സിനിമ സെറ്റിൽ ഭക്ഷണം കഴിക്കുന്നത് രണ്ട് വിഭാഗം തിരിച്ചാണെന്ന് നടിയും ഗായികയുമായ അനാർക്കലി മരിക്കാർ.
ചെറിയ അഭിനയത്രി ആയതുകൊണ്ട്, കിട്ടുന്ന വിലയും സൗകര്യങ്ങളും കുറയുമെന്നും നടി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ സിനിമ അനുഭവങ്ങൾ പങ്കുവച്ചത് .
‘ആനന്ദത്തിൽ അഭിനയിച്ച് കഴിഞ്ഞിട്ടും സിനിമ എന്താണെന്നോ അവിടുത്തെ ഹൈറാർക്കി എന്താണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. മുഴുവൻ പോസിറ്റിവിറ്റി ആയിരുന്നു. അതുകഴിഞ്ഞിട്ട് ശരിക്കും ഒരു സെറ്റിൽ പോയപ്പോഴാണ് എങ്ങനെയൊക്കെയാണ് ആളുകൾ നമ്മളോട് പെരുമാറുന്നതെന്നൊക്കെ എനിക്ക് മനസിലായത്. വിമാനത്തിന്റെ സെറ്റിൽ പോയപ്പോഴാണ് എനിക്കെല്ലാം മനസിലാകുന്നത്.
ഭക്ഷണം വിളമ്പുന്ന സ്ഥലത്തുവരെ രണ്ട് സെക്ഷൻ ഉണ്ടെന്നൊക്കെ ഞാൻ മനസ്സിലാക്കുന്നത് വിമാനത്തിന്റെ സെറ്റിൽ വെച്ചാണ്. അത് പ്രശ്നമുള്ള കാര്യമൊന്നും അല്ല. ഇങ്ങനൊരു ഹൈറാർക്കി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത് അപ്പോഴാണ്.
ഒരു ചെറിയ അഭിനയേത്രി ആയതുകൊണ്ട് നമുക്ക് കിട്ടുന്ന വിലയും സൗകര്യങ്ങളും കുറവായിരിക്കും. എനിക്ക് വളരെ സങ്കടമായിരുന്നു, അയ്യോ ഇങ്ങനൊക്കെ ആയിരുന്നോ എന്നോർത്തിട്ട്. പിന്നെ ശരിയായി,’ അനാർക്കലി പറഞ്ഞു.
മാർക്കോണി മത്തായി എന്ന ചിത്രത്തിലെ അഭിനയ മുഹൂർത്തങ്ങളെപ്പറ്റിയും താരം പറഞ്ഞു. താൻ ഓർക്കാനാഗ്രഹിക്കാത്ത ചിത്രമാണ് മാർക്കോണി മത്തായി എന്നും ചെറിയ വേഷമായിരുന്നെങ്കിൽ പോലും അതിൽ അഭിനയിക്കാൻ വളരെ കഷ്ടപ്പെട്ടിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
‘മാർക്കോണി മത്തായി എന്ന ചിത്രത്തിലെ വേഷം വന്നപ്പോൾ ഞാൻ വിജയ് സേതുപതിയെ കാണാൻ മാത്രമാണ് പോയത്. അതിൽ ആർ. ജെയുടെ വേഷമാണ്. ഒരു ആർ. ജെ. പണി ഞാൻ ആലോചിച്ചിട്ടേയില്ല. എന്റെ കൂടെ ഉണ്ടായിരുന്നത് ലക്ഷ്മി നക്ഷത്രയാണ്. അവർ ഒരു ആർ. ജെ ആണ്. അതുകൊണ്ട് പുള്ളിക്കാരി കയ്യിൽ നിന്ന് ഡയലോഗിടും. എന്റെ സ്ക്രിപ്റ്റിലെ ഡയലോഗ് മാത്രം ഞാൻ പറയും. എനിക്ക് കയ്യിൽ നിന്നിട്ട് ഒന്നും പറയാനേ പറ്റുന്നില്ല. മാർക്കോണി മത്തായി നല്ല പാടായിരുന്നു അഭിനയിക്കാൻ. ചെറിയ വേഷമായിരുന്നെങ്കിലും ഞാൻ വളരെ കഷ്ടപ്പെട്ട ഒരു ചിത്രമായിരുന്നത്. ഓർക്കാൻ ആഗ്രഹിക്കുന്നേയില്ല (ചിരിച്ചുകൊണ്ട് ),’ അനാർക്കലി പറഞ്ഞു.
Content Highlight: Anarkali Marikar on shooting set