'കെജ്‌രിവാള്‍ തന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണ്'; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെ ആനന്ദ് പട്‌വര്‍ധന്‍
national news
'കെജ്‌രിവാള്‍ തന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണ്'; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെ ആനന്ദ് പട്‌വര്‍ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th February 2020, 11:44 am

ന്യൂദല്‍ഹി: സി.പി.ഐ നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം അന്വേഷിക്കാന്‍ ഉത്തരവിട്ട ദല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍. കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വില്‍ക്കുകയാണെന്നാണ് പട്‌വര്‍ധന്‍ വിമര്‍ശിച്ചത്.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണ്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ് അദ്ദേഹം,’ ആനന്ദ് പട്‌വര്‍ധന്‍ പോസ്റ്റു ചെയ്തു.

കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ  നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമയായ പി. ചിദംബരവും രംഗത്തെത്തിയിരുന്നു.

രാജ്യദ്രോഹകുറ്റത്തെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിച്ചതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ദല്‍ഹി സര്‍ക്കാരുമെന്നാണ് ചിദംബരം പ്രതികരിച്ചത്.

കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ജനുവരി 14നാണ് ദല്‍ഹി പൊലീസ് കനയ്യ കുമാറിനെതിരെ കുറ്റപത്രം ഫയല്‍ ചെയ്തത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദിനെതിരെയും അനിര്‍ബന്‍ ഭട്ടാചാര്യയുമടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ചെയതത്. 2016 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ക്യാംപസില്‍ നടത്തിയ മാര്‍ച്ചില്‍ ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരുന്നു.

2016ല്‍ വസന്ത് കുഞ്ച് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2016 ഫെബ്രുവരി 12ന് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. ആ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കനയ്യ പുറത്തിറങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം 2016ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. നേരത്തെ 2016ല്‍ ജെ.എന്‍.യു അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൂന്നു വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.