തനിക്ക് ചെറുപ്പത്തിലുണ്ടായ അബ്യൂസിനെപ്പറ്റി ആരൊടും പറഞ്ഞിരുന്നില്ലെന്നും ഒരു പ്ലസ് വൺ വരെ അത് തന്നെ വളരെ ബാധിച്ചിരുന്നെന്നും നടി അനാർക്കലി മരിക്കാർ. ജോഷ് ടോക് എന്ന പരിപാടിയിലൂടെ താൻ ഇത് വെളിപ്പെടുത്തിയത് മറ്റുള്ളവർക്കും ഇത്തരം അനുഭവങ്ങൾ തുറന്നുപറയാൻ പ്രചോദനമാകട്ടെ എന്ന് താരം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തനിക്കുണ്ടായ അനുഭവത്തെപ്പറ്റിയും സോഷ്യൽ മീഡിയ വഴിയുണ്ടാകുന്ന അതിക്രമങ്ങളെപ്പറ്റിയും സംസാരിച്ചത്.
‘ഞാൻ ഇന്റർവ്യൂ ആണെന്ന് കരുതിയാണ് ജോഷ് ടോക്ക് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. പിന്നെയാണ് എനിക്ക് മനസ്സിലായത് ഇതൊരു ടോക്ക് ഷോ ആണെന്ന്. എന്തുകൊണ്ടാണ് ഞാൻ എനിക്കുണ്ടായ അബ്യൂസിനെപ്പറ്റി അവിടെ പറഞ്ഞതെന്ന് എനിക്കറിയില്ല.
ആദ്യമായിട്ടാണ് ഇതിനെപ്പറ്റി ക്യാമറയുടെ മുന്നിൽ സംസാരിച്ചത്.
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരു പ്ലസ് വൺ വരെ അതെന്നെ വളരെ ബാധിച്ചിരുന്നു. ഇത് മനസിൽ നിന്ന് പോകാതെയും ഉറക്കം വരാതെയും ഇരുന്നിട്ടുണ്ട്. പ്ലസ് ടു ആയിട്ടും ഞാൻ ഇതിനെപ്പറ്റി ആരോടും പറഞ്ഞിട്ടൊന്നുമില്ല. ആ ഷോ കാണുമ്പോഴാണ് എന്റെ വീട്ടുകാർ തന്നെ ആ കാര്യം അറിയുന്നത്. പക്ഷെ കുറെ കഴിഞ്ഞപ്പോൾ ഞാൻ ഓക്കേ ആയി.
പിന്നീട് ഞാൻ അതെന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് കണക്കാക്കി. പിന്നീടൊരു സന്ദർഭത്തിൽ അത് ഞാൻ ആരോടെങ്കിലും പറയണമെന്ന് തോന്നി. കാരണം, ഞാൻ അത് പറഞ്ഞാലേ ബാക്കിയുള്ളവർക്കും ഇത്തരം അനുഭവങ്ങളെപ്പറ്റി പറയാൻ ഒരു പ്രചോദനം ആകുകയുള്ളു. അപ്പോൾ തോന്നിയ ഒരു തോന്നലിലാണ് ഞാൻ അതിനെപ്പറ്റി ആ ഷോയിൽ സംസാരിച്ചത്.
ഇപ്പോൾ ആ അനുഭവം എന്നെ ബാധിക്കുന്നേയില്ല. ആരോടെങ്കിലും അതിനെപ്പറ്റി പറയുമ്പോഴൊന്നും എനിക്കൊരുതരത്തിലുമുള്ള ഇമോഷനും ഇല്ല. ഇപ്പോൾ ഞാൻ കുറെ വളർന്നു.
അത് ബാധിച്ചുകഴിഞ്ഞാലാണ് നമ്മൾ തോറ്റുപോകുന്നത്. അതിനെപ്പറ്റി ആരോടും പറയാതിരിക്കുന്നതാണ് എനിക്ക് കുറച്ചുകൂടി കംഫർട്ടബിൾ.
ഒരു പ്ലസ് വൺ വരെ ഇതെന്നെ ബാധിച്ചിരുന്നെങ്കിലും പിന്നീട് ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ട് കൂടിയില്ല. അത് എന്റെ ക്യാരക്ടറ്ററിനെ പോലും മാറ്റിയിട്ടില്ല. അതിൽ എനിക്ക് വളരെ അഭിമാനമുണ്ട്.
ആ സംഭവം ഇപ്പോൾ എനിക്ക് ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല.
വളരെ ഓപ്പൺ ആയിട്ട് സംസാരിക്കുന്ന എനിക്ക് എന്റേതായ ഒരു രഹസ്യങ്ങളും ഇല്ല. എന്റേതായ രഹസ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അതിതാണ്,’ അനാർക്കലി പറഞ്ഞു.
അഷറഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിൽ അനാർക്കലായിയുടെ ഏറ്റവും പുതിയ ചിത്രം. അനീഷ് ഉപാസനയുടെ സംവിധാനത്തിൽ നവ്യാ നായർ നായികയായെത്തുന്ന ജാനകി ജാനെയാണ് അനാർക്കലിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
Content highlights: Anarkali Marikar on abuse