Entertainment
മഞ്ഞുമ്മല്‍ ബോയ്‌സിനെക്കാള്‍ എത്രയോ മുമ്പ് ഗുണാകേവില്‍ ഷൂട്ട് ചെയ്തതാണ് ആ ലാലേട്ടന്‍ ചിത്രം: അനന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 03, 09:26 am
Sunday, 3rd November 2024, 2:56 pm

പോസിറ്റീവ് എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് വന്ന നടിയാണ് അനന്യ. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തെലുങ്കിലും തിരക്കുള്ള താരമായിരുന്നു അനന്യ. ഒരിടവേളക്കുശേഷം അനന്യ അഭിനയിക്കുന്ന ചിത്രമാണ് സ്വര്‍ഗം. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

അനന്യയും മോഹലാലും ഒന്നിച്ച ചിത്രമാണ് 2010ല്‍ ഇറങ്ങിയ ശിക്കാര്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് അനന്യ വേഷമിട്ടത്. ശിക്കാറിന്റെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിച്ചത് ഗുണാകേവില്‍ ആയിരുന്നു. ശിക്കാര്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ.

ശിക്കാര്‍ തന്റെ നാലാമത്തെ ചിത്രമാണെന്നും അതില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിക്കാന്‍ വല്ലാത്ത എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നെന്നും അനന്യ പറയുന്നു. ഗുണാകേവിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിച്ചതെന്നും എന്നാല്‍ അന്ന് തനിക്ക് അതിന്റെ ഹിസ്റ്ററി അറിയില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷൂട്ടിന്റെ സമയത്ത് ആര്‍ട്ടിന്റെ ആളുകള്‍ക്ക് തലയോട്ടികളും അസ്ഥിയും കിട്ടിയിരുന്നെന്നും ഡ്യുപ്പില്ലാതെയാണ് ഗുണാകേവില്‍ വെച്ചുള്ള ഫൈറ്റ് സീന്‍ താന്‍ ചെയ്തതെന്നും അനന്യ പറയുന്നു.

‘ആ സിനിമ ചെയ്യുമ്പോള്‍ വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. എന്റെ നാലാമത്തെ ചിത്രമായിരുന്നു ശിക്കാര്‍. ആ സമയത്ത് ലാലേട്ടന്റെ മകളായിട്ടുള്ള ക്യാരക്ടര്‍ ചെയ്യുകയെന്ന് വെച്ചാല്‍ സന്തോഷം. ഗുണാകേവിലാണ് ചിത്രത്തിന്റെ ചില ഭാഗം ഷൂട്ട് ചെയ്തത്. അന്ന് ഗുണാകേവിന്റെ ഹിസ്റ്ററി ഒന്നും എനിക്കറിയില്ലായിരുന്നു.

ഷൂട്ടിന്റെ സമയത്ത് ആര്‍ട്ടിന്റെ ആളുകള്‍ പോകുമ്പോള്‍ തലയോട്ടിയും അസ്ഥിയും എല്ലാം കിട്ടിയെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അന്ന് അതിന്റെ സീരിയസ്‌നെസ്സ് ഒന്നും എനിക്ക് മനസിലായിരുന്നില്ല. ആ ഒരു സീക്വന്‍സില്‍ ഡ്യുപ്പിനെ വെച്ച് ചെയ്യുന്നതിലും നല്ലത് നമ്മള്‍ തന്നെ ചെയ്യുന്നതാണെന്ന് തോന്നിയിട്ടാണ് ഗുണകേവില്‍ വെച്ചുള്ള ഫൈറ്റ് സീന്‍ ഞാന്‍ തന്നെ ചെയ്തത്. വലിയൊരു റിസ്‌കാണ് എടുക്കുന്നതെന്ന് ഞാന്‍ കരുതിയിരുന്നില്ല,’ അനന്യ പറയുന്നു.

Content Highlight: Ananya Talks About Shikkar Movie