| Thursday, 16th July 2020, 1:54 pm

'തെറ്റായ കാരണങ്ങളാല്‍ ജയിലില്‍ കഴിയുന്ന നല്ല മനുഷ്യരാണവര്‍'; ആനന്ദ് തെല്‍തുംദെയ്ക്കും ഗൗതം നവ്‌ലാഖയ്ക്കും ശക്തിഭട്ട് പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിനിടയില്‍ അറസ്റ്റിലാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംദെയ്ക്കും ഗൗതം നവ്‌ലാഖയ്ക്കും 2020ലെ ശക്തി ഭട്ട് ബുക്ക് പ്രൈസ്. ഭീമ കൊറേഗാവ് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

‘ഖയിര്‍ലാഞ്ചി: എ സ്‌ട്രേഞ്ച് ആന്‍ഡ് ബിറ്റര്‍ ക്രോപ് ആന്‍ഡ് റിപ്പബ്ലിക് ഓഫ് കാസ്റ്റ്’ എന്ന പുസ്തകത്തിനാണ് തെല്‍തുംദെ പുരസ്‌കാരത്തിനര്‍ഹനായത്. മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത് ‘ഡേയ്‌സ് ആന്‍ഡ് നൈറ്റസ് ഇന്‍ ദ ഹാര്‍ട്ട്‌ലാന്‍ഡ് ഓഫ് റെബല്യണ്‍’ എന്ന കൃതിയ്ക്കുമാണ്.

ഇരുവരുടെയും തടവ് 90 ദിവസത്തേക്ക് കൂടി നീട്ടികൊണ്ട് ഉത്തരവിട്ടിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന് ലോക്ക്ഡൗണിനിടെ കേസ് വേണ്ടവിധം അന്വേഷിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തടവ് നീട്ടിയത്.

പുരസ്‌കാരത്തിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും പുരസ്‌കാരത്തിന് ഇവരെ തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാണെന്ന് എഴുത്തുകാരനും പുരസ്‌കാരത്തിന്റെ കോ-ക്യൂറേറ്ററുമായ ജീത്ത് തയ്യില്‍ പറഞ്ഞു.

‘ഇവര്‍ രണ്ടു പേര്‍ക്കും ഇത്തവണത്തെ പുരസ്‌കാരം നല്‍കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ആ കാരണങ്ങളെന്താണെന്ന് വ്യക്തവുമാണ്. തെറ്റായ കാരണങ്ങളാല്‍ ജയിലില്‍ കഴിയുന്ന നല്ല മനുഷ്യരാണവര്‍,’ ജീത്ത് തയ്യില്‍ പറഞ്ഞു.

എഴുത്തുകാരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യത്തിന് പലവിധത്തില്‍ ഭീഷണി നേരിടുന്നതായി ജീത്ത് തയ്യില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നതിന് കാരണം ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് വ്യാപനത്തിനിടെ താത്കാലിക ജയിലില്‍ കഴിയുകയായിരുന്ന ഗൗതം നവ്‌ലാഖ ജയിലിനകത്തെ ശോചനീയമായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഖാര്‍ഘറിലെ ഒരു സ്‌കൂളില്‍ താത്കാലികമായി ക്രമീകരിച്ച ജയിലിലെ സാഹചര്യങ്ങളാണ് നവ്ലാഖ വെളിപ്പെടുത്തിയത്. ആറ് ക്ലാസ് മുറികളിലായി 350 തടവുകാരാണ് താമസിക്കുന്നതെന്ന് നവ്ലാഖ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ സഹ്ബ ഹുസൈന്‍ പറഞ്ഞു.

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് കഴിയുന്ന 80കാരനായ കവി വരവര റാവുവിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more