ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അനന്തുവിനും പ്ലസ് ടു പരീക്ഷയില്‍ വിജയം
Kerala
ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അനന്തുവിനും പ്ലസ് ടു പരീക്ഷയില്‍ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2017, 8:14 am

 

ചേര്‍ത്തല: ഇന്നലെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വിജയിച്ച കുട്ടികളും രക്ഷകര്‍ത്താക്കളും സന്തോഷത്തിലും ഉന്നത പഠനത്തെ കുറിച്ചുമുള്ള ചിന്തയിലുമായിരുന്നു. എന്നാല്‍ ചേര്‍ത്തല വയലാര്‍ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 65 ശതമാനം മാര്‍ക്കോടെ വിജയിച്ച ഒരു കുട്ടിയുടെ വീട്ടില്‍ ദു:ഖം മാത്രമായിരുന്നു. വീട്ടില്‍ മാത്രമല്ല നാട്ടിലും സ്‌കൂളിലും എല്ലാം.


Also read ‘ജീവിക്കാന്‍ മതം വേണ്ട’; താന്‍ പൂണൂല്‍ ഉപേക്ഷിച്ചത് പതിനൊന്നാം വയസ്സിലെന്നും കമലഹാസന്‍


വയലാറില്‍ ഉത്സവത്തിനിടെ ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ അനന്തുവിനെയോര്‍ത്താണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ദു:ഖം. പ്ലസ് ടു പരീക്ഷയില്‍ 65 ശതമാനം മാര്‍ക്ക് വാങ്ങിയാണ് അനന്തു വിജയിച്ചത്. പക്ഷേ പരീക്ഷാ ഫലമറിയാന്‍ അനന്തു ഉണ്ടായിരുന്നില്ല. പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആര്‍.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായി വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത്.

പട്ടണക്കാട് പഞ്ചായത്തിലെ 10-ാം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകന്‍ -നിര്‍മല ദമ്പതികളുടെ മകനായ അനന്തു കോമേഴ്സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഏക മകന്റെ വേര്‍പാടില്‍ തകര്‍ന്ന മനസ്സുമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് വിജയവാര്‍ത്ത എത്തിയപ്പോള്‍ വീണ്ടും ദുഃഖം അണപൊട്ടി. അനന്തുവിന്റെ സഹപാഠികളുടെ അവസ്ഥയും സമാനമായിരുന്നു.

അനന്തു ജയിക്കുമെന്ന് ഉറപ്പായിരുന്നെന്നും എന്നാല്‍ അവനില്ലാത്തതിനാല്‍ ഫലം തിരക്കിയില്ലെന്നുമായിരുന്നു ഫലം പുറത്ത് വന്നശേഷം അനന്തുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞത്.


Dont miss കുല്‍ഭൂഷണ്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയില്‍ പാകിസ്താന്റെ വാദം പൂര്‍ത്തിയായി; കുല്‍ഭൂഷണിന്റെ ‘കുറ്റസമ്മത വീഡിയോ’ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പാകിസ്താനെ കോടതി തടഞ്ഞു 


ഏപ്രില്‍ അഞ്ചിന് രാത്രിയായിരുന്നു വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പിന്തുടര്‍ന്നെത്തിയ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. സ്‌കൂള്‍ പരിസരത്ത് തമ്പടിച്ച് നടത്തിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം ചോദ്യംചെയ്തതും ശാഖയില്‍ പോകുന്നത് നിര്‍ത്തിയതുമാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്. പ്രതികളായ വയലാറിലെ ആര്‍.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 17 ആര്‍.എസ്.എസുകാരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴുപേര്‍ ജുവനൈല്‍ ഹോമിലാണുള്ളത്.