വിജയ് മോഹനും സാറയും നേരിലൂടെ പ്രേക്ഷക മനസ് കീഴടക്കി മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണ്. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സാറയെ അവതരിപ്പിച്ചത് അനശ്വരയാണ്. ചിത്രത്തിൽ അന്ധയായ കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്.
താൻ സാറയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ. അന്ധരായ ആളുകളുടെ അഭിമുഖങ്ങൾ കണ്ടിട്ടാണ് താൻ അവരിൽ ഒരാളായ സാറയെ അവതരിപ്പിച്ചതെന്നും അനശ്വര രാജൻ പറഞ്ഞു. പിന്നീട് അവരെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും അന്ധരായിട്ടുള്ള ആളുകൾ കണ്ണിലേക്ക് നോക്കിയാണ് സംസാരിക്കുന്നതെന്നും അനശ്വര പറഞ്ഞു. അതെല്ലാം നിരീക്ഷിച്ചപ്പോൾ അത്ഭുതം തോന്നിയെന്ന് ജിഞ്ചർ മീഡിയയോട് അനശ്വര രാജൻ പറഞ്ഞു.
‘ഇന്റർവ്യൂസ് കണ്ടു. ജന്മനാ അന്ധരായ ആളുകളുടെ അഭിമുഖങ്ങൾ കണ്ടു. അവരെ കുറച്ചുകൂടി നിരീക്ഷിക്കാൻ തുടങ്ങി. സാധാരണ സിനിമയിൽ ബ്ലൈൻഡ് ആയിട്ടുള്ള ആളുകളെ കാണുന്നതിനേക്കാൾ അവർ നേരെ നോക്കിയാണ് സംസാരിക്കുക. അവർ കണ്ണിലേക്ക് നോക്കിയിട്ടാണ് സംസാരിക്കുക.
അവർക്ക് മനസ്സിലാകും നമ്മൾ എവിടെയാണ് ഇരിക്കുന്നത്, എന്താ പറയുന്നത് എന്നെല്ലാം. ഒരു ബ്ലൈൻഡ് അല്ലാത്ത ആൾ സംസാരിക്കുന്ന രീതിയിൽ കണ്ണിലേക്ക് നോക്കിയിട്ടാണ് അവർ സംസാരിക്കുക. അതൊക്കെ നിരീക്ഷിച്ചപ്പോൾ എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. അവർക്ക് അത്രയും കേൾവി ശക്തിയുണ്ട്. അങ്ങനെയൊക്കെ നോക്കി എന്റെ രീതിയിൽ ഹോംവർക്ക് ചെയ്തിട്ടാണ് സെറ്റിലേക്ക് പോകുന്നത്,’ അനശ്വര രാജൻ പറഞ്ഞു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജന്റെ സാറ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടിയിട്ടുണ്ട്. അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം പ്രിയ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.
Content Highlight: Anaswara about how she played as a blind character in neru movie