ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ പരിഗണിച്ച് ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. രാജ്യത്തെ സാമ്പത്തികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനവും ലോക്ഡൗണും അവസ്ഥ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രധാനമന്ത്രി ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണം. സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുള്ള പോക്ക് ഇതിലൂടെ മാത്രമേ സാധ്യമാകൂ എന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു.
‘മൈക്രോ, ചെറുകിട, ഇടത്തര വ്യവസായ മേഖലകള്‍ക്ക് ചരക്കുകള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം. ഈ മേഖലകള്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കണം’, ആനന്ദ് ശര്‍മ്മ പറഞ്ഞു. സാമ്പത്തിക നയം സര്‍ക്കാര്‍ അവലോകനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതിയ 900ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ 9352 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമാണിത്.
മന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 324 പേരാണ് രോഗത്താല്‍ ഇത് വരെ മരിച്ചത്. എന്നാല്‍ ആഗോള തലത്തില്‍ കണക്കുകള്‍ ശേഖരിക്കുന്ന വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 331 പേരാണ് മരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