കോഴിക്കോട്: ഫുട്‌ബോളില്‍ ഉന്നതങ്ങളില്‍ എത്തിയവരിലധികവും ജീവിതത്തില്‍ സാമ്പത്തികമായി ഏറ്റവും പിറകില്‍ നില്‍ക്കുന്നവരും ചെറുപ്പത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവരുമാണ്. കേരളത്തിന്റെ ഐ.എം വിജയന്‍ മുതല്‍ ബെല്‍ജിയത്തിന്റെ റുമേലു ലുക്കാകു വരെ ജീവിതത്തോട് പടപൊരുതിയാണ് സ്വന്തം പാത വെട്ടിത്തെളിച്ചതും ലോകമറിയുന്ന താരമായി മാറിയതും.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ നമ്പര്‍ വണ്‍ പ്രതിരോധതാരവും മലയാളികളുടെ അഭിമാനവുമായ അനസ് എടത്തൊടിക എന്ന താരവും ജീവതത്തോട് പടവെട്ടിയാണ് കടന്നുവന്നത്. ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2016 -17 വര്‍ഷത്തെ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനര്‍ഹനായ ഇന്ത്യന്‍ സെന്റര്‍ ബാക്ക് അനസ് എടത്തൊടിക നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലപ്പുറം മേല്‍മുറി അധികാരത്തൊടിയില്‍ സോഷ്യല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സിന്റെ ഓഫീസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു താരം മനസ്സ് തുറന്നത്.
“”എന്റെ ബ്രദര്‍ കാന്‍സര്‍ ഡിസീസിലാണ് മരണപ്പെട്ടത്… അന്ന് എന്റെ ലൈഫില്‍ തീര്‍ച്ചയായിട്ടും പണമില്ലാത്ത ഒരു കാലമുണ്ടായിരുന്നു.. ഇപ്പോള്‍ എന്റെ ഉമ്മയും കാന്‍സര്‍ രോഗിയാണ്… ഒരുപാട് പേര്‍ കാശില്ലാതെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്…ഒരു കീമോ ഇഞ്ചക്ഷന് 2500 രൂപയാണ്. അത് ഇല്ലാത്തത് കൊണ്ട് മെഡിക്കല്‍ കൊളേജിന്റെ മുന്നില്‍ നൂറ് രൂപയ്ക്ക് വേണ്ടി നടക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ പരിപാടിക്ക് എല്ലാവിധ ആശംസകളുമായി ഞാന്‍ നിര്‍ത്തുന്നു..”” ഇടറുന്ന ശബ്ദത്തില്‍ കണ്ണുനീര്‍ മറച്ചുവയ്ക്കാതെ അനസ് പറഞ്ഞു.
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ കാന്‍സര്‍ ചികിത്സിക്കാന്‍ പണമുണ്ടായിരുന്നില്ല എന്ന് പറയുന്ന അനസ് നിര്‍ത്തുന്നത് അതേ അസുഖം ഉമ്മാക്ക് ഉണ്ടെങ്കിലും ഇപ്പോള്‍ തന്നെക്കൊണ്ട് ചികില്‍സിക്കാന്‍ കഴിവുണ്ടെന്ന അഭിമാനത്തോടെയാണ്.
ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയിലും മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ ആരവമുയര്‍ത്തിയ അനസ് 2011ല്‍ പുണെ എഫ്.സിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് പ്രവേശിക്കുന്നത്. 2013 ല്‍ ക്ലബ്ബിന്റെ നായകസ്ഥാനത്തു നിന്നും അനസ് പടിയിറങ്ങിയത് എക്കാലത്തെയും പ്രിയപ്പെട്ട ഡിഫണ്ടര്‍മാരിലൊരാളായ റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ടീമിനായി ബൂട്ടണിയാനായിരുന്നു.