| Monday, 16th April 2018, 5:40 pm

സ്വന്തം ശരീരംപോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീകളോട് ആരോഗ്യത്തെക്കുറിച്ച് സംസാരിക്കേണ്ടിവരുമ്പോള്‍

അനശ്വര കൊരട്ടിസ്വരൂപം

സ്ത്രീകളുടെ ആരോഗ്യം ശരീരം എന്ന വിഷയം നമ്മുടെ ചർച്ചകളിൽ എപ്പോഴും കടന്നു വരുന്ന വിഷയമാണ്. അതിനെ കുറിച്ച് പുതിയതെന്ത് പറയണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെൻസ്ട്രുൾ കപ്പിന്റെ ഉപയോഗത്തെ കുറിച്ച് ഒരു കുറിപ്പ്  ഒരു ഓൺലൈൻ പോർട്ടലിൽ എഴുതി പ്രസിദ്ധീകരിച്ചത്. അതെ തുടർന്ന് ഇൻബോക്സിൽ വന്ന അന്വേഷണങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. ആ ഞെട്ടൽ ആണ് ഈ കുറിപ്പിന് ആധാരം.

ചാറ്റ് ബോക്സിൽ വന്ന ഒരു സംശയം ഇതായിരുന്നു, ഈ മെൻസ്ട്രുൾ കപ്പ് വച്ചാൽ മൂത്രം ഒഴിക്കുമ്പോൾ ഒക്കെ അത് ഊരി വയ്ക്കണ്ടേ – അപ്പൊ അത് ബുദ്ധിമുട്ടല്ലേ എന്നാണ്. ചോദിക്കുന്നത് 35 വയസുള്ള വിവാഹിതയായ സ്ത്രീ. ഈ സംശയം മറുപടി അർഹിക്കുന്നതാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു.

സ്ത്രീകളുടെ മൂത്രം ഒഴിക്കുന്ന ഭാഗവും( urethra) ആർത്തവ രക്തം വരുന്ന ഭാഗവും (Vagina) രണ്ടാണ് എന്ന് അറിയില്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോൾ, ആണോ- ഞാൻ ഇതുവരെ നോക്കിയിട്ടില്ല എന്ന് മറുപടി. കഴിഞ്ഞ 20 വർഷമായി ആർത്തവം വരുന്ന വഴി ഏതെന്നു പോലും ഒരു സ്ത്രീ തിരിച്ചറിഞ്ഞിട്ടില്ല!! (പ്രസവസമയത്ത് മാത്രമാണ് യോനിയിലൂടെ ആണ് പ്രസവിക്കുക എന്ന് തിരിച്ചറിഞ്ഞ ഒരു സ്ത്രീയെ നേരിട്ട് അറിയാവുന്നത് കൊണ്ട് ചോദ്യത്തിൽ അമ്പരപ്പ് തോന്നിയില്ല!!)

പക്ഷെ ചോദ്യകർത്താവ് ഒരു “സാധാരണ” സ്ത്രീ അല്ലായിരുന്നു എന്നത് എന്നെ ഞെട്ടിച്ചു. രാഷ്ട്രീയത്തിൽ, സാംസ്‌കാരിക രംഗത്ത് ഒക്കെ ധാരാളം ഇടപെടുന്ന സ്ത്രീ ആയിരുന്നു അവർ. പറഞ്ഞുവന്നത് ഇതാണ്, അത്തരത്തിൽ ധാരാളം വായിക്കുകയും എഴുതുകയും ഇടപെടുകയും ചെയ്യുന്ന സ്ത്രീകളിൽ പോലും സ്വന്തം ശരീരത്തെ കുറിച്ചുള്ള അറിവുകൾ അത്രമേൽ പരിമിതമാണ്.

