നിത്യ മേനെന്‍ എന്ന നടിയെ നിരന്തരം ഫോണിലും നേരിലും സാമൂഹിക മാധ്യമങ്ങളിലും ശല്യം ചെയ്തുകൊണ്ടിരിക്കുന്ന സന്തോഷ് വര്‍ക്കി ഒരു മാതൃകയാണ് എന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. ‘ലക്ഷ്യത്തിന് വേണ്ടി നിലയ്ക്കാതെ പോരാടിയ’ വ്യക്തിയായ സന്തോഷ് വര്‍ക്കിയെപ്പറ്റി നാളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നുപോലും ആവശ്യങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നു.
എന്ത് തരം വിദ്യാഭ്യാസമാണ് ഇത്തരം നിരീക്ഷകര്‍ നേടിയിരിക്കുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്. ജനാധിപത്യത്തെക്കുറിച്ച്, വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച്, വികാര വിവരണത്തെക്കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് പൊതുസമൂഹം പുലര്‍ത്തുന്നത് എന്ന് തോന്നുന്നു.
ജനാധിപത്യമെന്നത് ഏത് വയലന്‍സിനും (physical, mental, verbal) സ്‌പേസ് കൊടുക്കുന്ന സംവിധാനമല്ല. അതേപോലെ വ്യക്തിസ്വാതന്ത്ര്യം തങ്ങളുടെ വിശേഷാധികാരം ഉപയോഗപ്പെടുത്തി അപ്പുറത്ത് ഉള്ളയാളെ ഹിംസിക്കുന്നതും അല്ല.
നിരീക്ഷകന്‍ പറഞ്ഞത് പോലെ നോക്കുകയാണെങ്കില്‍, ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ 16 പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോവുന്നതും മാതൃക ആക്കണമല്ലോ. അതും പ്രണയം കാരണം ആണെന്നാണല്ലോ പ്രതിയുടെ ഭാഗം.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് പാലാ സെന്റ് തോമസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിനിയെ കൊന്നുകളഞ്ഞതും ടോക്‌സിക് പ്രണയം മൂലമായിരുന്നല്ലോ. ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാവുന്നതില്‍ ഇവരെ പോലെയുള്ള കയ്യടിക്കാര്‍ക്കും പങ്കുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. കുറഞ്ഞപക്ഷം ലക്ഷ്യം നേടാനുള്ള ടോക്‌സിക് ത്വരയല്ല പ്രണയമെന്നെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം.
തുടര്‍ന്ന് തന്റെ നിരീക്ഷണം ശരിയാണെന്ന് തെളിയിക്കാന്‍ നിരീക്ഷകന്‍ സിനിമകളെ മുന്‍നിര്‍ത്തി നടത്തിയ നിരീക്ഷണവും തികഞ്ഞ ധാരണയില്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്നാണ് തോന്നുന്നത്. സിനിമകള്‍ മനുഷ്യന്റെ ധാരണകളെയും ബോധ്യങ്ങളെയും കൃത്യമായി സ്വാധീനിക്കുന്നുണ്ട്.
മണ്ഡല്‍ കമ്മീഷന്റെ കാലത്ത് സംവരണവിരുദ്ധ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ‘ആര്യന്‍’ പോലെയുള്ള സിനിമകള്‍ വലിയ നിലയില്‍ കേരളത്തിലെ മനുഷ്യരുടെയുള്ളില്‍ സംവരണത്തെ കുറിച്ച് തെറ്റായ ധാരണകള്‍ നിര്‍മിച്ചെടുക്കാന്‍ സാധിച്ചിരുന്നു. ഈ അടുത്ത് ഇറങ്ങിയ ‘പട’ സിനിമയില്‍ കേരളത്തിലെ മുഴുവന്‍ ആദിവാസി ഭൂസമരങ്ങളുടെയും പേറ്റന്റ് നക്‌സല്‍ പ്രവര്‍ത്തനത്തിന് നല്‍കുകയും കേരളത്തിലെ ഭൂരിപക്ഷ പ്രേക്ഷകരും, മനുഷ്യരും അത് ശരി വെക്കുകയും ചെയ്തത് നമ്മള്‍ കണ്ടതാണല്ലോ.
നരസിംഹത്തിലെ മോഹന്‍ലാലിന്റെ പ്രണയാഭ്യര്‍ത്ഥന രംഗം ഇന്നും കേരളത്തിലെ വലിയ വിഭാഗം ആളുകള്‍ ഏറ്റുപറയുകയും അങ്ങനെ അത് ജന്‍ഡര്‍ സ്റ്റീരിയോടൈപ്പിനെയും, ടോക്‌സിക് പ്രണയത്തെയും നിലനില്‍ക്കാന്‍ വലിയ നിലയില്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍നിന്ന് ഒരു ചെറിയ വിഭാഗം മനുഷ്യര്‍ക്ക് എങ്കിലും എതിര്‍ദിശയില്‍ സഞ്ചരിക്കാന്‍ സാധിച്ചത് അക്കാലം മുതല്‍ത്തന്നെ സിവില്‍ സമൂഹങ്ങള്‍ എല്ലാവിധ സര്‍കാത്മകപ്രതീകങ്ങളെയും, സാമൂഹിക പ്രവര്‍ത്തനത്തെയും വിലയിരുത്തുകയും, ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്തത് കൊണ്ട് മാത്രമാണ്.
നിരീക്ഷകന്‍ പോയിന്റ് ചെയ്തിരിക്കുന്ന സിനിമകളിലെ ഈ ടോക്‌സിക് പ്രണയബന്ധങ്ങളും സ്ത്രീവിരുദ്ധതകളും തള്ളിക്കളഞ്ഞുകൊണ്ട് തന്നെയാണ് കേരളത്തില്‍ ഫെമിനിസം വികസിച്ചു വന്നതും. അതിനാല്‍ തന്നെ തന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ ‘സിനിമകള്‍ സ്വാധീനിക്കുന്നില്ല’ എന്ന കുപ്രചരണം നടത്താന്‍ നിരീക്ഷകന്‍ നടത്തുന്ന ശ്രമം തെറ്റിനെ ഗ്ലോറിഫൈ ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
സന്തോഷ് വര്‍ക്കിയെ ആഘോഷിക്കുന്ന നവമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വ്യക്തികളും കുറഞ്ഞപക്ഷം IPC 354 D അയാള്‍ക്ക് പറഞ്ഞുകൊടുക്കുക, നിങ്ങളും പഠിക്കുക. കൂടെ നിങ്ങള്‍ സെക്ഷന്‍ 107, 108, 111 ഒക്കെ ഒന്ന് വായിച്ചിരിക്കുന്നതും നല്ലതാണ്. കുറ്റവാളിക്ക് പ്രേരണ നല്‍കുന്നത് നീതിയുക്തമല്ല, നിയമപരമായും നൈതികപരമായും.
Content Highlight: Anandu Raj write up on stalking by Santhosh Varkey on actress Nithya Menen, social media reactions and stalking in Malayalam cinema