സ്വര്‍ണ്ണം പോയാലും മാനം പോവരുത്, സിംഹാസനത്തിന്റെ ആണി ഇളകരുത് എന്ന ഫ്രജൈല്‍ ഈഗോയില്‍ മേല്‍പറഞ്ഞ പോലെ നറേറ്റീവുകള്‍ നിങ്ങള്‍ മാറ്റും - അത് കാപ്‌സ്യൂളാക്കി, അഭിമാനമാവേണ്ട ഒരു ഒളിമ്പ്യനെ കുറച്ച് കാണിക്കാന്‍ പാകത്തില്‍, സാധാരണ ജനങ്ങളിലേക്കെറിയും.
’53 kg വെയ്റ്റ് കാറ്റഗറിയില്‍ മത്സരിച്ച് തോറ്റതുകൊണ്ടാണ് വിനേഷിന് 50 kg കാറ്റഗറിയില്‍ മത്സരിക്കേണ്ടി വന്നത്’
‘മത്സരത്തിനിടെ തോന്നിയ പോലെ ഭക്ഷണം കഴിച്ചത് കൊണ്ടാണ് അവര്‍ക്ക് 2.7 kg കൂടിയത്. ഇത് തീര്‍ത്തും അവരുടെ തെറ്റാണ്’
നോക്കൂ ചിലര്‍ ഈ നറേറ്റീവ് കൊണ്ടു പോകുന്ന രീതി. വേള്‍ഡ് ചാമ്പ്യനെ മലര്‍ത്തിയടിച്ച ഒരു ഗോള്‍ഡ് വിന്നിങ് ഹോപ്പുള്ള അത്‌ലീറ്റിനെ ഷെയിം ചെയ്യാന്‍ പറയുന്ന ഇന്‍സെന്‍സിറ്റീവ് കമന്റുകള്‍ നോക്കൂ.
കഷ്ടം തോന്നുന്നു. ഇത്രയും ന്യായീകരണം വരുന്ന സ്ഥിതിക്ക് പറയട്ടെ, അവരെ തോല്‍പ്പിച്ചതാണ്. അവരെ പറ്റിച്ചതാണ്. She was defeated by the system.
ഇതൊരു ദിവസത്തെ സംഭവവികാസങ്ങളുടെ ആഫ്റ്റര്‍ ഇഫക്റ്റല്ല. പറയുമ്പോള്‍ പുറകിലോട്ട് പറയണം. ഒന്നര വര്‍ഷം പുറകിലോട്ട്.
1. വിനേഷിന്റെ ഒറിജിനല്‍ വെയിറ്റ് കാറ്റഗറി 53 kg ആണ്.
2. എന്തുകൊണ്ട് അവര്‍ക്ക് 53 kg കാറ്റഗറിയില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല?
ആ കാറ്റഗറിയില്‍ കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ലഭിച്ച ആന്റിം പങ്കല്‍ എന്ന റെസ്‌ലറിന് ക്വാട്ടയുണ്ട്.
3. അതെന്താ 53 kg കാറ്റഗറിയില്‍ തിളങ്ങി നിന്ന വിനേഷ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാഞ്ഞത്?
റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (WFI) മുന്‍ ചീഫായ ബ്രിജ് ഭൂഷനെതിരെ ധര്‍ണയിരിക്കുകയായിരുന്നു. രാജ്യത്തിന്റെ ഏറ്റവും പ്രോമിസിങായ അത്‌ലീറ്റുകളിലൊരാള്‍ നീതിക്ക് വേണ്ടി തെരുവില്‍ പോരാടുകയായിരുന്നുവെന്ന്.
എന്തിനെന്നല്ലെ?
സെക്ഷ്വല്‍ ഹറാസ്‌മെന്റിനും ഇന്റിമിഡേഷനും അയാള്‍ക്കെതിരെ പരാതി കൊടുത്തത് എവിടെയുമാവാഞ്ഞിട്ട്. പൊലീസോ അധികൃതരോ ഗവണ്‍മെന്റോ രാജ്യത്തിന്റെ വനിതാ അത്‌ലീറ്റുകളോട് നീതി കാണിക്കാഞ്ഞിട്ട്. അവരുടെ പോരാട്ടങ്ങളെ ബഹുമാനിക്കാഞ്ഞിട്ട്.
