കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ കിട്ടേണ്ട ഗവണ്‍മെന്റ് ജോലി നേരത്തെ അപേക്ഷ അയക്കാത്തതുകൊണ്ടാണ് ലഭിക്കാത്തതെന്ന
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ വാദത്തിനെതിരെ മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ താരം അനസ് എടത്തൊടിക.
സര്‍ക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് തെറ്റ് മനസിലാക്കി അത് തിരുത്താനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം തങ്ങളെ കുറ്റപ്പെടുത്താന്‍ മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അനസ് പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളര്‍ റിനോ ആന്റോയെയും ടാഗ് ചെയ്ത് കൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അനസ് എടത്തൊടിക ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
നിലവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിക്കെതിരെയാണ് ഇരു താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്. എത്ര നാള്‍ മിണ്ടാതിരിക്കുമെന്നും എന്നെങ്കിലും ചോദ്യങ്ങള്‍ ചോദിക്കണമല്ലോയെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ അനസ് ചോദിക്കുന്നു.
അപേക്ഷ അയക്കാന്‍ വിരമിക്കുന്നത് വരെ കാത്തുനിന്നതാണ് ജോലി കിട്ടുന്നതിന് തടസമായതെന്നും കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അപേക്ഷ അയച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ ജോലി കിട്ടുമായിരുന്നെന്നും സ്‌പോര്‍ട്‌സ് പ്രസിഡന്റ് ആരോപിച്ചതായി അനസ് പറഞ്ഞു. എന്നാല്‍ 2015 മുതല്‍ 2019 കാലയളവിലുള്ള കായിക താരങ്ങളുടെ അപേക്ഷയാണ് 2020ല്‍ ഗവണ്‍മെന്റ് വിളിച്ചതെന്നും അതിലേക്ക് തങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും അനസ് ചൂണ്ടിക്കാട്ടി. അതിനിടയിലുള്ള കാലയളവില്‍ ഗവണ്‍മെന്റ് അപേക്ഷ ക്ഷണിക്കാതെ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും അനസ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിച്ചു.
ഇന്ത്യയിലെ ലഭ്യമായ സൗകര്യങ്ങളിലൂടെ കാല്‍പന്ത് തട്ടിയതാണോ അതോ മെച്ചപ്പെട്ട മത്സരങ്ങളില്‍ പങ്കെടുത്തതാണോ തങ്ങള്‍ ചെയ്ത തെറ്റെന്നും അനസ് പോസ്റ്റില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണ രൂപം.