ഇന്നും എന്റെ പ്രിയപ്പെട്ട സിനിമ അതുതന്നെയാണ്; സെറ്റിലെത്തിയപ്പോൾ എനിക്കത്ഭുതമായിരുന്നു: അനശ്വര രാജൻ
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും മറ്റു കഥാപാത്രങ്ങൾ ചെയ്തും അനശ്വര തന്റേതായ ഒരിടം സൃഷ്ടിച്ചു. മലയാളത്തിൽ എന്ന പോലെ തെലുങ്കിലും ബോളിവുഡിലുമെല്ലാം അനശ്വര ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷാവസാനം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിൽ ഏറെ പ്രശംസ നേടിയത് അനശ്വരയുടെ അഭിനയത്തിനായിരുന്നു. ജയറാം പ്രധാന കഥാപാത്രത്തിൽ എത്തി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലറിലും അനശ്വര ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ഉദാഹരണം സുജാതയാണെന്ന് പറയുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയുടെ സെറ്റിൽ എത്തിയപ്പോൾ തനിക്ക് അത്ഭുതമായിരുന്നെന്നും അനശ്വര മലയാള മനോരമയോട് പറയുന്നുണ്ട്.
‘കണ്ണൂരിലെ ചെറിയൊരു ഗ്രാമത്തിൽ നിന്നാണ് എൻ്റെ വരവ്. ഉദാഹരണം സുജാതയുടെ സെറ്റിൽ എത്തിയപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. ഇന്നും എന്റെ പ്രിയപ്പെട്ട സിനിമ അതുതന്നെയാണ്,’ അനശ്വര പറഞ്ഞു.
താൻ പെട്ടെന്ന് പ്രതികരിക്കുന്ന ഒരാളാണെന്നും സിനിമയിൽ വന്നതോടെ അത് മാറിയെന്നും പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചെന്നും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്. ‘വളരെ പെട്ടെന്ന് പ്രതികരിക്കുന്ന ആളായിരുന്നു ഞാൻ എന്നോടൊന്നും പറയേണ്ട എന്ന മട്ടിലാണ് പലപ്പോഴും കാര്യങ്ങളെ കണ്ടിരുന്നത്.
പക്ഷേ ഇപ്പോൾ അതു മാറി. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലെ കമന്റുകളും മറ്റും കാണുമ്പോൾ. പ്രതികരിക്കാതിരിക്കുന്നത് അവർ പറയുന്നത് ശരിയായതുകൊണ്ടല്ല അത്തരം കമന്റുകൾ പറയുന്നവർക്ക് അത്രയും വില നൽകിയാൽ മതി എന്നുള്ളത് കൊണ്ടാണ്. അതിനർത്ഥം എന്തും സഹിക്കും എന്നല്ല കേട്ടോ പ്രതികരിക്കേണ്ടിടത്തും മാത്രം പ്രതികരിച്ചാൽ പോരെ. പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സിനിമ സഹായിച്ചിട്ടുണ്ട്,’ അനശ്വര പറയുന്നു.
Content Highlight: Anaswara rajan about her Favorite movie