| Wednesday, 20th November 2019, 11:56 pm

'റോഷാ...കുറച്ച് തടിയൊക്കെ കുറക്കേണ്ടി വരുംട്ടാ' ആദ്യ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച അനുഭവം പങ്കുവെച്ച് നടന്‍ ആനന്ദ് റോഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന ‘സമീര്‍’ എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കുറച്ച അനുഭവം പങ്കുവെച്ച് നടന്‍ ആനന്ദ് റോഷന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

‘ ഞാനും റഷീദിക്കാടെ സമീറും’ എന്ന തലക്കെട്ടോടെ പങ്കുവച്ച പോസ്റ്റില്‍ കഥാപാത്രത്തിനായി ശരീരഭാരം കുറയക്കാന്‍ ചെയ്ത പരിശ്രമങ്ങള്‍ രസകരമായി പങ്കുവെക്കുകയാണ് റോഷന്‍.

തടി കുറക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അമീര്‍ഖാനും ക്രിസ്ത്യന്‍ ബെയിലുമൊക്കെ കഥാപാത്രങ്ങള്‍ക്ക് തടി കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ കണ്ട് ഹരംപിടിച്ച തനിക്ക് വല്ലാത്ത സന്തോഷം തോന്നിയെന്ന് റോഷന്‍ പറയുന്നു.

സമീറിന് എല്ലാവരുടേയും പിന്തുണ ഉണ്ടാകുമെന്ന വിശ്വാസത്തോടെ റോഷന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആനന്ദ് റോഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:

*ഞാനും റഷീദിക്കാടെ സമീറും*

സമീറാവാന്‍ എന്നെ തിരഞ്ഞെടുത്തതിന് ശേഷം റഷീദിക്ക പറഞ്ഞു ‘റോഷാ…കുറച്ച് തടിയൊക്കെ കുറക്കേണ്ടി വരുംട്ടാ’..അമീര്‍ ഖാനും ക്രിസ്ത്യന്‍ ബെയിലുമൊക്കെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തടി കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോസ് കണ്ട് കണ്ട് ഹരം പിടിച്ച് നടക്കുന്ന ഒരു അഭിനയമോഹിക്ക് ഇതില്പരം സന്തോഷം വേറെയുണ്ടോ! ഞാന്‍ ഒന്നാലോചിക്കാന്‍ പോലും നില്‍ക്കാതെ റഷീക്കയോട് ആവേശത്തോടെ സമ്മതം മൂളി.

ഡയറ്റ് ഒക്കെ കൃത്യമായി നോക്കിയാലല്ലേ തടി കുറയൂ അതിന് ബെസ്റ്റ് വീട്ടില്‍ നില്‍ക്കുന്നതാണെന്ന് മനസ്സിലാക്കി എറണാകുളത്ത് നിന്ന് ബാഗ് പാക്ക് ചെയ്ത് നേരെ നാട്ടിലോട്ട് വണ്ടി കയറി.തടി കുറക്കാന്‍ ആരുടെ സഹായം തേടുമെന്ന് ആലോചിച്ചപോഴാണ് ഫെബിക്കയെ ഓര്‍മ്മവന്നത്..എടപ്പാളിലെ ലൈഫ് ലൈന്‍ ഫിറ്റ്‌നസ്സിലെ ട്രെയ്‌നറാണ് ആള്‍,പോയി കണ്ട് കാര്യം പറഞ്ഞു.

ഷര്‍ട്ട് ഊരി ശരീരം കണ്ട് ഫെബിക്ക പറഞ്ഞു ‘മൊത്തം ഫാറ്റ് ആണ്, ഒരു 20 കിലോയെങ്കിലും കുറച്ചാലേ ക്ഷീണം തോന്നുന്ന അവസ്ഥയിലേക്ക് എത്തൂ’ കണ്ണാടിയില്‍ സ്വന്തം ശരീരം നോക്കി ലജ്ജയോടെ നിന്ന നിമിഷം.ശരീരം ശ്രദ്ധിക്കാതെ എന്ത് കോപ്പിനാണ് ഇത്രയും വര്‍ഷം സിനിമ സിനിമ എന്ന് പറഞ്ഞ് നടന്നതെന്ന് വരെ തോന്നിപോയി…ന്യായീകരിക്കാന്‍ സ്വയം കുറേ കാരണങ്ങള്‍ കണ്ടെത്തി അന്ന് ഞാന്‍ സുഖമായി ഉറങ്ങി.

