ബോളിവുഡിലെ യുവനടിയാണ് അനന്യ പാണ്ഡേ. ബോളിവുഡ് നടന്‍ ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ. ചെറുപ്പകാലത്ത് അച്ഛന്‍ മരിക്കുമോ എന്ന ഭയം കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറില്ലെന്ന് അനന്യ പാണ്ഡേ പറയുന്നു. സിനിമകള്‍ പണ്ട് മുതലേ ഉള്ള സ്വപ്നമായിരുന്നെന്നും അത് തന്റെ ഡി.എന്‍.എയില്‍ ഉള്ളതാണെന്നും നടി പറഞ്ഞു.
ആദ്യ മൂന്ന് സിനിമകളില്‍ കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യണം എന്ന് അറിയില്ലായിരുന്നെന്നും ഗെഹ്രായന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ഒരു അഭിനേതാവിനെ പോലെ ചിന്തിക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. വീ ആര്‍ യുവയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനന്യ പാണ്ഡേ.
‘അച്ഛന്‍ സിനിമയില്‍ മരിക്കാന്‍ പോകുമോ എന്ന ഭയം കാരണം ഞാന്‍ അധികം ചിത്രങ്ങള്‍ കാണാറില്ലായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ ഡി കമ്പനി കണ്ടിരുന്നു, പെട്ടെന്ന് അതില്‍ അച്ഛന്‍ വെടിയേറ്റ് മരിച്ചു. എന്റെ തൊട്ടടുത്ത് അച്ഛന്‍ ഇരുന്നിട്ടും അത് ശരിക്കും സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അതുകൊണ്ട് ഞാന്‍ അച്ഛന്റെ സിനിമകള്‍ പലതും കണ്ടില്ല. അതിന് കാരണം അദ്ദേഹം അവയിലെല്ലാം മരിക്കുമെന്ന് കരുതി എനിക്ക് ഭയമായിരുന്നു.
ഞാന്‍ ഒരു അഭിനേതാവാകാന്‍ ആഗ്രഹിച്ചപ്പോള്‍, ഞാന്‍ അച്ഛനെപോലെയാണ് ചിന്തിച്ചത്. കാരണം ഞാന്‍ കണ്ട സിനിമകള്‍ എല്ലാം വലിയ വിജയമായ കൊമേര്‍ഷ്യല്‍ ചിത്രങ്ങളായിരുന്നു. എനിക്ക് ഇപ്പോഴും ആ സിനിമകള്‍ ഇഷ്ടമാണ്. അതിലെ നിറങ്ങള്‍ മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. സിനിമക്ക് അപ്പുറം മറ്റെന്തെങ്കിലും ചെയ്യണം എന്ന് എനിക്കറിയില്ല. സിനിമ എന്റെ ഡി.എന്‍.എയില്‍ ഉള്ളതായിരിക്കും.
എന്റെ ആദ്യ മൂന്ന് സിനിമകളില്‍ പോലും കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുമോ എന്ന് എനിക്കറിയില്ലായിരുന്നു. ഗെഹ്രായന്‍ എന്ന സിനിമ ചെയ്തപ്പോള്‍ ആ ചിത്രത്തിന്റെ സംവിധായകന്‍ ശകുന്‍ എന്നോട് ഒരു അഭിനേതാവിനെ പോലെ ചിന്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കലാമൂല്യമുള്ളതും അതേസമയം അഭിനയ പ്രാധാന്യവുമുള്ള അത്തരം സിനിമകള്‍ ഞാന്‍ വളരെ ഏറെ ആസ്വദിച്ച് ചെയ്തതാണ്. ഇനിയും അത്തരത്തിലുള്ളത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ അനന്യ പാണ്ഡേ പറയുന്നു.
വിക്രമാദിത്യ മോട്വാനെയുടെ CTRL എന്ന ചിത്രത്തിലാണ് അനന്യ അവസാനമായി അഭിനയിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിലെ പ്രകടനത്തിന് അനന്യ നേടുന്നത്. പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത കോള്‍ മീ ബേ എന്ന വെബ് സീരീസിലും അനന്യ അഭിനയിച്ചിരുന്നു. ചാന്ദ് മേരാ ദില്‍ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.
Content Highlight: Ananya Panday says she was traumatised watching dad Chunky Panday’s films