നേരിൽ ഞാൻ നേരിട്ട വെല്ലുവിളിയതാണ്; ഓസ്ലറിൽ ഞാൻ ഫ്ലാഷ് ബാക്കിൽ: അനശ്വര രാജൻ
Film News
നേരിൽ ഞാൻ നേരിട്ട വെല്ലുവിളിയതാണ്; ഓസ്ലറിൽ ഞാൻ ഫ്ലാഷ് ബാക്കിൽ: അനശ്വര രാജൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st January 2024, 12:45 pm

ചുരുങ്ങിയ കാലങ്ങൾ കൊണ്ട് വ്യത്യസ്തമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് അനശ്വര രാജൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലെ കാഴ്ചയില്ലാത്ത സാറ എന്ന കഥാപാത്രം അനശ്വരയുടെ കരിയറിലെ പൊൻതൂവലായി. നേരിന് ശേഷം ജയറാം നായകനായി മിഥുൻ മാനുവൽ സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലറിലും അനശ്വര അഭിനയിച്ചു. നേരിലേയും അബ്രഹാം ഓസ്‌ലറിലെയും തന്റെ കഥാപാത്രത്തിനെക്കുറിച്ച് മലയാള മനോരമയോട് സംസാരിക്കുകയാണ് അനശ്വര രാജൻ.

‘ഓസ്‌ലർ സിനിമയിൽ ഫ്ലാഷ് ബാക്കിലാണ് ഞാൻ ഉള്ളത്. അന്നത്തെ കാലത്തെ വസ്ത്രധാരണ രീതിയിൽ മുതൽ കഥാപാത്രത്തിന്റെ മാനറിസങ്ങൾ വരെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരു അധ്യാപകനെ പോലെ നിന്നാണ് പഠിപ്പിച്ചിരുന്നത്.

കാഴ്ച പരിമിതിയുള്ള ഒരാളെ അവതരിപ്പിക്കുക, അതും വളരെയേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നയാളെയാണ് അഭിനയിക്കേണ്ടത്. ‘നേരി’ൽ ഞാൻ നേരിട്ട വെല്ലുവിളി ഇതാണ്. കഥാപാത്രമാകാൻ ഏറെ തയ്യാറെടുപ്പുകൾ നടത്തി. സിനിമയിലെ കാഴ്ച പരിമിതരായ കഥാപാത്രങ്ങളെ കാണാൻ ശ്രമിക്കുന്നതിനു പകരം ജീവിതത്തിൽ കാഴ്ച പരിമിതിയുള്ളവരെ കണ്ടെത്താൻ ശ്രമിച്ചു. അവരുടെ അഭിമുഖങ്ങൾ കണ്ടു. മാനറിസങ്ങൾ പഠിച്ചു. കഥാപാത്രം കടന്നുപോയ അവസ്ഥ ചിന്തിക്കുമ്പോൾ ഞാനും അസ്വസ്ഥയായി,’ അനശ്വര രാജൻ പറയുന്നു.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. അബ്രഹാം ഓസ്ലറിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ഷെജീർ പി. ബഷീർ, ജോസഫ് മാത്യു, ശിവ ഹരിഹരൻ, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജനുവരി 11ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Content Highlight: Anaswara rajan about abraham ozler and neru movie