ഭോപ്പാല്‍: സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും കോളജുകളും അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ പരിശീലന സെഷനുകള്‍ നടത്തണമെന്ന് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. യോഗ ദിനമായി ആചരിക്കുന്ന ജൂണ്‍ 21ന് പരിശീലനക്കളരികള്‍ നടത്തുകയും, നടത്തിയതിന്റെ “തെളിവുകള്‍” തന്റെ ഓഫീസില്‍ പിന്നീട് എത്തിക്കുകയും ചെയ്യണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
നിര്‍ദ്ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലേക്കും കോളജുകളിലേക്കും അയച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പരിപാടിയില്‍ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തി വന്‍ വിജയമാക്കുക എന്നതാണ് ഉദ്ദേശം.
യോഗാ ദിന പരിപാടികളുടെ സംഘാടകരായി രാജീവ് ഗാന്ധി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ സി.ഡി., പങ്കെടുത്തവരുടെ എണ്ണം എന്നിവയടങ്ങുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി രാജ് ഭവനിലേക്ക് റിപ്പോര്‍ട്ട് അയയ്ക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
പരിപാടിക്ക് മുന്നോടിയായി യോഗാസനങ്ങളുടെ ദൃശ്യങ്ങളടങ്ങുന്ന സി.ഡി. തയ്യാറാക്കാനും, പങ്കെടുക്കുന്നവരെ മുന്‍കൂട്ടി പരിശീലിപ്പിക്കണമെന്നും ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ് ഭവനില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളെ കൃത്യമായി അറിയിച്ചതായി രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അറിയിച്ചു.
യോഗാദിനം ആചരിക്കാനാവശ്യപ്പെടുന്നത് സാധാരണമാണെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ശരിയായ കീഴ്‌വഴക്കമാണെന്നു കരുതുന്നില്ലെന്ന് കോണ്‍ഗ്രസ്സ് വക്താവ് മാനക് അഗര്‍വാള്‍ പ്രതികരിച്ചു. ഗവര്‍ണര്‍ ഭരണപരമായ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണം മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഇടയ്ക്കിടെ ഉയര്‍ത്താറുണ്ട്.
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാനുള്ള വഴികളെക്കുറിച്ച് ആനന്ദി ബെന്‍ പട്ടേല്‍ ബി.ജെ.പി പ്രവര്‍ത്തകരുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ്സിന്റെ വിമര്‍ശനങ്ങള്‍ കടുത്തിരുന്നു.