കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ ആറാം സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തിയ കാര്യമായിരുന്നു സൂപ്പര്‍ താരങ്ങള്‍ കളം വിടുന്നു എന്നത്. ബെര്‍ബയും കളിക്കിടെ കളമൊഴിഞ്ഞ സിഫ്‌നിയോസിനും പിന്നാലെ ഇന്ത്യന്‍ യുവതാരങ്ങളും സി.കെ വിനീതും ടീം വിടുകയാണെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു.
എന്നാല്‍ ഏറ്റവുമൊടുവില്‍ ഐ.എസ്.എല്‍ ക്യാമ്പുകളില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. സി.കെ പോയാലും മഞ്ഞപ്പടയെ നയിക്കാന്‍ മറ്റൊരു മലയാളി സൂപ്പര്‍ താരം ബ്ലാസ്റ്റേ്‌സിലെത്തുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഏറ്റവും വിലയേറിയ താരമായ അനസ് എടത്തൊടികയെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് നീക്കങ്ങള്‍ തുടങ്ങിയത്.
അനസുമായി ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ജെംഷദ്പൂര്‍ എഫ്.സിയുടെ താരമാണ് അനസ്. എന്നാല്‍ പരിക്കുമൂലം താരത്തിന് ഐ.എസ്.എല്ലില്‍ പലപ്പോഴും കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയാന്‍ അനസ് താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ മികച്ച പ്രതിരോധ ഭടനായ അനസ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെത്തിച്ചാല്‍ അത് ടീമിന്റെ പ്രതിരോധത്തെ കൂടുതല്‍ ശക്തമാക്കും.
അനസിനെ കൂടാതെ മലയാളി താരങ്ങളായ അബ്ദുല്‍ ഹാക്കുവുവിനേയും സക്കീര്‍ എം.പിയെയും ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയിലെത്തിച്ചിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സ് നിരയില്‍ അടുത്ത സീസണുകളില്‍ മലയാളി സാന്നിധ്യം കൂടുമെന്ന് ഉറപ്പായി.