അനാര്‍ക്കലി എന്ന ചിത്രം കണ്ടിറങ്ങുന്നവരുടെ മനസില്‍ ദുവ എന്ന ലക്ഷദീപ് നിവാസിയായ പെണ്‍കുട്ടിയുടെ മുഖം തീര്‍ച്ചയായും പതിയും.
സംസ്‌കൃതി ഷേണായി എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അനാര്‍ക്കലിയിലെ ദുവ എന്ന കഥാപാത്രത്തെ മനോഹരമാക്കിയത്. സുരേഷ് കൃഷ്ണയുടെ സഹോദരിയായി വേഷമിട്ട സംസ്‌കൃതി മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.
സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടാന്‍ ഈ ചിത്രം കൊണ്ട് സംസ്‌കൃതിക്ക് സാധിച്ചിട്ടുണ്ട്. ആ ഒരുത്തി അവളൊരുത്തി എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സംസ്‌കൃതിയും അതിനൊപ്പം തന്നെ ഹിറ്റായി.
നിര്‍മാതാവ് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് സംസ്‌കൃതി മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
സിനിമാ അഭിനയം വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നെന്നും എന്നാല്‍ തന്റെ നിര്‍ബന്ധം കൊണ്ടുമാത്രമാണ് ഇന്ന് സിനിമയില്‍ നില്‍ക്കുന്നതെന്നും സംസ്‌കൃതി പറയുന്നു.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചുവെങ്കിലും മലയാളത്തിനോടും തമിഴിനോടുമാണ് താത്പര്യമെന്ന് സംസ്‌കൃതി പറയുന്നു. മലയാളത്തില്‍ ഹോംലി വേഷങ്ങള്‍ മാത്രമേ ചെയ്യൂ. മറ്റു ഭാഷാ സിനിമകള്‍ ചെയ്യില്ല എന്നല്ല, താത്പര്യം തോന്നുന്ന ഗ്ലാമറസല്ലാത്ത കഥാപാത്രമാണെങ്കില്‍ സ്വീകരിക്കുമെന്നും താരം പറയുന്നു.
മാംഗ്‌ളൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. ഇപ്പോള്‍ എറണാകുളം സരസ്വതി വിദ്യാനികേതനില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് സംസ്‌കൃതി.