മോഷണത്തിനും കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കിഡ്‌നാപ്പിനും ബാബരി പൊളിച്ചതിനും കലാപമുണ്ടാക്കിയതിനുമടക്കം മുപ്പത്തിയെട്ടോളം കേസുകളുള്ള മാന്യനായ ഒരു ബി.ജെ.പി നേതാവ് തങ്ങളെ ലൈംഗികപരമായി ഹരാസ് ചെയ്യാന്‍ നോക്കി, പരാതിപ്പെടാതിരിക്കാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞത് കേള്‍ക്കേണ്ടവര്‍ക്ക് വിശ്വസിനീയമാവാഞ്ഞിട്ട്.
തെരുവിലിറങ്ങി പോരാടിയതിനെ അക്രമം കൊണ്ടും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പുതിയ കേസുകള്‍ കൊണ്ടും സിസ്റ്റം ഒതുക്കാന്‍ നോക്കി. അവരെ റോഡിലൂടെ വലിച്ചിഴച്ചു, പിന്നെയും തിക്താനുഭവങ്ങളുണ്ടായി. ഒടുക്കം രാജ്യം തലതാഴ്ത്തും വിധം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ പോയി.
ഒരു അത്‌ലീറ്റിന് വേണ്ടത് ആരോഗ്യപരമായ ശരീരത്തേക്കാള്‍ ആരോഗ്യപരമായ മനസാണ്. ആത്മവിശ്വാസം പോലെ തന്റെ രാജ്യം തന്റെ ഒപ്പമുണ്ടെന്ന വിശ്വാസവുമാണ്. ശാരീരിക ഇഞ്ച്വറിയില്‍ നിന്ന് വിനേഷ് തിരിച്ച് വരും. അത് നമ്മള്‍ പണ്ടും കണ്ടിട്ടുള്ളതാണ്. പക്ഷെ അതിന്റെ കൂടെ ഈ ഒന്നര വര്‍ഷം അവരെ എങ്ങനെയാണ് ബാധിച്ചത്?
ട്രെയ്ന്‍ ചെയ്യേണ്ട, പരിക്കുകളില്‍ നിന്ന് റിക്കവര്‍ ചെയ്യേണ്ടേ, മാറ്റിലിറങ്ങേണ്ട, ഗുസ്തി മാത്രം മനസിലുണ്ടാകേണ്ട കരിയറിലെ നിര്‍ണായക നിമിഷങ്ങളില്‍ അവര്‍ തെരുവില്‍ പോരാട്ടങ്ങള്‍ക്ക് വേണ്ടി, നിയമ പോരാട്ടങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ആ അഭാവത്തിലാണ് ആന്റിം പങ്കല്‍ 53 kg-യില്‍ ക്വാട്ട ഉറപ്പിക്കുന്നത്.
55 – 56 kg നാച്ചുറല്‍ വെയിറ്റുള്ള മുപ്പതിനോടടുത്ത ഒരു സ്ത്രീക്ക് 50 kg വെയിറ്റ് മെയ്‌ന്റെയ്ന്‍ ചെയ്യുക വളരെ വളരെ ബുദ്ധിമുട്ടാണ്. എന്നിട്ടും 50 kg കാറ്റഗറി തിരഞ്ഞെടുക്കേണ്ടി വന്നത്, വേറെ വഴിയില്ലാഞ്ഞിട്ടാണ്. റെസ്‌ലിങ് നിയമങ്ങള്‍ ക്ലിയറല്ലാത്തതു കൊണ്ടാണ്.
കേസിന്റെ ഭാഗമായി താത്കാലികമായി പിരിച്ചു വിട്ട WFI കമ്മിറ്റി, ബ്രിജ് ഭൂഷണിന്റെ അടുത്ത ആളായ സഞ്ജയ് സിങ്ങിന്റെ ഭാരവാഹിത്വത്തില്‍ തിരിച്ചു വരുന്നതും തന്റെ ഒളിമ്പിക്‌സ് മോഹം തന്നെ അവസാനിക്കും എന്ന് പേടിച്ചിട്ടാണ്. ഈ സ്‌പോര്‍ട്ടിനോടുള്ള അഭിനിവേശം കൊണ്ടാണ്.
