| Monday, 7th November 2022, 6:41 pm

കൊലയാളി മിടുക്കിയാകുന്ന പൊതുബോധമാണ് സമ്പത്തിനെ സാമൂഹിക അസമത്വങ്ങളുടെ നെടുംതൂണാക്കുന്നതും

അനന്തു രാജ്

സവര്‍ണ സംവരണവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന സുപ്രീം കോടതിയുടെ ഇന്നത്തെ വിധി അത്യന്തം അപലപനീയവും, ദുഃഖകരവുമാണ്. ഇന്ത്യയുടെ സാമൂഹിക- സാംസ്‌കാരിക വിഭജനങ്ങളെ പരിശോധിക്കാതെയും, വിവിധ സമൂഹങ്ങളുടെ സാമ്പത്തിക- സാമൂഹിക അവസ്ഥകള്‍ പരിശോധിക്കാതെയും സംവരണത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും നടത്തിയ വിധിനിര്‍ണയമായിട്ടാണ് ഇതിനെ മനസ്സിലാക്കുന്നത്.

പ്രിവിലേജ്, സാമൂഹിക മൂലധനം എന്നിവ നല്‍കുന്ന ഇടങ്ങളെപ്പറ്റി യാതൊരു ബോധ്യങ്ങളുമില്ലാത്ത സത്യാനന്തര ഇന്ത്യയുടെ ശബ്ദമാണ് ഈ വിധി. ജാതി- സവര്‍ണ പുരുഷാധിപത്യത്തിന്റെ കോളനികളായി നിലനില്‍ക്കുന്ന വിവിധ വിദ്യാഭ്യാസ-തൊഴില്‍ ഇടങ്ങളെ നോക്കി സാമ്പത്തികമാണ് മാനദണ്ഡമെന്ന് പറയുന്നതിലെ അയുക്തി തീര്‍ച്ചയായും പുനര്‍പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇന്നത്തെ വിധിനിര്‍ണയത്തിലും അതിലുണ്ടായ വിയോജിപ്പുകളിലും അടിസ്ഥാനപരമായി മാനദണ്ഡമാവുന്നത് സാമ്പത്തികമാണെന്നത് വലിയ പ്രശ്‌നമാണ്.

ഇത്തരത്തില്‍ സാമ്പത്തികത്തെ രാജ്യത്തിലെ സാമൂഹിക അസമത്വങ്ങളുടെ നെടുംതൂണ്‍ ആയി മനസ്സിലാക്കപ്പെടുന്നതിലുള്ളത് പൊതുബോധത്തിന്റെ സവര്‍ണ -പുരുഷ യുക്തികൊണ്ടാണ്. അത് തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തിന് അത്യന്തം അപകടകരവുമാണ്.

കൊലയാളി മിടുക്കിയും വിദ്യാസമ്പന്നയുമാണെന്ന് പറയുന്ന, പീഡന- ചീറ്റിങ് പ്രതി ജയിലില്‍ നിന്നിറങ്ങി താനൊരു പാവപ്പെട്ട ബ്രാഹ്മണ കുടുംബാഗമാണെന്ന് പറഞ്ഞ് ഇന്റര്‍വ്യൂ കൊടുക്കുന്ന നാട്ടില്‍ ഇരുന്നുകൊണ്ട് സാമ്പത്തികമാണ് മാനദണ്ഡമെന്ന് പറയുകയും, തങ്ങളുടെ ജനസംഘ്യയുടെ അനുപാതത്തിനേക്കാള്‍ അഞ്ച് ഇരട്ടി പ്രാതിനിധ്യം ഉള്ള സവര്‍ണ സമൂഹത്തിന് വീണ്ടും 10 ശതമാനം അധികം പ്രാതിനിധ്യം നല്‍കുകയും (EPWല്‍ വന്ന കണക്ക് പ്രകാരം) ചെയ്യുന്നതിലെ നീതിയെ കുറിച്ചുള്ള ആശങ്കയാണ് പങ്കുവെക്കുന്നത്.

2019ലെ 103ാമത് നിയമഭേദഗതി വഴി ഉള്‍ച്ചേര്‍ത്ത സവര്‍ണ സംവരണം, അതായത് ആര്‍ട്ടിക്കിള്‍ 15ലും 16ലും ചേര്‍ത്ത പുതിയ 6ത് ക്ലോസ് മേല്‍പറഞ്ഞ രണ്ട് ആര്‍ട്ടിക്കിളുകളും ഉയര്‍ത്തുന്ന നീതിയുടെ സ്വരത്തിന് എതിര്‍ദിശയില്‍ സഞ്ചരിക്കുന്നതാണ്. സ്റ്റേറ്റും അതിനെ അനുകൂലിച്ച വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇവിടത്തെ ബഹുജനങ്ങളോട് ഇതിന് മറുപടി പറയേണ്ടതുണ്ട്. നീതിബോധം കെട്ടുപോയിട്ടില്ലാത്ത സമൂഹം ഇനിയെങ്കിലും ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

Content Highlight: Anandu Raj write up on Supreme Court verdict on 10 percent reservation to economically weaker sections

അനന്തു രാജ്

യുവ എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more