ന്യൂദല്‍ഹി: ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച അനസ് എടത്തൊടിക തിരിച്ചുവരുന്നു. ഈ വര്‍ഷത്തെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനായുള്ള ഇന്ത്യയുടെ സാധ്യതാ ടീം പ്രഖ്യാപിച്ചതോടെയാണ് അനസിന്റെ മടങ്ങി വരവ് ഉറപ്പായത്. പരിശീലകന്‍ സ്റ്റിമാചാണ് സാധ്യത ടീമിനെ പ്രഖ്യാപിച്ചത്.
35 അംഗ സാധ്യതാ ടീമില്‍ നാലു മലയാളികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നാലു മലയാളികളും അവസാന 23 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ളവരാണ്.
വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അനസ്, ഏഷ്യാ കപ്പിലെ ബഹ്‌റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു അനസിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
അനസിന്റെ വിരമിക്കലോടെ ദേശീയ ടീമില്‍ ജിങ്കന്‍ കൂട്ടായി ഒരു മികച്ച സെന്റര്‍ ബാക്കിന്റെ കുറവ് വന്ന ടീമിന് താരത്തിന്റെ തിരിച്ചു വരവ് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. പരിശീലകന്‍ സ്റ്റിമാചിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് അനസ് വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്.
അനസിനെ കൂടാതെ ആഷിഖും ഒരു ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ എത്തുന്നത്. പരിക്ക് കാരണം അവസാന മാസങ്ങളില്‍ വിശ്രമത്തിലായിരുന്നു ആഷിഖ്. സഹല്‍ അബ്ദുല്‍ സമദിന് കിംഗ്‌സ് കപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ടീമിലേക്ക് ഒരിക്കല്‍ കൂടെ അവസരം നേടിക്കൊടുത്തത്. കഴിഞ്ഞ തവണ സാധ്യതാ ടീമില്‍ ഉണ്ടായിരുന്ന ജോബി ഇത്തവണ അവസാന 23ല്‍ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാന്‍, സിറിയ, കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. ജൂലൈ 7ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 18വരെ നീണ്ടു നില്‍ക്കും. ജൂണ്‍ 25നാണ് ഇന്ത്യന്‍ ക്യാമ്പ് തുടങ്ങുക.