വാണിജ്യ സിനിമകളിലെ സ്ത്രീശാക്തീകരണമെന്നത് ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്ന് കുറേപേരെ അടിച്ചിടുന്നതാണെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. ‘മീ ടൂ’ വില്‍ വരുന്ന ചില വ്യാജ ആരോപണങ്ങള്‍ കാരണം ആണുങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും ഇന്‍ന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
‘വാണിജ്യ സിനിമകളിലെ സ്ത്രീശാക്തീകരണമെന്നത് ഒരു പെണ്ണ് ഒറ്റയ്ക്ക് നിന്ന് അഞ്ചാറുപേരെ അടിച്ചിടുന്നതൊക്കെയാണ് . അത് ആണുങ്ങള്‍ക്ക് പോലും സാധ്യമല്ല. സ്ത്രീപക്ഷരാഷ്ട്രീയം സംസാരിക്കുന്ന ഒരുപാട് ഓഫ് ബീറ്റ് സിനിമകളുണ്ട്. പക്ഷേ അതൊന്നും ആരും കാണുന്നില്ല. ആ ഒരു സ്ഥിതി മാറണം.
മുമ്പത്തെക്കാളും ആളുകള്‍ക്ക് ടോക്‌സിക് റിലേഷന്‍ഷിപ്‌സ് എന്താണെന്നുള്ളതൊക്കെ മനസ്സിലായി തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതൊന്നും സ്‌നേഹമല്ലയെന്നുള്ള ബോധം ആളുകള്‍ക്കുണ്ടായി തുടങ്ങിയിട്ടുണ്ട്. എന്നാലും ഇപ്പോള്‍ ‘കലിപ്പന്റെ കാന്താരി’മാര്‍ കുറച്ച് കൂടുതലാണ്. ഉയരെ സിനിമയ്ക്ക് ശേഷം ഒരുപാട് പേര്‍ എനിക്ക് മെസേജ് ചെയ്തിരുന്നു.
ഞാന്‍ ഉയരെയില്‍ അവതരിപ്പിച്ച കഥാപാത്രം പോലൊരാള്‍ ജീവിതത്തിലുണ്ടായാല്‍ നന്നായേനെയെന്നൊക്കെ മെസേജുകളുണ്ടായിരുന്നു. ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ അകപ്പെട്ടുപോയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.
എന്നിട്ട് ഞാന്‍ അവള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിരുന്നു അതൊരു ടോക്‌സിക് റിലേഷന്‍ഷിപ്പാണെന്ന്. ആ റിലേഷന്‍ഷിപ്പില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ അവളെ ഒരുപാട് പ്രേരിപ്പിച്ചിരുന്നു. അത്തരത്തിലുള്ള റിലേഷന്‍ഷിപ്പില്‍ അകപ്പെട്ടുപോയവരോട് നമ്മളെത്രപറഞ്ഞാലും അവര്‍ക്കത് മനസ്സിലാകണമെന്നില്ല’, നടി പറഞ്ഞു.
ആണുങ്ങള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടാറില്ലെന്നും ഭൂരിപക്ഷ ലൈംഗികാരോപണങ്ങളും സത്യസന്ധമാണെന്നും അല്ലാത്തവ വളരെ ചുരുക്കം മാത്രമാണെന്നും നടി പറഞ്ഞു.
‘ആണുങ്ങള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടാറില്ല. എന്നാല്‍ ആണുങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ട്. പക്ഷേ അതിന് കാരണം ആണുങ്ങള്‍ തന്നെയാണ്. ഒരിക്കലും സ്ത്രീകളല്ല. ‘മീ ടൂ’ വില്‍ വരുന്ന ചില വ്യാജ ആരോപണങ്ങള്‍ കാരണം ആണുങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട്.
അങ്ങനെ പ്രശ്‌നങ്ങള്‍ നേരിട്ടയാളെ എനിക്ക് പേഴ്‌സണലി അറിയാം. പക്ഷേ അത് വളരെ ചുരുക്കം മാത്രമാണ്. ഭൂരിപക്ഷ ലൈംഗികാരോപണങ്ങളും അങ്ങനെയല്ല. ആണുങ്ങള്‍ പൊതുവേ കരയാനൊക്കെ ബുദ്ധിമുട്ടുള്ളയാളുകളായിരിക്കും.
ഇമോഷന്‍സ് പ്രകടിപ്പിക്കാനും ആരെങ്കിലുമായിട്ട് കംഫര്‍ട്ട് ആവാനൊക്കെ ആണുങ്ങള്‍ കുറച്ച് പ്രയാസം നേരിടുന്നത് പോലെ തോന്നിയിട്ടുണ്ട് . ഇതിനൊക്കെ കാരണം ഇവിടുത്തെ തെറ്റായ വ്യവസ്ഥിതിയാണ്. പുരുഷന്മാര്‍ തന്നെയാണ് ഈ തെറ്റായ വ്യവസ്ഥിതി ഉണ്ടാവാന്‍ കാരണം’, അനാര്‍ക്കലി പറഞ്ഞു.
Content Highlights: Anarkali Marikkar on Me Too