| Monday, 19th June 2023, 8:56 am

ഈ സിനിമ ഇറങ്ങില്ലെന്ന് പറഞ്ഞവരുണ്ട്, ആറ് വർഷം ഇതിന്റെ പുറകെ ആയിരുന്നു: അനാർക്കലി മരിക്കാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത അമല എന്ന ചിത്രം റിലീസ് ആകില്ലെന്ന് പറഞ്ഞവരുണ്ടെന്ന് നടി അനാർക്കലി മരിക്കാർ. ഈ ചിത്രത്തിന്റെ സംവിധായകൻ നിഷാദിന്റെയും നിർമാതാവ് മുഹ്സിന നിഷാദിന്റെയും കുടുംബങ്ങളിൽ നിന്ന് പോലും പ്രോത്സാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ദമ്പതികളായ മുഹ്സിനയും നിഷാദും ആറ് വർഷമായിട്ട് അമല എന്ന ചിത്രത്തിനായി പ്രവർത്തിക്കുകയായിരുന്നെന്നും അനാർക്കലി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കഴിഞ്ഞ ആറ് വർഷങ്ങളായി മുഹ്സിനയോടും നിഷാദിനോടും സ്ഥിരം കോൺടാക്ട് ഉണ്ടായിരുന്നു. നിഷാദ് ഇക്കയുടെ വാട്സ് ആപ്പ് ഡി.പി ഇപ്പോഴും പണ്ട് ഇട്ടിരുന്നത് തന്നെയാണ്. ഇപ്പോൾ അതെടുത്തു നോക്കിയപ്പോൾ എനിക്ക് ആദ്യം ഇവരെ പരിചയപ്പെട്ടത് ഓർമ വന്നു. ഇവരെ രണ്ടുപേരെയും യഥാർത്ഥത്തിൽ മാതൃക ദമ്പതികൾ എന്നൊക്കെ വേണമെങ്കിൽ വിളിക്കാം. കാരണം നിഷാദ് ഇക്കയുടെ ആഗ്രഹങ്ങളെ പിന്താങ്ങുന്ന ഒരാളാണ് മുഹ്സി (മുഹ്സിന). ഒരു ഭാര്യ എങ്ങനെ ആയിരിക്കണം എന്ന് വേണമെങ്കിൽ മുഹ്സി ഇത്തയെ ചൂണ്ടി കാണിക്കാം.

കുറെ നാൾ ആയിട്ട് കൂടെ വർക്ക് ചെയ്തതുകൊണ്ട് അവരുടെ വളർച്ച ഞാൻ കണ്ടതാണ്. കാരണം ഇവർ ഒരു സാധാരണ സിനിമ എടുക്കാൻ ഒരുങ്ങിയിട്ട് ധാരാളം പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. പണ്ടത്തേതിൽ നിന്നും ഇപ്പോൾ അവർ എത്ര മാറിയിട്ടുണ്ടെന്ന് എനിക്ക് വളരെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഈ പടം ചെയ്ത് തീർക്കാനുള്ള അവരുടെ വേദനകളും ആ സിനിമയോടുള്ള ആഗ്രഹങ്ങളും വളരെ മനോഹരമായി ഈ ചിത്രം എടുത്ത് തീർത്തതും ഒക്കെ ഞാൻ കണ്ടു. ഇത്രയും മീഡിയാക്കാരെ ഒക്കെ വിളിച്ച് ഈ ചിത്രം ഇറക്കാൻ കാണിക്കുന്ന കഷ്ടപ്പാടുകൾ ശെരിക്കും അവരുടെ സിനിമയോടുള്ള ഇഷ്ടം തന്നെയാണ്,’ അനാർക്കലി പറഞ്ഞു.

നിഷാദിനും മുഹ്സിനക്കും എതിരായി ധാരാളം ആളുകൾ ഉണ്ടായിരുന്നെന്നും ഈ ചിത്രം ഇറങ്ങില്ലെന്ന് പറഞ്ഞവർ ഉണ്ടെന്നും അനാർക്കലി പറഞ്ഞു.

‘ഇവർക്ക് എതിരായി ധാരാളം ആളുകൾ നിന്നിട്ടുണ്ടായിരുന്നു. ഈ സിനിമ ഇറങ്ങില്ലെന്ന് പറഞ്ഞ്‌ നിരുത്സാഹപ്പെടുത്തിയവരും ഉണ്ട്. ഇവർക്ക് സഹായം എന്ന് പറയാൻ ഇവർ രണ്ടുപേരും മാത്രമാണുള്ളത്. മുസ്‌ലിം സമുദായത്തിൽ നിന്ന് വരുന്നതുകൊണ്ട് ഇവരുടെ കുടുംബത്തിൽ ഉള്ളവർ വളരെ ഓർത്തഡോക്സ് ആയിരുന്നു, അതുകൊണ്ട് തന്നെ സിനിമകളോട് വല്യ ഭ്രമം ഇല്ലാത്തവർ ആയിരുന്നു, അവർ ആരും സപ്പോർട്ടും ചെയ്തിരുന്നില്ല. ഒരു ആറ് വർഷം ഇവർ സ്ഥിരമായി ഈ ചിത്രത്തിന് വേണ്ടി നിൽക്കുകയായിരുന്നു, മറ്റാരുടെയും സഹായം ഇല്ലാതെ. ഞാനൊക്കെ ആയിരുന്നെങ്കിൽ ഈ ചിത്രം ചെയ്യാതെ പോയേനെ. അവർ അത് ചെയ്യാതിരുന്നത് കലയെ സ്നേഹിക്കുന്നതുകൊണ്ടാണ്,’ അനാർക്കലി പറഞ്ഞു.

Content Highlights: Anarkkali Marikar on Amala Movie

We use cookies to give you the best possible experience. Learn more