അഹമ്മദാബാദ്: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ഇക്കാര്യമറിയിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആനന്ദിബെന്‍ പട്ടേല്‍ കത്തെഴുതി.
പ്രായക്കൂടുതല്‍ കാരണമാണ് തീരുമാനമെന്നാണ് ആനന്ദിബെന്‍ കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. 2014 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെയാണ് ആനന്ദിബെന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.
22 വര്‍ഷത്തോളമായി ബി.ജെ.പിയാണ് ഗുജറാത്തില്‍ ഭരണം കൈയാളുന്നത്. തങ്ങള്‍ക്കുനേരെ നടക്കുന്ന വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദളിതരും പട്ടേല്‍ വിഭാഗവും സര്‍ക്കാരിനുനേരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഗുജറാത്തിലെ ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കാണ് പട്ടേല്‍ വിഭാഗം.
ആനന്ദിബെന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിയെ മാറ്റാന്‍ ബി.ജെ.പി നിര്‍ബന്ധിതമാകുകയായിരുന്നു. വിജയ് രൂപാനിയാണ് പിന്നീട് മുഖ്യമന്ത്രിയായത്. നിലവില്‍ അഹമ്മദാബാദില്‍ ഗാട്ട്‌ലോഡിയ മണ്ഡലത്തിലെ എം.എല്‍.എയാണ് ആനന്ദിബന്‍ പട്ടേല്‍.