| Thursday, 10th June 2021, 1:51 pm

സുരേന്ദ്രന്‍ തെറിക്കുമോ?; ആനന്ദബോസ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കിടെ സുരേന്ദ്രനെ പ്രതിസന്ധിയിലാക്കി നേതൃമാറ്റവും പ്രധാനമന്ത്രി വിശകലനം ചെയ്‌തേക്കും. സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃമാറ്റത്തെക്കുറിച്ചുള്ള കാര്യങ്ങളും പരാമര്‍ശിച്ചതായി ആനന്ദബോസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികള്‍ നേരിട്ടും അല്ലാതെയും ആനന്ദ ബോസിന് നല്‍കിയിട്ടുണ്ട്. നേതൃമാറ്റ വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവര്‍ക്ക് പറയാനുള്ളത് കേട്ടിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് നേതൃമാറ്റത്തില്‍ തന്റെ ശുപാര്‍ശ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ആനന്ദബോസ് പറഞ്ഞു.

റിപ്പോര്‍ട്ട് പ്രധാനമന്ത്രി പരിഗണിക്കാനിരിക്കെ തന്റെ ശുപാര്‍ശയെക്കുറിച്ച് വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.

കേരള ബി.ജെ.പിയില്‍ തുടരുന്ന വിഭാഗീയതകളെക്കുറിച്ചും ആനന്ദബോസ് റിപ്പോര്‍ട്ടില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും നേതൃപരാജയവും വിശദീകരിച്ച് ആനന്ദബോസിനും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കും സംസ്ഥാന ഭാരവാഹികള്‍ അടക്കം ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്‍ ഉള്‍പ്പെട്ട മുരളീധരപക്ഷം പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കി, സി.കെ. ജാനുവിന് പണം നല്‍കി തുടങ്ങി വിവിധ ആരോപണങ്ങള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും കെ. സുരേന്ദ്രനുമെതിരെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നേതൃമാറ്റം ചര്‍ച്ചയാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ananda Bose report before Narendra bose against K Surendran

Latest Stories

We use cookies to give you the best possible experience. Learn more