അമ്മമാരിലൂടെ ആണ് അടുത്ത തലമുറ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് എന്നാണ് പൊതുബോധം പറഞ്ഞുവയ്ക്കുന്നത്. (ഇത് അമ്മമാരിൽ അടിച്ചേൽപ്പിക്കപ്പെട്ട നീതീകരണമില്ലാത്ത ചുമതലയാണ് എന്ന കൃത്യമായ ബോധ്യം ഉണ്ട്)

നമ്മുടെ സമൂഹത്തിൽ ഇന്നും വലിയൊരു വിഭാഗം പെൺകുട്ടികൾക്കും ആർത്തവത്തെ സംബന്ധിച്ച് പരിമിതമായ അറിവുകൾ ആണ് ലഭിക്കുന്നത്. കിട്ടുന്നതാകട്ടെ പകുതിയും അബദ്ധങ്ങൾ ആണുതാനും. ആർത്തവസമയത്ത് അച്ചാറുകൾ എടുക്കരുത് എന്നുതുടങ്ങി ആർത്തവ മണമുള്ള തുണികൾ തേടി പാമ്പുകൾ വരുമെന്നുവരെ നീളുന്ന അബദ്ധങ്ങൾ.

സ്‌കൂൾ വിദ്യാഭ്യാസത്തിൽ ആകട്ടെ, ഒമ്പതാം ക്ലാസിൽ ആണ് പ്രത്യുത്പാദനം എന്ന പാഠം തന്നെ വരുന്നത്( അത് ഒറ്റയ്ക്ക് വായിച്ചു മനസിലാക്കാൻ പറയുന്നവരാണ് ബഹുഭൂരിപക്ഷം അധ്യാപകരും). ആലപ്പുഴയിലെ സദാചാരകുടകൾ എന്ന വിഷയത്തിൽ സോമി സോളമൻ എഫ്ബിയിൽ കുറച്ചു ദിവസം മുൻപ് ഒരു കുറിപ്പെഴുതിയിരുന്നു. അതിൽ ആഫ്രിക്കയിൽ കുട്ടികൾക്കായി എഴുതിയിരിക്കുന്ന ജീവശാസ്ത്ര പുസ്തകത്തിലെ രണ്ടുപേജുകൾ ഷെയർ ചെയ്തിരുന്നു.

ചെറിയ കുട്ടികൾക്ക് വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്ന ഒന്നാണ് ഈ പുസ്തകം. സോമി തന്റെ പോസ്റ്റിൽ ചോദിച്ചിരിക്കുന്നത് പോലെ നമ്മുടെ കുട്ടികൾക്ക് എന്നാണ് ഇത്ര ലളിതമായി കാര്യങ്ങളെ വിശദീകരിക്കുന്ന ശാസ്ത്രീയമായ കുറിപ്പുകൾ ലഭ്യമാവുക?

സ്ത്രീകളുടെ ശരീരത്തെ ചുറ്റിപറ്റി ഒരുപാട് മിത്തുകൾ ആശങ്കകൾ മിഥ്യാ ധാരണകൾ ഒക്കെ കാലാകാലങ്ങൾ ആയി നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടെ. ആദിമകാലത്ത് എങ്ങിനെയാണ് സ്ത്രീ ഗർഭിണിയാകുന്നത് ആർത്തവം ഉണ്ടാകുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്നതിനാൽ ആർത്തവത്തെയും ഗർഭധാരണത്തെയും ദൈവീകമായ ഇടപെടലുകൾ ആയി കണക്കാക്കുകയും അവയുമായി ബന്ധപ്പെട്ട സാമൂഹിക നിയമങ്ങൾ നടപ്പിൽ വരികയും ചെയ്തു. കാലം കടന്നു പോകും തോറും പലതരത്തിലുള്ള സാമൂഹിക നിയമങ്ങൾ മാറിയിട്ടും ഇവ രണ്ടുമായും ബന്ധപ്പെട്ട അനാചാരങ്ങൾക്ക് വലിയ തോതിൽ ഉള്ള മാറ്റങ്ങൾ ഒന്നും ഉള്ളതായി കാണുന്നില്ല. 21 നൂറ്റാണ്ടിലും ആർത്തവ സമയത്തെ തീണ്ടലും ശുദ്ധവും അതേപോലെ കൊണ്ട് നടക്കുന്ന കുടുംബങ്ങൾ അനവധിയാണ്. സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ഭാഗമായി, അതിനെ മുറുകെ പിടിക്കുന്നു എന്നതായിരിക്കും കൂടുതൽ നല്ല വിശദീകരണം.

