|

രാജ്യത്ത് ഹിന്ദു താലിബാനിസം വളരുന്നു; എല്ലാ ഭീഷണികളെയും എഴുത്തിലൂടെ നേരിടണം: എസ്. ഹരീഷിന് പിന്തുണയുമായി ആനന്ദ് പട്‌വര്‍ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്. ഹരീഷിന്റെ “മീശ” എന്ന നോവല്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലുള്ളവര്‍ ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്.

സംഘപരിവാര്‍ ശക്തികളുടെ ആക്രമണത്തെത്തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരണം പിന്‍വലിച്ച എഴുത്തുകാരന് പിന്തുണയുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു താലിബാനിസം വളരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണിയുടെ പേരില്‍ ഹരീഷിനെപ്പോലെയൊരു എഴുത്തുകാരന്‍ എഴുത്ത് നിര്‍ത്താന്‍ പാടില്ല. പകരം എഴുത്തിലൂടെ ഭീഷണികളെ നേരിടണം.


ALSO READ: ചില സംഘടനകളുടെ ഭീഷണി; ‘മീശ’ പിന്‍വലിക്കുകയാണെന്ന് എസ്.ഹരീഷ്; കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നെന്നും എഴുത്തുകാരന്‍


എഴുത്തുകാരന് സ്വാതന്ത്ര്യവും പിന്തുണയും നല്‍കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉള്ളപ്പോള്‍ ഹരീഷ് ഭയക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്രമേളയുടെ വേദിയിലാണ് ആനന്ദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരീഷിന്റെ മീശ എന്ന നോവല്‍. നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി.

കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

ഇതേത്തുടര്‍ന്നാണ് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ്.ഹരീഷ് പറഞ്ഞത്. ചിലസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നും. കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.