നടനും സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടൈസണ്‍. സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പൃഥ്വി തന്നെയാണ് ചിത്രത്തിലെ നായകന്‍.
പാന്‍ ഇന്ത്യന്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതിന് പിന്നിലെ കഥ പറയുകയാണ് പോസ്റ്റര്‍ ഡിസൈനര്‍ ആനന്ദ് രാജേന്ദ്രന്‍. സിനിമയെപ്പറ്റി കുറെ മുമ്പ് തന്നെ പൃഥ്വി തന്നോട് സംസാരിച്ചിരുന്നെന്നും അതിന് വേണ്ടി ഒരു പോസ്റ്റര്‍ ഉണ്ടാക്കി വെക്കാന്‍ തന്നെ ഏല്പിച്ചെന്നും ആനന്ദ് പറഞ്ഞു.
തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്ന് അവിടെ കണ്ട ഒരു സെക്യൂരിറ്റിയെ വെച്ചാണ് ആ ഫോട്ടോ എടുത്തതെന്നും ഡിസൈന്‍ ചെയ്ത ശേഷം കുറെക്കാലം കഴിഞ്ഞാണ് ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് നടത്തിയതെന്നും ആനന്ദ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.
‘ടൈസണെപ്പറ്റി കുറെ മുമ്പ് തന്നെ പൃഥ്വി എന്നോട് പറഞ്ഞിരുന്നു. അതിന്റെ പോസ്റ്റര്‍ എങ്ങനെ വേണമെന്നുള്ളതിന്റെ ഒരു ബ്രീഫും ആ സമയത്ത് എനിക്ക് തന്നിരുന്നു. തിരുവനന്തപുരത്ത് ഒന്നുരണ്ട് ഗവണ്മെന്റ് ഓഫീസ് കണ്ടതിന് ശേഷമാണ് ഞങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള സ്ഥലം കിട്ടിയത്.ആ ഓഫീസില്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തുതന്ന ഒരു സെക്യൂരിറ്റി ചേട്ടന്‍ ഉണ്ടായിരുന്നു.
പുള്ളിയോട് ഫോട്ടോക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ചു. പുള്ളി അതിന് സമ്മതിച്ചു. പിന്നീട് ആ പോസ്റ്ററില്‍ കണ്ട കോസ്റ്റ്യൂം കൊടുത്തിട്ട് ആ ബോര്‍ഡിന് മുന്നില്‍ നിര്‍ത്തി ഫോട്ടോ എടുത്തിട്ടാണ് പോസ്റ്റര്‍ സെറ്റാക്കിയത്. പിന്നീട് കുറച്ച് കാലം കഴിഞ്ഞാണ് ഹോംബാലെ ഫിലിംസ് ഒഫിഷ്യലായി ആ പോസ്റ്റര്‍ പുറത്തിറക്കിയത്,’ ആനന്ദ് പറഞ്ഞു.
Content Highlight: Anand Rajendran about the poster of Tyson movie