ഇതിനെ തുടർന്ന് ഉണ്ടായ ഒരു അപകടം ഇതാണ്- സ്ത്രീയുടെ ശാരീരിക പ്രക്രിയകളെ സംബന്ധിച്ച്- അവയുടെ ജൈവധർമ്മങ്ങളെ കുറിച്ച്- ശാരീരിക ഘടനയെ കുറിച്ച് സംസാരിക്കുന്നതോ സംശയങ്ങൾ ചോദിക്കുന്നതോ അശ്ലീലമായി കണക്കാക്കപ്പെട്ടു.

ആദ്യമായി ആർത്തവം ആകുന്ന സമയത്ത് മാത്രമാണ് ഇത് എന്താണ് എന്നും എന്തിനു വേണ്ടിയാണ് എന്നും ഭൂരിപക്ഷം പെൺകുട്ടികളും അറിയുന്നത് തന്നെ. ചോര വരുന്നത് കണ്ടു ഞാൻ മരിച്ചു പോവുകയാണ് എന്ന് ഭയപ്പെട്ട ആദ്യ ആർത്തവ ഓർമകൾ നമ്മളിൽ പലർക്കും ഉണ്ടാകും. എന്തുകൊണ്ടാണ് തന്റെ ശരീരത്തിൽ ഉണ്ടാക്കാൻ പോകുന്ന ജൈവീകമായ ഒരു മാറ്റത്തെ കുറിച്ച് ശാസ്ത്രീയമായ അറിവ് നമ്മുടെ പെൺകുട്ടികൾക്ക് അന്യമാകുന്നത്?

ശിവശങ്കരിയുടെ പാലങ്ങൾ (അതോ പാളങ്ങളോ ) എന്ന തമിഴ് നോവൽ മൂന്നു തലമുറയിലെ സ്ത്രീകളെ കുറിച്ച് പറയുന്നു. അതിൽ മൂന്നാം തലമുറയിലെ പെൺകുട്ടിയുടെ ബാഗിൽ ആർത്തവ പാഡുകൾ കാണുന്ന “അമ്മ ആശ്ചര്യപ്പെടുന്നു. എന്നാലും നീ എന്നോട് പറഞ്ഞില്ലല്ലോ എന്ന് പറയുന്നു. ഓ അമ്മാ ഇതൊരു സാധാരണ പ്രക്രിയയാണ് കൊട്ടിഘോഷിക്കാൻ എന്താ ഇതിൽ ഉള്ളത് എന്ന് പറയുന്നു. ഈ പുസ്തകം ഇറങ്ങിയത് 1980 കളിലോ 70 കളിലോ ആണ്. അവിടെ നിന്നും ആർത്തവത്തെ ആഘോഷിക്കണം എന്ന് പറയാൻ നമുക്ക് 2017 ആകേണ്ടി വന്നിരിക്കുന്നു. 70 കളിൽ നിന്നും നമ്മൾ എത്ര പുറകോട്ടാണ് ഈ സഞ്ചരിച്ചു തീർക്കുന്നത്?

രണ്ടാമതായി ഞാൻ നേരിട്ട ഏറ്റവും വലിയ ചോദ്യം കന്യാചർമവുമായി ബന്ധപ്പെട്ടുള്ളതാണ്. പുരുഷാധിപത്യ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യമാണെന്ന് തെളിയിക്കുന്ന ഒന്നാണ് കന്യാചർമ്മത്തിനു നൽകപ്പെടുന്ന അമിതപ്രാധാന്യം. എപ്പോൾ വേണമെങ്കിലും പൊട്ടിപോകാവുന്ന-ആദ്യലൈംഗിക ബന്ധത്തിൽ തന്നെ പൊട്ടിപ്പോകും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു പാടപോലുള്ള ഒന്നിനെ സംരക്ഷിക്കാനുള്ള തത്രപ്പാടിൽ “അയ്യോ മെൻസ്ട്രൽ കപ്പ് ഒന്നും ഉപയോഗിക്കരുത്- കന്യാചർമ്മം പൊട്ടിപോയാൽ പിന്നെ എന്തൊക്കെ കോംപ്ലിക്കേഷൻസ് വരുമെന്നാണ് കരുതുന്നത്” എന്നൊക്കെയാണ് വാദങ്ങൾ.

