ന്യൂദൽഹി: ഇസ്രഈൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്ക് സമാനമായ ആക്രമണം കശ്‍മീരിലും നടത്തണമെന്ന ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകനും പ്രൊഫെസ്സറുമായ ആനന്ദ് രംഗനാഥൻ. പിന്നാലെ നിങ്ങൾക്ക് ഭ്രാന്താണെന്നും അതിനുള്ള ചികിൽത്സ തേടൂ എന്ന് വിമർശിച്ച് കൊണ്ട് കാശ്മീരി പണ്ഡിറ്റ് യുവാവിന്റെ മറുപടി കുറിപ്പ്.
കഴിഞ്ഞ ദിവസം അനി പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് രംഗനാഥൻ ഫലസ്തീനിൽ ഇസ്രഈൽ നടത്തിയതിന് സമാനമായ വംശഹത്യ കാശ്മീരിൽ നടത്തണമെന്ന ആവശ്യവുമായെത്തിയത്.
‘ ഭീകരതക്കെതിരെയും അതിർത്തി സുരക്ഷക്ക് വേണ്ടിയും പോരാടുന്നത് വഴി ഇസ്രഈൽ മറ്റൊരു വംശഹത്യ തടയുകയാണ് ചെയ്യുന്നത്. ഞാൻ ഇസ്രഈലിനോപ്പം നിൽക്കുന്നു. ഞാൻ കാശ്മീരി ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു,’ രംഗനാഥന്റെ എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
അനി പോഡ്കാസ്റ്റിൽ സംസാരിച്ചതിന് പിന്നാലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്. പോഡ്‌കാസ്റ്റിൽ ഇസ്രഈലിനെയും വംശഹത്യയേയും അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോയ്‌ക്കൊപ്പമായിരുന്നു കുറിപ്പും പങ്കുവെച്ചത്.
വംശഹത്യയെ പിന്തുണച്ചുള്ള വീഡിയോ പ്രചരിച്ചതോടെ മറുപടിയുമായി കാശ്മീരി പണ്ഡിറ്റുകൾ തന്നെ അദ്ദേഹത്തിനെതിരെ മുന്നോട്ടെത്തിയിരിക്കുകയാണ്.
താനൊരു കാശ്മീരി പണ്ഡിറ്റ് ആണെന്നും ഇസ്രഈൽ നയം കാശ്മീരിൽ വേണമെന്ന് പറയുന്ന നിങ്ങൾക്ക് ഭ്രാന്തുണ്ടോയെന്നും ചികിൽസ തേടു എന്നും പറഞ്ഞുകൊണ്ടായിരുന്നു മറുപടി വന്നത്. തങ്ങൾ അനുഭവിച്ചത് എന്താണെന്ന് വ്യക്തമായറിയാമെന്നും അതൊരിക്കലും മറ്റൊരു വിഭാഗത്തിനും ഉണ്ടാകരുതെന്നാണ് ഓരോ കാശ്മീരി പണ്ഡിറ്റുകളും ആഗ്രഹിക്കുന്നതെന്നും കാശ്മീരി യുവാവ് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.
‘ഇസ്രഈലിന്റെ രീതി അവലംബിക്കണമെന്നോ? ഗസയിൽനിന്ന് വരുന്ന ചിത്രങ്ങൾ കാണുന്നില്ലേ നിങ്ങൾ? പണ്ഡിറ്റുകൾ എന്ന നിലക്ക് ഞങ്ങൾക്ക് അനീതി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്ന് വെച്ച് മറ്റൊരാളുടെ ചോര ചിന്തിക്കൊണ്ടല്ല അതിനുള്ള പരിഹാരം തേടേണ്ടത്. ഇത്തരം പ്രാകൃതത്വത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങൾക്ക് മാനസികചികിത്സയാണ് ആവശ്യം,’ എക്‌സിൽ കാശ്മീരി പണ്ഡിറ്റ് യുവാവ് കുറിച്ചതിങ്ങനെയാണ്.
ഇന്ത്യയൊട്ടാകെ വിഷയം ഏറ്റെടുക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമർശനങ്ങൾ രംഗനാഥനെതിരെ ഉയരുകയും ചെയ്യുന്നുണ്ട്. നിരവധി കശ്മീരികളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോഡ്‌കാസ്റ്റിൽ ഇരുന്ന് വംശഹത്യ പറയുന്ന ആനന്ദ് രംഗനാഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കണമെന്നും ഇയാൾ ദേശീയ വിരുദ്ധതയാണ് പറയുന്നതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Content Highlight: Anand Ranganadhan is calling for a mass genocide, an Israel-like solution in KASHMIR, an Indian State in the ANI Podcast.