തടി കുറക്കാന്‍ ആകെ മുന്നില്‍ ഉണ്ടായിരുന്നത് നാല് മാസമായിരുന്നു, ഫെബിക്കയുടെ കീഴില്‍ രാവിലെയും വൈകിട്ടുമായി ദിവസേന 5 മണിക്കൂര്‍ വര്‍ക്ക്ഔട്ട്! ഏകദേശം മൂന്ന് മാസംകൊണ്ട് പതിനഞ്ചുകിലോ കുറച്ച് നില്‍ക്കുന്ന സമയത്താണ് വില്ലനായി നട്ടെല്ലിനൊരു പരിക്ക് കടന്നുവരുന്നത്.

വേദനകൊണ്ട് കിടന്ന്പുളഞ്ഞ എന്നെ അനിയനാണ് എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്.അവിടത്തെ ഓര്‍ത്തോ രാജേഷ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇഞ്ചക്ഷന്‍ നല്‍കിയപ്പോള്‍ വേദനയല്‍പ്പം കുറഞ്ഞെങ്കിലും എക്‌സ്‌റേ റിസള്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ പോയ വേദന അതിനേക്കാള്‍ സ്പീഡില്‍ തിരിച്ചെത്തി ‘സ്പൈനല്‍ ഫ്‌ലൂയിഡ് ലീക്ക് ആവുന്നതാണ് പെട്ടന്ന് സംഭവിച്ചതാവില്ല ക്രമേണ വന്നതാവാനാണ് സാധ്യത,എന്തായാലും കുറച്ച് ദിവസം ബെഡ് റസ്റ്റ് വേണം അതുപോലെ രണ്ട് മാസത്തേക്ക് വര്‍ക്ക്ഔട്ട് നിര്‍ത്തുന്നതാവും നല്ലത്’ എന്നായിരുന്നു നിര്‍ദ്ദേശം..അന്ന് രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല,കാരണം എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ.

എല്ലാം പെട്ടന്ന് ശരിയാവുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുമ്പോളാണ് ഇടുത്തീ വീണപോലെ മറ്റൊരു വാര്‍ത്ത,UAEല്‍ സമീറിന് ഷൂട്ടിങ്ങിനുള്ള അനുമതി കിട്ടിയില്ല എന്നതായിരുന്നു അത്.ആകെ തകര്‍ന്ന് പോയേക്കാവുന്ന അവസ്ഥയില്‍ കരുത്തായത് കൂട്ടുകാരന്‍ മുരളിയുടെ വാക്കുകളായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെറുതെ ഇരുന്ന് ചിന്തകള്‍ കാടുകയറാന്‍ തുടങ്ങിയപ്പോള്‍ ഒരു യാത്ര പോകുന്നത് എന്തുകൊണ്ടും നല്ലതാവുമെന്ന് തോന്നി..ഒരു ബാഗ് എടുത്ത് തൃശ്ശൂരിന്ന് ബാംഗ്ലൂര്‍ക്ക് ട്രെയിന്‍ കയറി…അവിടന്ന് ഹൈദരാബാദ് ഡല്‍ഹി കൊല്‍ക്കത്ത മുംബൈ എന്നീ നഗരങ്ങളിലൂടെ ഒരു മാസത്തെ അലച്ചില്‍ കഴിഞ്ഞ് ഉറ്റ കൂട്ടുകാരന്‍ ഫാസീടെ കല്യാണ തലേന്ന് ബിരിയാണി തിന്നാനാണ് പിന്നെ തിരിച്ചെത്തിയത്.പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര അനുഭവങ്ങള്‍ ആ യാത്ര സമ്മാനിച്ചു, വീണ്ടും എന്നില്‍ ഉന്മേഷത്തിന്റെ അമിട്ട് പൊട്ടി…

