മുംബൈ: കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പ്രമുഖ അക്കാദമീഷ്യനും സാമൂഹികപ്രവര്‍ത്തകനുമായ ആനന്ദ് തെല്‍തുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്തു. സുപ്രീം കോടതി തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും നല്‍കിയ പരിരക്ഷ നിലനില്‍ക്കെയാണ് പൊലീസ് നടപടി. ഇന്ന് രാവിലെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്റ്റ് എന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
തെല്‍തുംദെയെ അറസ്റ്റു ചെയ്‌തെന്ന് സ്ഥിരീകരിച്ച എ.സി.പി ശിവാജി പവാര്‍, അദ്ദേഹത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
Maharashtra: Anand Teltumbde, an accused in Bhima Koregaon case has been arrested by Pune Police from Mumbai this morning. Pune session court had yesterday rejected his anticipatory bail plea.
— ANI (@ANI) February 2, 2019
ജനുവരി 14ന് സുപ്രീം കോടതി 4 ആഴ്ചത്തേക്ക് തെല്‍തുംദെയ്ക്ക് അറ്സ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി തെല്‍തുംദെയ്ക്ക് അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 11ന് വരെയാണ് സുപ്രീം കോടതി അനുവദിച്ച സംരക്ഷണത്തിന്റെ കാലാവധി.
എന്നാല്‍ തെല്‍തുംദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ കോടതി ഇന്നലെ തള്ളിയിരുന്നു. തെല്‍തുംദെയ്‌ക്കെതിരെ മതിയായ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കേസ് നിര്‍ണ്ണായക ഘട്ടത്തിലാണെന്നും തെല്‍തുംദെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. പൂനെ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തെല്‍തുംദെയുടെ കൗണ്‍സില്‍ പറഞ്ഞിരുന്നു.
Also Read ആനന്ദ് തെല്‍തും ദെ ജയിലിനു മുന്നില്‍ നില്‍ക്കുകയാണ്
നേരത്തെ കാഞ്ച ഐലയ്യ, അരുന്ധതി റോയ് തുടങ്ങി സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ആനന്ദിനെതിരെയുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തെല്‍തുംദെയ്ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചാതണെന്ന് ആരോപിച്ച് അംബേദ്കര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഭീമ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്തില്‍ ഗൗതം നാവ്ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുള്ളണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. തെല്‍തുദെയുടെയും സ്റ്റാന്‍ സ്വാമിയുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിരോധിത സംഘടനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.