അബ്രഹാം ഓസ്ലർ ഇറങ്ങുന്നത് വരെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയാൻ പറ്റില്ലായിരുന്നെന്ന് നടി അനശ്വര രാജൻ. താൻ മുഴുവൻ സ്ക്രിപ്റ്റും വായിച്ചാണ് സിനിമ ചെയ്തതെന്നും അനശ്വര പറഞ്ഞു. കഥ എന്താണെന്നും സിനിമയിലെ ആർട്ടിസ്റ്റുകൾ ആരാണെന്നും തനിക്ക് അറിയാമായിരുന്നെന്ന് അനശ്വര പറയുന്നുണ്ട്.
എന്നാൽ സിനിമ റിലീസ് ചെയ്യുന്നത് വരെ തന്റെ കഥാപാത്രത്തിന്റെ പേര് പോലും പറയാൻ പറ്റില്ലായിരുന്നെന്നും അനശ്വര പറഞ്ഞു. താൻ ഇപ്പോഴാണ് കഥാപാത്രത്തെ പറ്റിയും സിനിമയെപ്പറ്റിയുമെല്ലാം സംസാരിച്ചു തുടങ്ങിയതെന്ന് അനശ്വര കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സ്ക്രിപ്റ്റ് വായിച്ചിട്ടാണ് വന്നത്. എനിക്ക് സിനിമയുടെ മൊത്തത്തിലുള്ള കഥയറിയാമായിരുന്നു. എല്ലാ ആർട്ടിസ്റ്റും ഇൻ ആയ ശേഷവും അറിയാമായിരുന്നു. എല്ലാം റിവീൽ ചെയ്യാൻ പറ്റില്ലായിരുന്നു. റിലീസിന് മുന്നേ ഇരിക്കുമ്പോൾ പോലും എനിക്കൊന്നും പറയാൻ പറ്റില്ല. ഫ്ലാഷ് ബാക്ക് ആണെന്ന് പറയാൻ പറ്റില്ല.
ഒന്നും പറയാൻ പറ്റില്ല. മെഡിക്കൽ വിദ്യാർത്ഥിയാണ് എന്ന് പറയും, തീർന്നു. ക്യാരക്ടറിന്റെ പേര് പോലും എനിക്ക് പറയാൻ പറ്റില്ല. ഇപ്പോഴാണ് നമ്മൾ റിവീൽ ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നമ്മളുടെ ക്യാരക്ടറിനെ പറ്റിയും സിനിമയെപ്പറ്റിയും എക്സ്പീരിയൻസും എല്ലാം സംസാരിച്ച് തുടങ്ങിയത് ഇപ്പോഴാണ്,’ അനശ്വര രാജൻ പറഞ്ഞു.
ജയറാമിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു മെഡിക്കൽ ത്രില്ലറാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ സുജ എന്ന കഥാപാത്രത്തെയാണ് അനശ്വര രാജൻ അഭിനയിച്ചത്. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ.
അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും അർജുൻ അശോകനും സൈജു കുറുപ്പും ജഗദീഷും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ജനുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Anaswara rajan about her character in abraham ozler