| Tuesday, 11th June 2024, 1:18 pm

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍; ആനന്ദ് പട്‌വര്‍ധന്റെ വസുധൈവ കുടുംബകത്തിന് മികച്ച ഡോക്യുമെന്ററി പുരസ്‌കാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമൂഹ്യ-രാഷ്ട്രീയ, മനുഷ്യാവകാശ-അധിഷ്ഠിത സിനിമകള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകനാണ് ആനന്ദ് പട്‌വര്‍ധന്‍. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇന്ത്യയിലെ മതമൗലികവാദത്തെയും വിഭാഗീയതയെയും ജാതീയതയെയും ചര്‍ച്ച ചെയ്യുന്ന സിനിമകളാണ് മിക്കതും.

ബോംബെ: ഔര്‍ സിറ്റി, ഇന്‍ മെമ്മറി ഓഫ് ഫ്രണ്ട്‌സ്, ഇന്‍ ദി നെയിം ഓഫ് ഗോഡ്, ഫാദര്‍ സണ്‍ ഏന്‍ഡ് ഹോളി വാര്‍, എ നര്‍മദ ഡയറി, വാര്‍ ഏന്‍ഡ് പീസ്, ജയ് ഭീം കോംമ്രേഡ്, റീസണ്‍, വസുധൈവ കുടുംബകം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ആനന്ദ് പട്‌വര്‍ധന്‍. 2023ല്‍ പുറത്തിറങ്ങിയ വസുധൈവ കുടുംബകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

നേരത്തെ ടെക്സാസിലെ ഓസ്റ്റിനില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവലിലും വസുധൈവ കുടുംബകം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഒപ്പം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത് പ്രീമിയര്‍ ചെയ്തിരുന്നു.

മാറുന്ന ഇന്ത്യയുടെ കഥ പറയുന്ന വസുധൈവ കുടുംബകത്തിനായി ആനന്ദ് പട്‌വര്‍ധന്‍ 1990കളുടെ അവസാനം മുതല്‍ തന്റെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഇത് ഫിലിം ഫെസ്റ്റിവലില്‍ ഏറെ ശ്രദ്ധേയമായി.

അതേസമയം, കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ചും അതിന് അമേരിക്കയുടെ പിന്തുണയെക്കുറിച്ചുമൊക്കെ പട്‌വര്‍ധന്‍ സംസാരിച്ചിരുന്നു.

Content Highlight: Anand Patwardhan’s Vasudhaiva Kutumbakam Wins Best Documentary Award In Newyork Indian Film Festival

We use cookies to give you the best possible experience. Learn more