ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. രാജ്യത്ത് നിന്ന് ദശകോടികള്‍ കട്ട് കടന്നുകളഞ്ഞ വ്യവസായ പ്രമുഖകരുടെ പേരുകള്‍ നിരത്തിയാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
നിതിന്‍ ജയന്തിലാല്‍, ദീപ്തി ബെയ്ന്‍ ചേതന്‍, സവിയ സെയ്ത്ത്, രാജീവ് ഗോയല്‍, അല്‍ക്ക ഗോയല്‍, ലളിത് മോഡി, റിതേഷ് ജയിന്‍, ഹിതേഷ് പട്ടേല്‍, മയൂരിബെന്‍ പട്ടേല്‍, ആഷിഷ് സുരേഷ് ബായ് എന്നിങ്ങനെ 28 വ്യവസായ പ്രമുഖന്മാരുടെ പേരുകള്‍ നിരത്തിയാണ് അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇവരെല്ലാം ചേര്‍ന്ന് ടെന്‍ ട്രില്ല്യണ്‍ രൂപ കൊള്ളയടിച്ചുവെന്നും ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു.
”ഇവരില്‍ പാകിസ്താനികളില്ല, മുസ്‌ലിമില്ല, പഞ്ചാബികളില്ല, തീവ്രവാദികളായി മുദ്രകുത്തിയവരാരുമില്ല, അര്‍ബന്‍ നക്‌സലുകളില്ല, ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവരുമില്ല. വിജയ് മല്ല്യ ഒഴികെ ബാക്കിയെല്ലാവരും ഗുജറാത്തികളാണ്. മോദി സര്‍ക്കാര്‍ ഇവരെ തിരികെ കൊണ്ടുവരികയോ അറസ്റ്റു ചെയ്യുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കില്‍ ആരാണ് ദേശഭക്തര്‍,” അദ്ദേഹം ചോദിച്ചു.
കോടികള്‍ കട്ടുകടന്ന് കളഞ്ഞ വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വ്യവസായ പ്രമുഖരെ നരേന്ദ്ര മോദി സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്ന വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് പട്‌വര്‍ദ്ധന്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.