| Monday, 4th June 2012, 12:09 pm

ഇന്ത്യയില്‍ ഒരു ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായി ആനന്ദിന്റെ ഇനിയുള്ള ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലോക ചെസ്സിലെ മുടിചൂടാമന്നനായ ആനന്ദിന്റെ ഇനിയുള്ള ശ്രമം തന്റെ സ്വന്തം നാട്ടില്‍ ഒരു ചെസ്സ്‌കിരീടം എന്നുള്ളതാണ്. ലോകത്തിലെ വിവിധയിടങ്ങളില്‍ വെച്ച് നടന്ന മത്സരത്തില്‍ അദ്ദേഹം ചാമ്പ്യനായിട്ടുണ്ട്.

ടെഹ്‌റാന്‍, മെക്‌സിക്കോ, ബോണ്‍, സോഫിയാ, മോസ്‌കോ തുടങ്ങിയ സ്ഥലങ്ങളെല്ലാം ആനന്ദിന്റെ കിരീടനേട്ടത്തിന് വേദിയായപ്പോള്‍ ഇന്ത്യയില്‍ മാത്രം ഒരു ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടത്തിന് ആനന്ദിന് അവസരം ഉണ്ടായിരുന്നില്ല.

2014 ല്‍ നടക്കുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായി ഇന്ത്യയെ പരിഗണിക്കാന്‍ വേണ്ട് ശ്രമം നടത്തുമെന്ന് ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. ആനന്ദിന് തന്റെ ഹോം ഗ്രൗണ്ടില്‍ ആറാം കിരീടനേട്ടത്തിന് വേദിയൊരുക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.

1991 ല്‍ ചെന്നൈയില്‍ വെച്ച് നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലാണ് ആനന്ദ് ആദ്യമായി ഇന്ത്യയില്‍ വെച്ച് നടന്നത്. അന്ന് അദ്ദേഹത്തിന്റെ എതിരാളിയായ അലക്‌സി ഡ്രീവിനെ നിസ്സാരമായി തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു.

“”ഇന്ത്യയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ കളിക്കുക എന്നത് വലിയ ചലഞ്ച് ആണ്. നമ്മള്‍ നമ്മുടെ സ്വന്തം നാട്ടുകാരുടേയും ആരാധകരുടേയും മുന്നിലിരുന്നാണ് കളിക്കുന്നത്. അവരുടെ പ്രതീക്ഷ ഏറെ വലുതായിരിക്കും. ആ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടു കളിക്കുക എന്നത് ഏറെ സമ്മര്‍ദ്ദം നിറഞ്ഞ കാര്യമാണ്””.

2000ത്തില്‍ ടെഹ്‌റാനില്‍ വെച്ച് നടന്ന ചെസ്സ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന മത്സരം ദല്‍ഹിയില്‍ വെച്ചായിരുന്നു. അതും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു- ആനന്ദ് വ്യക്തമാക്കി. 2014 ലെ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മിക്കവാറും ഇന്ത്യയില്‍ വെച്ചുതന്നെ നടക്കുമെന്നാണ് കരുതുന്നതെന്ന് വേള്‍ഡ് ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഡി.വി സുന്ദര്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more