ഇൻബോക്സിൽ വന്ന ചോദ്യങ്ങളും അത്തരത്തിൽ ആയിരുന്നു. ഇത് വച്ചാൽ കന്യാചർമ്മം പൊട്ടുമോ? അതുവരെ കന്യാചർമ്മം പൊട്ടാതെ ഉണ്ട് എന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? എന്ന മറു ചോദ്യത്തിനു മറുപടികൾ ഉണ്ടായിരുന്നില്ല.

സാനിറ്ററി പാടുകളുടെ നിരന്തര ഉപയോഗം കാൻസർ വരെ ഉണ്ടാക്കാവുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്നതിലും ആളുകളുടെ വേവലാതി കന്യാചർമ്മം നഷ്ടപ്പെടുമോ എന്നും അതിലൂടെ ഭാവിയിൽ വിവാഹ ജീവിതത്തിനു എന്തെങ്കിലും സംഭവിക്കുമോ എന്നും ആയിരുന്നു.

വിർജിൻ ആയിരിക്കുക എന്നത് ഒലീവ് ഓയലിനു മാത്രം വേണ്ട ഗുണമാണ്, സ്ത്രീ എന്ന നിലയിൽ അത് നിങ്ങൾക്ക് ഒരു തരത്തിലും ഉള്ള ഗുണവും അധികമായി ചാർത്തിത്തരുന്നില്ല എന്നത് ഒരു പ്രസായ വാചകത്തിനപ്പുറം ശക്തമായ ഒരു നിലപാട് കൂടിയാണ്. കന്യക ആയിരിക്കുക എന്നത് പുരുഷാധിപത്യ സമൂഹത്തിൽ പെണ്ണിന് വിലകൂട്ടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെയാണ് ആലപ്പുഴയിലെ സദാചാരനോട്ടങ്ങൾ അത്രമേൽ സമൂഹത്തിനു സ്വീകാര്യമാകുന്നത്.

ആരും ചുംബിക്കാത്ത പൂവിനെ ആണ് നമ്മുടെ സാഹിത്യലോകം എപ്പോഴും അഭിമതമാണെന്ന പോൽ മുന്നോട്ടു വയ്ക്കുന്നത്. അന്ഗനെയാണ് ക്രൂരമായ ബലാൽസംഗങ്ങൾ “മാന”ഭംഗം ആകുന്നതും ആക്രമണത്തിന് വിധേയയാകുന്ന പെണ്ണ് അനഭിമതയാകുന്നതും.

ഈ രണ്ടു സംഭവങ്ങളും വിരൽ ചൂണ്ടുന്ന ഒരു ബിന്ദുവുണ്ട്. സ്ത്രീകൾ അവരുടെ ശരീരത്തെ കുറിച്ച് തീർത്തും അജ്ഞരാണ്. തന്റെ ശരീരഭാഗങ്ങൾ ഏതൊക്കെ എന്ന് അറിയാവുന്നവർ ന്യൂനപക്ഷമാണ്. .ഇതിനെതാണ് പരിഹാരം?

നമ്മുടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലൈംഗിക വിദ്യാഭ്യാസം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ്സിൽ ഏതെങ്കിലും ഒരു തവണയല്ല അത് നടത്തേണ്ടത്. നിരന്തരമായി കുട്ടികൾക്ക് ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം നടത്തേണ്ടത് അത്യാവശ്യമാണ്. ചെറിയ ക്ലാസുമുതൽ അത് തുടങ്ങണം. കുറഞ്ഞത് മൂന്നാം ക്ലാസ് മുതലെങ്കിലും കുട്ടികൾക്ക് ശരീരത്തെ കുറിച്ചും അതിന്റെ ഘടനാ വ്യതിയാനങ്ങളെ കുറിച്ചും കൃത്യമായ അറിവ് നൽകേണ്ടത് പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പാക്കണം.

