|

എന്നെ ഒഴിവാക്കി ഷൂട്ട് തുടങ്ങിയ സിനിമകളുണ്ട്, എന്നെ മാറ്റിയത് ഞാന്‍ പോലും അറിഞ്ഞിരുന്നില്ല: അനന്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പല സിനിമകളില്‍ നിന്നും മുന്നറിയിപ്പ് നല്‍കാതെ തന്നെ ഒവിവാക്കിയിട്ടുണ്ടെന്ന് നടി അനന്യ. നഷ്ടപ്പെട്ടത് പലതും മികച്ച കഥാപാത്രങ്ങളായിരുന്നു എന്നും അവര്‍ പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘നമ്മുടെ ലൈഫില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും നമുക്ക് പലതും പഠിക്കാനുണ്ട്. സാഹചര്യങ്ങളാണ് അതൊക്കെ ഒരുക്കി തരുന്നതും. എന്നോട് എന്റെ പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്, തനിക്ക് ശരിക്കും പെര്‍ഫോം ചെയ്യാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ഇതുവരെയും കിട്ടിയിട്ടില്ലായെന്ന്. അതില്‍ എനിക്ക് ആരെയും കുറ്റം പറയാന്‍ സാധിക്കില്ല.

അക്കാര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കാരണം അതൊന്നും നമ്മുടെ കയ്യിലല്ല. എനിക്ക് കിട്ടാനുള്ളത് മാത്രമേ എനിക്ക് കിട്ടുകയുള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ എത്ര അതിനുവേണ്ടി ശ്രമിച്ചാലും, ബുദ്ധിമുട്ടിയാലും ചിലപ്പോള്‍ അതൊന്നും കിട്ടണമെന്നില്ല.

സിനിമ തുടങ്ങുന്നതിന് കുറച്ച് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ എന്നെ അറിയിക്കാതെ തന്നെ ഷൂട്ട് തുടങ്ങിയ സിനിമയുണ്ട്. തയ്യാറായിക്കൊള്ളു സിനിമ തുടങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞിട്ട്, പിന്നീട് വിളിച്ച് പോലും പറയാതെ സിനിമ തുടങ്ങിയവരുമുണ്ട്.

പക്ഷെ നമ്മളെ മാറ്റി ആ സ്ഥാനത്തേക്ക് വേറെ ആരെയെങ്കിലും കൊണ്ടുവന്നിട്ടുമുണ്ടാകും. അങ്ങനത്തെ പല അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ എനിക്ക് വിഷമമുണ്ടായിരുന്നു. പിന്നെ അതെല്ലാം എനിക്ക് ശീലമായി. അതൊക്കെ ഇപ്പോള്‍ ലൈഫിന്റെ തന്നെ ഭാഗമായി മാറിയിട്ടുണ്ട്.

ഇയിടെ എനിക്ക് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ആ സിനിമയില്‍ എന്നെ അവര്‍ ഒഴിവാക്കിയതല്ല. എന്റെ ചില സാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയതാണ്. അതുകൊണ്ട് തന്നെ ഞാന്‍ അവരെ അങ്ങോട്ട് വിളിച്ച് പറഞ്ഞു എനിക്ക് വരാന്‍ പറ്റില്ലായെന്ന്. എന്നെ സംബന്ധിച്ച് അവരെ അത് വിളിച്ച് അറിയിക്കേണ്ട ഒരു കടമ എനിക്കുണ്ട്.

എന്നാല്‍ അതുപോലും വിളിച്ച് അറിയിക്കാത്ത ആളുകളുണ്ട്. അങ്ങനെ നഷ്ടപ്പെട്ട് പോയത് പലതും നല്ല കഥാപാത്രങ്ങളുമായിരിക്കും എന്നതാണ് പ്രധാന പ്രശ്‌നം,’ അനന്യ പറഞ്ഞു.

മജു സംവിധാനം ചെയ്ത അപ്പനാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. അനന്യയെ കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഗ്രേസ് ആന്റണി, പൗളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

content highlight: ananya share her experience in malayalam cinema

Video Stories