വിനേഷിന്റെ അഭാവത്തില്‍ ഒളിമ്പിക് ക്വാട്ട ഉറപ്പാക്കിയ ആന്റിം, പഴയ WFI കമ്മിറ്റി നിയമ പ്രകാരമാണെങ്കില്‍ മറ്റ് ട്രയലുകളൊന്നുമില്ലാതെ ഡയറക്റ്റ് ഒളിമ്പിക്‌സിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇറങ്ങും. അങ്ങനെ നോക്കുമ്പോള്‍ വിനേഷിന് പങ്കെടുക്കാന്‍ പോലും കഴിയില്ല.
തന്റെ ഒളിമ്പിക് മോഹങ്ങള്‍ അട്ടിമറിക്കാന്‍ സഞ്ജയ് സിങ് ചീഫായ WFI ശ്രമിക്കുന്നുവെന്നും, തനിക്കും തന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിനും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുന്നുവെന്നും, ഡ്രഗ്ഗ് യൂസിന് വരെ തന്നെ പെടുത്തി അയോഗ്യയാക്കാന്‍ സാധ്യതയുണ്ടെന്നും വിനേഷാണ് ഈ ഏപ്രിളില്‍ പൊതുസമക്ഷം തുറന്നുപറഞ്ഞത്.
6. പിന്നെ എന്തിന് 50kgയിലും 53kgയിലും അവര്‍ ട്രയല്‍സില്‍ പങ്കെടുത്തു?
മുന്ന് പറഞ്ഞപോലെ WFI തിരിച്ച് അധികാരത്തില്‍ വന്നാല്‍ വിനേഷിന് മത്സര സാധ്യത പോലുമുണ്ടാവില്ല. അതുകൊണ്ടാണ് അവസരം പോവണ്ട എന്നതുകൊണ്ട് രണ്ടിലും പങ്കെടുത്തത്.
താത്കാലികമായ അഡ്‌ഹോക്ക് കമ്മിറ്റി ഒളിമ്പിക്‌സിന് മുന്ന് 53 kg കാറ്റഗറിയിലെ മികച്ച നാല് റെസ്‌ലേഴ്‌സിനെ വച്ച് ഒന്നു കൂടി ക്വാളിഫയര്‍ ട്രയല്‍സ് നടത്തുമെന്ന് ഉറപ്പ് കൊടുത്തിരുന്നു. അതില്‍ വിജയിക്കുന്നവര്‍ക്ക് ആന്റിമുമായി മത്സരിക്കാം. അതില്‍ ജയിക്കുന്നവരാണ് ഒളിമ്പിക്‌സിലേക്ക് പോവുക. അത് റിട്ടണായി തന്നാലെ മത്സരത്തിനിറങ്ങൂ എന്ന് വിനേഷ് ഡിമാന്‍ഡ് ചെയ്തിരുന്നു. അവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്നും ഉറപ്പ് വേണമായിരുന്നു.
ആ സമയത്തെ അവരുടെ മാനസികാവസ്ഥ, ഈ രാജ്യം – ഭരണകൂടം – WFI അവര്‍ക്ക് മേല്‍ ചെലുത്തുന്ന പ്രഷര്‍ മനസ്സിലാക്കാന്‍ കോമണ്‍സെന്‍സുണ്ടായാല്‍ മതി.
ബുദ്ധിമുട്ടുകള്‍ നിറഞ്ഞ വര്‍ഷമായിരുന്നു, ട്രെയ്ന്‍ ചെയ്യാന്‍ അധികം സമയം കിട്ടിയിട്ടില്ല, ഫോമിലാവാന്‍ തുടര്‍ച്ചയായി മത്സരങ്ങളില്ലായിരുന്നു. ഏഷ്യന്‍ ഗെയിംസും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും മിസ്സായി. കേസ് അതിന്റെ വഴിക്ക് നടക്കുന്നു. എന്നിട്ടും 50 kg-യില്‍ അവര്‍ വിജയിച്ചു 53 kg വിഭാഗത്തില്‍ ടോപ്പ് ഫോറില്‍ വരികയും ചെയ്തു.
പക്ഷെ ഒളിമ്പിക്‌സിനോടടുത്തപ്പോള്‍ ഈ പറഞ്ഞ അവസാന ട്രയലൊന്നുമുണ്ടായില്ല. WFI, അഡ്‌ഹോക്ക് കമ്മിറ്റി നടത്തിയ ട്രയല്‍സ് തന്നെ അസാധുവാക്കി. 50 kg തിരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ വിനേഷിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോലും കഴിയില്ലായിരുന്നു. She was forced to take up the 50kg category.
