തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിച്ച ലൈംഗികാതിക്രമങ്ങള്‍ മീ ടൂ എന്ന ഹാഷ്ടാഗോടുകൂടി സ്ത്രീകള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ സ്വയം വെളിപ്പെടുത്താന്‍ ആരംഭിച്ച മൂവ്‌മെന്റാണ് മീ ടൂ മൂവ്‌മെന്റ്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക, പോരാടുക തുടങ്ങിയവയാണ് ഈ മൂവ്‌മെന്റ് ലക്ഷ്യം വെക്കുന്നത്.
മലയാള സിനിമയിലും മീ ടൂ മൂവ്‌മെന്റുകള്‍ നടക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് അതിക്രമം നടന്നപ്പോള്‍ തന്നെ അവര്‍ പ്രതികരിച്ചില്ല എന്ന ചോദ്യമാണ് അതിജീവിതകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. എന്തുകൊണ്ടാണ് മീ ടൂ അപ്പോള്‍ തന്നെ ആരും പറയാത്തത് എന്ന അവതാരികയുടെ ചോദ്യത്തിന് ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍.
ഒരാള്‍ നമ്മളോട് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാനും തിരിച്ചറിയാനും അത് പ്രോസസ്സ് ചെയ്യാനും നല്ല സമയം വേണമെന്നും ഓരോരുത്തര്‍ കടന്നുപോകുന്ന അവസ്ഥകള്‍ വ്യത്യസ്തമായിരിക്കുമെന്നും പറയുകയാണ് അനാര്‍ക്കലി. അതുകൊണ്ട് തന്നെ മീ ടൂ എന്തുകൊണ്ട് അപ്പോള്‍ തന്നെ പറഞ്ഞില്ല എന്ന ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘മീ ടൂ തുറന്നു പറയുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. എന്താണ് നടന്നതെന്ന് തിരിച്ചറിയാന്‍ കുറച്ച് സമയമെടുക്കും. നമ്മള്‍ എന്താണെന്ന് നമ്മള്‍ തന്നെ മനസിലാക്കാന്‍ നമുക്ക് കുറച്ച് സമയം വേണമല്ലോ, സ്വിച്ച് ഇട്ടപോലെ നടക്കുന്ന ഒരു പ്രക്രിയയാണ് അത്.
നമ്മള്‍ ഒരു കാര്യത്തോട് എന്തുകൊണ്ട് ഇങ്ങനെ റിയാക്ട് ചെയ്തു എന്ന് നമ്മള്‍ ചിന്തിക്കുന്നത് തന്നെ കുറെ സമയമെടുത്തിട്ടാണ്. അപ്പോള്‍ ഇതും അതുപോലെയാണ്. ഇയാള്‍ നമ്മളോട് എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാനും തിരിച്ചറിയാനും അത് പ്രോസസ്സ് ചെയ്യാനും നല്ല സമയം വേണം.
ചിലര്‍ അജണ്ട വെച്ച് ചെയ്യുന്നുണ്ടോ എന്നറിയില്ല. എല്ലാ സ്ത്രീകളും നല്ലവരാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. മീ ടൂ എന്ന് പറയുന്ന കേസിലും അത് ദുരുപയോഗം ചെയ്യുന്ന ആളുകളുമുണ്ട്. എന്തുകൊണ്ട് പറഞ്ഞില്ല എന്ന് പറയുന്നതിലും ഒരു അര്‍ഥം ഇല്ല. ഒരാളെ അബ്യൂസ് ചെയ്യുന്ന കാര്യമല്ലേ പറയുന്നത്, അവര്‍ എന്തിലൂടെയാണ് കടന്ന് പോയതെന്ന് നമുക്കറിയില്ലല്ലോ.
ഒരാള്‍ തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് പറയുമ്പോള്‍ അവര്‍ വീണ്ടും ഇതേ കേസ് തന്നെ കേട്ടുകൊണ്ടിരിക്കുകയല്ലേ. അതുകൊണ്ടു തന്നെ ഇത് എന്തുകൊണ്ടാണ് പറയാതിരുന്നതെന്ന് ചോദിച്ച് കഴിഞ്ഞാല്‍, മറക്കാന്‍ ശ്രമിക്കുന്ന ആ കാര്യം തന്നെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടും ആയിരിക്കാം. അപ്പോള്‍ തന്നെ തുറന്നു പറയുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമായിട്ട് തോന്നുന്നില്ല,’ അനാര്‍ക്കലി പറയുന്നു.
Content Highlight: Anarkali Marikar talks about #Me too movement