| Thursday, 18th July 2019, 11:50 am

കര്‍ണാടക: ഭരണഘടനയ്‌ക്കെതിരായ സുപ്രീം കോടതി വിധിയ്‌ക്കെതിരെ റൂളിങ് വേണമെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ റൂളിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അനന്ത് ശര്‍മ്മയാണ് വിഷയം സഭയില്‍ കൊണ്ടുവന്നത്.

‘ഇന്ത്യന്‍ ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് സുപ്രീം കോടതി വിധി. ഈ വിഷയത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു റൂളിങ് നടത്തണം’ അദ്ദേഹം ആവശ്യപ്പെട്ടു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ സത്തയ്ക്ക് എതിരാണ് സുപ്രീം കോടതിയുടെ വിധി. നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റമാണ് ഈ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയിലെ വിമതരുടെ കാര്യത്തിലെ സുപ്രീം കോടതി വിധി ഭരണഘടനയുടെ പത്താം ഷെഡ്യൂളിന് എതിരാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിമതരെ നിര്‍ബന്ധിക്കരുതെന്ന കോടതി നിര്‍ദേശമാണ് ഇത്തരമൊരു വിമര്‍ശനമുയരാന്‍ കാരണം.

ഈ ഉത്തരവ് പ്രകാരം സഭയിലെത്താന്‍ എം.എല്‍.എമാര്‍ക്ക് വിപ്പു നല്‍കാന്‍ അതത് പാര്‍ട്ടികള്‍ക്കു കഴിയില്ല. അതുവഴി വിമതര്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും.

ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ ക്ലോസ് 2(ബി)യ്ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ വിമത എം.എല്‍.എമാരെ സഹായിക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ ക്ലോസ് 2(ബി)യുടെ ലംഘനമാണ് കോടതി വിധി.

We use cookies to give you the best possible experience. Learn more