7. അത്രയും എക്‌സ്ട്രാ എഫര്‍ട്ട് എടുത്താണ് അവര്‍ ഒളിമ്പിക്‌സിലെത്തിയതും നാല് തവണ വേള്‍ഡ് ചാമ്പ്യനായ, 82-0 അണ്‍ഡിഫീറ്റഡ് ഇന്റര്‍നാഷണല്‍ റെക്കോഡുള്ള ചാമ്പ്യനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയത്.
8. മുന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞത് കൊണ്ടാണ് വിനേഷിന് പകരം ആന്റിം കയറി വന്നത്. WFI ട്രയല്‍സ് നടത്താനോ വിനേഷിന് ആന്റിമിനെ ചലഞ്ച് ചെയ്യാനോ പോലും അവസരം കൊടുത്തിട്ടില്ല. അവര്‍ 50 kg തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയായതാണ്. ആ ബുദ്ധി പ്രയോഗിച്ചില്ലായിരുന്നെങ്കില്‍ 53 kgയില്‍ മത്സരിക്കാന്‍ പോലും WFI സമ്മതിക്കില്ലായിരുന്നു.
നൂറല്ല, ഒറ്റ ദിവസം കൊണ്ട് രണ്ടരയ്ക്ക് മേലെ കിലോയാണ് വിനേഷിന് കൂടിയത്. 55-56 നാച്ചുറല്‍ വെയിറ്റുള്ള വിനേഷിന് 50ലേക്ക് വെയിറ്റ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ തലേ ദിവസം അവള്‍ അമ്പതിന് താഴെ ആയിരുന്നല്ലോ.
ശരിയാണ് – സ്‌ട്രെങ്ത്തിന് അന്നേ ദിവസം ഭക്ഷണം കഴിക്കണം, വെള്ളം കുടിക്കണം. ജയിച്ചാല്‍ തൊട്ടടുത്ത ദിവസം ഒളിമ്പിക് ഫൈനല്‍സുള്ള ഒരാളെ ആ ദിവസം കോച്ചോ നുട്രീഷ്യണിസ്റ്റോ മറ്റ് സ്റ്റാഫോ മോണിറ്റര്‍ ചെയ്തില്ലേ?
ആദ്യമായി ഒളിമ്പിക്‌സിന് വീട്ടില്‍ നിന്ന് എണീറ്റ് വരുന്ന കുട്ടിയല്ല വിനേഷ്. ഒരു തുള്ളി വെള്ളം അകത്ത് പോവുന്നത് പോലും നുട്രീഷ്യണിസ്റ്റ് കാലറി കൗണ്ട് നോക്കി നിഷ്‌കര്‍ഷിച്ചാവും. എവിടെ പോകണം, എന്ത് ചെയ്യണം എന്നതൊക്കെ മോണിറ്റേഡാണ്.
പെട്ടെന്ന് വെയിറ്റ് ഗെയ്‌നിനു സാധ്യതയുള്ള ഒരാളെ ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും തൂക്കം നോക്കണമെന്ന്, അതും ഈ മഹത്തായ ദിവസം ചെയ്യണമെന്ന് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സ് പഠിക്കണോ?
2.5 – 2.7 എന്നൊക്കെ വാര്‍ത്തയില്‍ കാണുന്നുവെങ്കിലും കൃത്യം എത്ര വെയ്റ്റ് തലേ ദിവസം കൊണ്ട് മാത്രം കൂടിയെന്ന് ഔദ്യോഗിക കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.
പൊതുജനത്തിനെ വിടൂ, ഗിമ്മിക്ക് കാണിക്കാനാണെങ്കില്‍ പോലും ഇതേ WFI യുടെ ചീഫ് ഇതേ സഞ്ജയ് സിങ്ങാണ് പറയുന്നത് വിനേഷിന്റെ ഡിസ്‌ക്വാളിഫിക്കേഷനു കാരണം കോച്ചും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുമാണ്, അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്.
അവര്‍ മത്സരിച്ച് തോറ്റതാണ്, അവര്‍ തോന്നിയ പോലെ ഭക്ഷണം കഴിച്ചതുകൊണ്ടാണ് എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ ആരെയാണ് ന്യായീകരിക്കാന്‍ നോക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലാവും സാര്‍.
