ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണ്. മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ വാക്കുകളിലൂന്നി പറഞ്ഞാല്‍ ‘ഉറങ്ങുന്ന ഭീമന്‍ ഉണരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുംഭകര്‍ണന്‍ തോറ്റു പോകുന്ന ഉറക്കത്തിലേക്ക് കാലങ്ങളായി ആണ്ടു പോയ ഇന്ത്യയുടെ കാല്‍പ്പന്തു കളി സംസ്‌ക്കാരത്തെ ഉണര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ പലരാണ്. കോച്ചുമാരും കളിക്കാരും ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങളും അടങ്ങുന്ന ഒരു വലിയ സംഘത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇന്നു കാണുന്ന പുരോഗതിയിലേക്ക് ടീം എത്തിയത്.
ഐ.എസ്.എല്ലിന്റെ വരവോടെ ഇന്ത്യയിലെ യുവപ്രതിഭകളെ ഉയര്‍ത്തി കൊണ്ടു വരാന്‍ മറ്റൊരു വേദി കൂടിയായതോടെ വളര്‍ച്ചാനിരക്ക് വര്‍ധിച്ചു. തദ്ഫലമായി ചരിത്രത്തില്‍ തന്നെ ആദ്യമായി ലോക റാങ്കിങ്ങില്‍ രണ്ടക്ക സംഖ്യക്ക് കീഴെ വരാന്‍ നമുക്ക് സാധിച്ചു.
ടീമിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ മുന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനായെങ്കിലും വിരസമായ കളി രീതിയും മികച്ച യുവതാരങ്ങളെ മുഖവിലക്കെടുക്കാനുള്ള മടിയും തനിക്ക് പ്രിയപ്പെട്ടവര്‍ കാലങ്ങളോളം ഫോം ഔട്ടായാലും ടീമില്‍ നിന്നു പുറത്താക്കാത്തതുമെല്ലാം അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്നതില്‍ നിന്നു അസോസിയേഷനെ വിലക്കി. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ അതൃപ്തരായിരുന്നു.
അങ്ങനെയാണ് ഏഷ്യന്‍ കപ്പിന് ശേഷം രാജി വച്ച അദ്ദേഹത്തിനു പകരം ക്രോയേഷ്യയുടെ 1996 ലോകകപ്പ് താരം ഇഗോര്‍ സ്ടിമാച്ചിന് നറുക്ക് വീഴുന്നത്. ദീര്‍ഘകാലം ബാംഗ്ലൂര്‍ എഫ്.സി യുടെ കോച്ചായി നിരവധി കിരീടങ്ങള്‍ നേടിയ, അതിലുപരി ഇന്ത്യന്‍ താരങ്ങളോട് നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ആല്‍ബര്‍ട്ട് റോക്കയെയും മറികടന്നു ഇന്ത്യന്‍ ഫുട്‌ബോളിനെ സ്ടിമാച്ചിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ അസോസിയേഷന്‍ തുനിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വൈഭവം എന്താണെന്നു വ്യക്തമായിരുന്നു. 96 ലോകകപ്പില്‍ ക്രോയേഷ്യയെ സെമി വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
കോണ്‍സ്റ്റന്റൈനിന്റെ ടീമില്‍ ഉടുമ്പിനെ പോലെ പിടിച്ചു കിടന്നിരുന്ന സുമീത് പാസ്സിയെ പോലെയുള്ളവര്‍ക്ക് സ്ഥാനം ടീമിനു പുറത്തായി. യുവപ്രതീക്ഷകളായ സഹലിനെയും ജോബിയെയും പോലെയുള്ളവര്‍ക്ക് ആദ്യമായി ടീമിലിടവും ലഭിച്ചു.
ആദ്യ കളി തോറ്റാണ് തുടങ്ങിയതെങ്കിലും ആ കളിയിലുള്‍പ്പെടെ മാറ്റത്തിന്റെ സൂചനയുണ്ടായിരുന്നു. സ്ടിമാച്ചിന് പരിഹരിക്കാന്‍ ഉണ്ടായിരുന്ന നൂറായിരം പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിച്ചത് സെന്‍ട്രല്‍ ഡിഫെന്‍സില്‍ അനസിന്റെ വിരമിക്കല്‍ ഉണ്ടാക്കിയ ശൂന്യത നികത്തുക എന്നതായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ജിങ്കന് പറ്റിയൊരു കൂട്ടാളിയെ കണ്ടുപിടിക്കണമെന്നതായിരുന്നു. റൈറ്റ് ബാക്ക് ആയി കളിക്കുന്ന രാഹുല്‍ ഭേകെയെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു പരീക്ഷണത്തിന് മുതിരുകയായിരുന്നു സ്ടിമാച്ച് ആദ്യം ചെയ്തത്. എന്നാല്‍ അതു അമ്പേ പാളി.