ഓരോ കാലഘട്ടത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൃത്യമായ കൗൺസിലിംഗും അവബോധന ക്ലാസ്സുകളും നടത്തണം. അവർക്കു സംശയങ്ങൾ തുറന്നു ചോദിയ്ക്കാൻ ഉള്ള അവസരം വേണം. അതിനുള്ള തുറന്ന ഇടങ്ങൾ ആയി സ്‌കൂളുകൾ മാറണം. ആർത്തവം എന്ന് കേട്ടാൽ അയ്യോ എന്റെ വിഷയമേ അല്ല എന്ന് പറഞ്ഞു മാറിപോകുന്ന അധ്യാപകനും സാരികൊണ്ടു വായപൊത്തി ചിരിക്കുന്ന അധ്യാപികയും മാറണം.

സ്‌കൂളുകൾ എന്നാൽ കണക്കും സയൻസും ഭാഷയും പഠിപ്പിക്കുന്ന സ്ഥലങ്ങൾ എന്നതിൽ ഉപരിയായി കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്ന കേന്ദ്രങ്ങൾ ആയിമാറണം.

സർക്കാർ ചെയ്യണ്ടേ മറ്റൊന്നുകൂടിയുണ്ട്. കുട്ടികൾക്കൊപ്പം തന്നെ മുതിർന്നവർക്കും ഇത്തരം ക്ലാഅനുകൾ ആവിശ്യമാണ് എന്ന് തിരിച്ചറിഞ്ഞു അവ നടപ്പാക്കാൻ ഉള്ള അവസരം ഉണ്ടാക്കണം.

കഴിഞ്ഞ വർഷം യൂട്യൂബിൽ Durex & Y-Films എന്ന നിർമാണ കമ്പനി Sex Chat with Pappu & Papa എന്ന പേരിൽ ഒരു 5 എപ്പിസോഡ് വീഡിയോ ചെയ്തിരുന്നു. കൊച്ചുകുട്ടികൾക്ക് ആർത്തവം ഗർഭധാരണം ഗേ ലെസ്ബിയൻ ബന്ധങ്ങൾ സ്വയംഭോഗം എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകാൻ മുതിർന്നവരെ കൂടെ സഹായിക്കുന്ന തരത്തിൽ ആയിരുന്നു ഈ എപ്പിസോഡുകൾ അവർ രൂപകൽപ്പന ചെയ്തിരുന്നത്.

എന്നാൽ മധ്യവർഗത്തിനോ അതിലും മുകളിൽ സാമ്പത്തികശേഷിയുള്ള ഒരു സമൂഹത്തിനോ മാത്രമാണ് ഇത്തരം വിവരങ്ങൾ പ്രാപ്യമാകുന്നത് എന്ന വസ്തുത വിസ്മരിക്കരുത്. എന്നാൽ അതിനും താഴ്ന്ന സാമ്പത്തിക ഘടനയിലും സാമൂഹികസ്ഥിതിയിലും ഉള്ള വലിയ വിഭാഗം ജനതയും ഈ വൃത്തങ്ങൾക്ക് പുറത്തുതന്നെയാണ്. ഇവരിലേക്ക് നാം എങ്ങിനെയാണ് എത്തിച്ചേരുക?

സ്ത്രീകളോട് ഒരു വാക്ക്, കണ്ണും കയ്യും തലും പോലെ ഉള്ള അവയവമാണ് യോനി എന്നും ശരീരത്തിന്റെ പല ധർമ്മങ്ങളും നിർവഹിക്കുന്ന ആ ശരീരഭാഗം ശുചിയാക്കണം എന്നും, മൂത്രനാളിയല്ല ആർത്തവരക്തത്തെ പുറംതള്ളുന്നത് എന്നും കന്യാചർമ്മമല്ല വിവാഹിതയാകാനുള്ള നിങ്ങളുടെ ഗുണത്തെ നിർണയിക്കുന്നത് എന്നുമെങ്കിലും കുറഞ്ഞപക്ഷം നമ്മൾ അറിഞ്ഞിരിയ്ക്കണം. അത് നമ്മുടെ അവകാശമാണ്- കടമയും!

അനശ്വര കൊരട്ടിസ്വരൂപം

Content Manager, Eram Infotech

We use cookies to give you the best possible experience. Learn more