കോച്ച്, ന്യൂട്രീഷ്യണിസ്റ്റ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് – ഇതിലെവിടെയോ സംഭവിച്ച നെഗ്ലിജന്‍സാണ് വിനേഷിന് അധികം വന്ന ആ നൂറ് ഗ്രാം. അത്‌ലീറ്റ് മത്സരത്തിലാണ് ഫോക്കസ് ചെയ്യേണ്ടത്, കാലറി ഇന്‍ടേക്കും വെയിറ്റും ഷെയ്പ്പും ട്രെയിനിങ്ങും നോക്കാനാണ് സ്‌പോര്‍ട്‌സ് അതോറിറ്റി എന്നും പറഞ്ഞ് കുറേ ഓര്‍ഗനൈസേഷനുകളുള്ളത് – ഇവിടെ WFI.
ആ നെഗ്ലിജന്‍സ് എല്ലാം ശ്രദ്ധിച്ചിട്ടും സംഭവിച്ചു പോയതാകാം. ചിലപ്പോള്‍ എല്ലാം കൂട്ടിവായിക്കുമ്പോള്‍ വേണമെന്ന് വച്ച് ഓര്‍ക്കസ്‌ട്രേറ്റ് ചെയ്തതാവാം.
പക്ഷെ അവരുടെ മനോബലം നശിപ്പിക്കാന്‍ നോക്കിയത്, 53 kg-യില്‍ കുറേ കൂടി സ്വസ്ഥമായി മത്സരിക്കേണ്ട അവരെ 50 kg-യുടെ ഈ പ്രഷറിലേക്കെത്തിച്ചതും ഈ സിസ്റ്റം തന്നെയാണ്.
അവരെ സ്ലോ ആക്കിയതാണ്, അവരെ പറ്റിച്ചതാണ്, അവരെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ്. ഇനിയും നട്ടെല്ല് പണയം വയ്ക്കാത്ത ചില സ്‌പോര്‍ട്‌സ് പേഴ്‌സന്മാര്‍ ഉണ്ടായതു കൊണ്ടാണ് അവര്‍ മത്സരിക്കുകയെങ്കിലും ചെയ്തത്.
കാരണം വിനേഷ് ജയിച്ചാല്‍, അത് ചെകിടത്തടിയാണ് പലര്‍ക്കും.
ഇത്ര കഷ്ട്ടപ്പെട്ട് എന്തിനാണ് 50 kg-യില്‍ പോയത്? അത് പ്രതിഷേധത്തിനിറങ്ങി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മിസ്സായത് കൊണ്ടാണ് 53 kg-യില്‍ അവസരം പോയതെന്നും, പിന്നീടതിലൊന്ന് ട്രൈ ചെയ്യാന്‍ അവസരവും കൊടുത്തില്ല എന്ന് പുറത്ത് വന്നാല്‍ കുറച്ചിലാണ്.
സ്വര്‍ണ്ണം പോയാലും മാനം പോവരുത്, സിംഹാസനത്തിന്റെ ആണി ഇളകരുത് എന്ന ഫ്രജൈല്‍ ഈഗോയില്‍ മേല്‍പറഞ്ഞ പോലെ നറേറ്റീവുകള്‍ നിങ്ങള്‍ മാറ്റും – അത് കാപ്‌സ്യൂളാക്കി, അഭിമാനമാവേണ്ട ഒരു ഒളിമ്പ്യനെ കുറച്ച് കാണിക്കാന്‍ പാകത്തില്‍, സാധാരണ ജനങ്ങളിലേക്കെറിയും.
വീണ്ടും പറയുന്നു, She was defeated by the system.
പക്ഷെ ഇപ്പൊഴും മനസ്സിലാക്കാത്ത കാര്യം: യുയി സുസാക്കിയെ മലര്‍ത്തിയടിച്ചപ്പോള്‍ തന്നെ, അവര്‍ എപ്പൊഴേ നിങ്ങളെ തോല്‍പ്പിച്ചു കഴിഞ്ഞു.
ഒതുക്കാന്‍ ഇത്രയും പണിപ്പെട്ടിട്ടും She proved herself a warrior. And that’s more than enough..
Content Highlight: Anandhu Krishna writes about Vinesh Phogat