മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് അനന്ത് കുമാര്‍ ഹെഗ്ഡെ; ഡി.എന്‍.എ തെളിവ് വേണമെന്നും കേന്ദ്രമന്ത്രി
national news
മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധി എങ്ങനെ ബ്രാഹ്മണനാകുമെന്ന് അനന്ത് കുമാര്‍ ഹെഗ്ഡെ; ഡി.എന്‍.എ തെളിവ് വേണമെന്നും കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2019, 5:56 pm

ന്യൂദല്‍ഹി: മുസ്‌ലിമിന്റെയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ഗാന്ധി എങ്ങനെ ഗാന്ധി എന്ന് പേരുള്ള ബ്രാഹ്മണനാവുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. രാഹുല്‍ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ തെളിവ് കൊണ്ടുവരാന്‍ പറ്റുമോയെന്നും ഹെഗ്‌ഡെ ചോദിച്ചു.

രാഹുല്‍ഗാന്ധി സങ്കര സന്താനമാണെന്ന് ഇതിന് മുന്‍പും ഹെഗ്‌ഡെ പറഞ്ഞിരുന്നു. മുസ്‌ലിംങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഭരണഘടനയ്‌ക്കെതിരെയും പ്രസ്താവന നടത്താറുള്ള നേതാവാണ് ഹെഗ്‌ഡെ.

ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവരുടെ കൈവെട്ടണമെന്നായിരുന്നു ഇയാളുടെ അവസാനത്തെ പ്രസ്താവന. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവ ക്ഷേത്രമായിരുന്നെന്നും അതിന്റെ പേര് തേജോ മഹാല്യ എന്നായിരുന്നെന്നും അനന്ത് കുമാര്‍ പറഞ്ഞിരുന്നു. മതേതരം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് ഹെഗ്ഡെ പറഞ്ഞത് വിവാദമായിരുന്നു.

തുടര്‍ച്ചയായി വര്‍ഗീയതയും സ്ത്രീവിരുദ്ധതയും പ്രസംഗിക്കുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ഇന്ത്യയുടെ തോല്‍വിയാണെന്നും കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലാത്ത അയാളെ പുറത്താക്കണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവും ആവശ്യപ്പെട്ടിരുന്നു.