ഫുള്‍ ബാക്ക് കളിച്ചു മാത്രം ശീലിച്ച ഭേകെ പലപ്പോഴും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം മറന്നു കയറി കളിച്ചപ്പോള്‍ ഉണ്ടായ വിടവിലൂടെ എതിരാളികള്‍ തുരുതുരാ ആക്രമണം അഴിച്ചുവിട്ടു. അതോടെ ജിങ്കന് ഇരട്ടിപ്പണിയായി. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡറായ ആദില്‍ ഖാനെയും മുന്‍പ് സെന്‍ട്രല്‍ ഡിഫെന്‍ഡറായിരുന്ന നാരായണ്‍ ദാസിനെയുമെല്ലാം പരീക്ഷിക്കാന്‍ സ്ടിമാച്ചിനാവസരമുണ്ടായെങ്കിലും അതൊന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, ഭാവിയിലേക്ക് ഒരു മുതല്‍ക്കൂട്ടാകില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ അനസില്‍ തന്നെ തിരികെയെത്തിച്ചു. അതോടെ ജിങ്കന്‍ അനസ് ദ്വയത്തിന്റെ പുനഃസമാഗമം കൂടെയായി അത്.
ഒരു മികച്ച പ്രതിരോധനിര താരത്തിന്, പ്രത്യേകിച്ച് സെന്റര്‍ ബാക്ക് സ്ഥാനത്ത് കളിക്കുന്നവര്‍ക്ക് വേഗതയേക്കാളും ചുറുചുറുക്കിനേക്കാളുമുപരി പരിചയസമ്പത്താണാവശ്യം എന്ന വസ്തുത നിലനില്‍ക്കെ സ്ടിമാച്ചിന്റെ ഈ തീരുമാനം തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്നു. ലോകത്തെ മികച്ച പ്രതിരോധനിരക്കാരായി ഇന്നും ഫുട്‌ബോള്‍ അടക്കി ഭരിക്കുന്ന ചെല്ലീനിയും റാമോസും പികെയുമെല്ലാം 30 വയസ് പിന്നിട്ടവരാണെന്നിരിക്കെ അനസിനും ഇന്ത്യന്‍ ദേശീയ ടീമില്‍ ഇനിയുമൊരങ്കത്തിനല്ല, ഒരുപാട് അംഗങ്ങള്‍ക്ക് ബാല്യം ശേഷിക്കുന്നു.
കേവലം 19 കളികള്‍ മാത്രം ആ നീലക്കുപ്പായത്തില്‍ കളിച്ച ഈ കൊണ്ടോട്ടിക്കാരന് ഇനിയും സ്വന്തം രാജ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിടരും മുന്‍പേ കൊഴിഞ്ഞു പോകാനുള്ളതല്ല അദ്ദേഹത്തിന്റെ കളിമികവ്. അത് ക്ലബ് തലത്തില്‍ മാത്രം തളച്ചിടേണ്ടതുമല്ല. മറിച്ച് ഇന്ത്യയുടെ പ്രതിരോധ നിര ഇരുമ്പുകോട്ട കെട്ടി കാക്കാന്‍ ജിങ്കനോടൊപ്പം അനസുമുണ്ടെങ്കില്‍ ഗുര്‍പ്രീതിനു കാര്യങ്ങള്‍ കുറച്ചു കൂടെ എളുപ്പമാകും.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ പുലര്‍ത്തുന്ന അതേ വ്യഗ്രതയോടെ ഇന്ത്യന്‍ ഗോള്‍ മുഖത്തെ സംരക്ഷിച്ചു പിടിക്കാന്‍ അനസ് ഉണ്ടാകുമ്പോള്‍ മധ്യനിരയിലെ സഹലുമാര്‍ക്കും ആക്രമണനിരയിലെ ഛേത്രിമാര്‍ക്കും അതൊരു ധൈര്യമാണ്. തങ്ങള്‍ സര്‍വ്വം മറന്നു ആക്രമിച്ചു കയറുമ്പോള്‍ തിരിച്ചുവിടുന്നിങ്ങോട്ട് ഒരു പ്രത്യാക്രമണം തിരിച്ചുവന്നാലും മനോധൈര്യം കൈവിടാതെ അവയുടെ മുനയൊടിക്കാന്‍ ചങ്കുറപ്പുള്ളവര്‍ പ്രതിരോധനിരയിലുണ്ടെന്ന്.
പുതിയ കോച്ചിന്റെ വരവോടെ ടീമിനു ലഭിച്ച പുത്തനുണര്‍വ്വും ഉത്സാഹവും കണ്ടിട്ട് അതിന്റെ ഭാഗമാകാന്‍ അനസും ആഗ്രഹിച്ചിരുന്നിരിക്കണം. അതിനു പാകത്തിന് കോച്ചിന്റെ വിളി കൂടെ വന്നതോടെ മറ്റൊന്നും ചിന്തിക്കാതെ അനസ് ആ നീല ജേര്‍സി വീണ്ടും അണിയാന്‍ തയ്യാറാവുകയാണ്.
അര്ജന്റീനക്കാര്‍ക്ക് മെസ്സി വിരമിക്കല്‍ പിന്‍വലിച്ചു തിരിച്ചു വന്നത് എത്രത്തോളം ആനന്ദം നല്‍കിയോ അത്രത്തോളം തന്നെ ആനന്ദം നല്‍കുന്നുണ്ട് അനസിന്റെ മടങ്ങിവരവ് ഇന്ത്യന്‍ ആരാധകര്‍ക്ക്. അത്രയേറെ ആഗ്രഹിക്കുന്നുണ്ട്, ആവശ്യപ്പെടുന്നുണ്ട് ഇന്ത്യയുടെ പ്രതിരോധം അനസിനെ.