എല്ലാം പതുക്കെ കലങ്ങി തെളിഞ്ഞു,UAEല്‍ പെര്‍മിഷന്‍ റെഡിയായി…ഞാന്‍ വീണ്ടും സമീര്‍ ആകാന്‍ ഒരുങ്ങി.വിയര്‍പ്പൊഴുക്കി കളഞ്ഞ ആ പതിനഞ്ചു കിലോയില്‍ പകുതിയിലേറെയും ആ യാത്രക്കിടയില്‍ തന്നെ എന്നിലേക്ക് തിരിച്ചെത്തിയിരുന്നു.വീണ്ടും ഫെബിക്കയുടെ കീഴില്‍ ഡോക്ടര്‍ തന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്‍പത്തേക്കാളും കഠിനമായ പരിശീലനം.അവിടന്ന് രണ്ടര മാസംകൊണ്ട് ആകെമൊത്തം 25 കിലോ കുറഞ്ഞപോഴേക്കും ഏകദേശം ക്ഷീണിതനായ സമീറായി ഞാന്‍ മാറിയിരുന്നു.

ഷൂട്ടിങ്ങിനായി ദുബായിക്ക് പോകുന്നതിന് മുന്‍പ് ആക്ടലാബില്‍ പോയി സജീവ് സാറിനെ കാണണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു,പക്ഷേ ആ സമയമായപ്പോഴേക്കും പേരിന് മാത്രം ഭക്ഷണവും അര ലിറ്റര്‍ വെള്ളവും മാത്രം അടങ്ങുന്ന കഠിനമായ ഡയറ്റിലായിരുന്നു.ആകെ അവശനായി ഇടക്ക് തലകറക്കം വന്നിരുന്ന എന്നെ ഒറ്റക്ക് വിടാന്‍ അച്ഛനും അമ്മയ്ക്കും പേടിയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷെ സജീവ് സാറെ കാണാതെ എങ്ങനെയാ ഞാന്‍ പോവാ…അഭിനയം വെറും മോഹം മാത്രമായി കൊണ്ടുനടന്നിരുന്ന എനിക്ക് അതൊരു ആവേശമാക്കി മാറ്റി ഇമ്മാതിരി തോന്നിവാസങ്ങള്‍ ഒക്കെ കാണിച്ചുകൂട്ടാന്‍ ശക്തി തന്ന എന്റെ ഗുരുവാണ് അദ്ദേഹം.നാട്ടീന്ന് ബസ് കയറി ആലുവ വരെ എത്തിയാ മതി അവിടന്ന് അങ്ങോട്ട് നസ്മല്‍ കൊണ്ടോയിക്കോളും,അത് വേറൊരു പഹയന്‍.അങ്ങനെ സജീവ് സാറിനേം കണ്ട് സാജന്‍ ചേട്ടനോടും അനൂപ് സാറോടും യാത്ര പറഞ്ഞ് ഞാന്‍ മടങ്ങി.അങ്ങനെ ആദ്യ ഗള്‍ഫ് യാത്രക്കായി ഞാന്‍ ഒരുങ്ങി,വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കായി പോകേണ്ടിയിരുന്ന അതേ ദുബായിലേക്ക് നായകനാവുന്ന ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനായി ഞാന്‍ പുറപ്പെട്ടു…

അവിടെ ചെന്നിട്ടുള്ള വിശേഷങ്ങള്‍ പിന്നെ പറയാം…

ഇങ്ങനൊക്കെയാണ് ട്ടോ മ്മ്ടെ സമീര്‍…നിങ്ങളൊക്കെ കൂടെ ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് അവന്‍…

We use cookies to give you the best possible experience. Learn more