മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേരിലൂടെ തിയേറ്ററുകളിലും സോഷ്യൽ മീഡിയയിലും കയ്യടി നേടുകയാണ് അനശ്വര രാജൻ. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അത് അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പൊൻതൂവലായി മാറുകയാണ്.
ജീത്തു ജോസഫ് തന്നോട് കഥ പറയുമ്പോൾ തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത് തന്റെ കഥാപാത്രമാണെന്നും അനശ്വര പറഞ്ഞു. കഥാപാത്രത്തിന്റ മെന്റൽ സ്‌പേസിൽ നിന്നും പെർഫോം ചെയ്യുക എന്നത് ടാസ്ക് ആയിരുന്നെന്നും എന്നാൽ അത് താൻ നന്നായി ചെയ്‌തെന്നാണ് വിശ്വസിക്കുന്നതെന്നും അനശ്വര വാർത്താ സമ്മേളനത്തിൽ പറയുന്നുണ്ട്.
‘ജിത്തു സാർ എന്നോട് കഥ പറഞ്ഞപ്പോഴും എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യം എന്റെ കഥാപാത്രം തന്നെയാണ്. അങ്ങനെയൊരു ക്യാരക്ടറിന്റെ മെന്റൽ സ്പേസിൽ നിന്ന് അത് പെർഫോം ചെയ്യുക എന്നത് എനിക്ക് വലിയൊരു ചലഞ്ച് തന്നെ ആയിരുന്നു.
ഞാൻ ഇത് വരെ ചെയ്യാത്ത ഒരു ക്യാരക്ടർ ആണത്. മെയിൻ ടാസ്ക് എന്തെന്ന് വെച്ചാൽ ആ ഒരു ക്യാരക്ടറിനെ മെന്റൽ സ്പേസിൽ നിൽക്കുക എന്ന് തന്നെയായിരുന്നു. ഈ പടം മുഴുവൻ കഴിഞ്ഞപ്പോഴും എന്റെ ആക്ടിങ്ങിൽ ഞാൻ ഭയങ്കര സാറ്റിസ്‌ഫൈഡ് ആയിരുന്നു. ഒരു നടി എന്ന നിലയ്ക്ക് എന്റെ പെർഫോമൻസിൽ എനിക്ക് സംതൃപ്തി ഉണ്ടായിരുന്നു,’ അനശ്വര രാജൻ പറഞ്ഞു.
അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ റിലീസിന് മുമ്പ് നടന്ന പ്രൊമോഷൻ അഭിമുഖങ്ങളിലെല്ലാം ജീത്തു ജോസഫ് ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, നേര് ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണെന്ന്.
അതേസമയം പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.
Content Highlight: Anaswara rajan about her acting in neru movie