ്വരയുടെ മികച്ച പ്രകടനം കണ്ട ചിത്രം കൂടിയായിരുന്നു നേര്.
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലുള്ള സിനിമയായത് കൊണ്ടാണ് നേര് തെരഞ്ഞെടുത്തതെന്നും തന്റെ അച്ഛൻ കടുത്ത മോഹൻലാൽ ഫാനാണെന്നും അനശ്വര പറയുന്നു. തണ്ണീർ മത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും കണ്ടപ്പോൾ അച്ഛൻ കൊള്ളാമെന്ന് മാത്രമാണ് പറഞ്ഞതെന്നും എന്നാൽ നേര് കണ്ടപ്പോൾ അച്ഛൻ കരഞ്ഞുപ്പോയെന്നും അനശ്വര പറയുന്നു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അനശ്വര.
‘സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷേ, ‘നേരി’ന്റെ ലൊക്കേഷനിൽ ആരോടും അധികം സംസാരിച്ചിട്ടില്ല. എവിടെയെങ്കിലും പാളിപ്പോയാലോ എന്ന ടെൻഷനുണ്ടായിരുന്നു. ഫസ്റ്റ് സീനിൽ തന്നെ എൻ്റെ ചലനങ്ങളെ ജീത്തു സാർ തിരുത്തി. കാഴ്‌ചയില്ലാത്ത ആളാണല്ലോ ഞാൻ എന്ന ബോധം അപ്പോഴാണുണ്ടായത്. ആദ്യദിവസം ഷൂട്ട് കഴിഞ്ഞപ്പോൾ ജീത്തുസാർ പറഞ്ഞു ഇങ്ങനെ മതിയെന്ന്.
മോഹൻലാൽ-ജീത്തു ജോസഫ് സിനിമയായതു കൊണ്ടാണ് ‘നേര്’ തെരഞ്ഞെടുത്തത്. അച്ഛൻ കടുത്ത ലാലേട്ടൻ ഫാനാണ്. ‘സൂപ്പർ ശരണ്യ’യും ‘തണ്ണീർമത്തൻ ദിനങ്ങളു’മെല്ലാം കണ്ടെങ്കിലും കൊള്ളാമെന്നുമാത്രമേ, പറഞ്ഞുള്ളൂ.
പക്ഷേ, ‘നേര്’ കണ്ട് അച്ഛൻ കരഞ്ഞു. ‘നിൻ്റെ സീൻ വരല്ലേ’ എന്നായിരുന്നു പ്രാർത്ഥനയെന്ന് പറഞ്ഞു. അച്ഛനെ ഏറ്റവും ഇമോഷണലാക്കിയ സിനിമ ‘നേരാ’യിരിക്കും,’ അനശ്വര രാജൻ പറയുന്നു.
Content Highlight: Anaswara Rajan About Her Scene In Neru Movie