| Thursday, 7th November 2013, 2:53 pm

ക്രിക്കറ്റ് ഭ്രാന്തന്‍മാരുടെ ഇന്ത്യയിലെ ദേശീയസമ്പാദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ക്രിക്കറ്റ് ഒരു മതവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അതിന്റെ ദൈവവുമായിരിക്കുന്ന ഒരു രാജ്യത്തിന്റെ മറ്റൊരു ദേശീയസമ്പാദ്യമാണ് നിലവിലെ ലോകചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്.

ഇന്ത്യയുടെ വണ്‍ ഓഫ് ദ മോസ്റ്റ് ഫൈനസ്റ്റ് സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍.

ശനിയാഴ്ച ആനന്ദിന്റെ സ്വന്തം തട്ടകമായ ചെന്നൈയിലെ ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് മസ്തിഷ്‌കം കൊണ്ടുള്ള ലോകചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക. നോര്‍വീജിയന്‍ താരമായ മാഗ്നസ് കാള്‍സണാണ് എതിരാളി.

കഴിഞ്ഞ 2 ദശാബ്ദങ്ങളായി ഇന്ത്യന്‍ ചെസ്സിനെ എന്നല്ല ലോക ചെസ്സിനെ തന്നെ അടക്കി വാഴുന്നത് ആനന്ദാണ്. വിജയിച്ചാല്‍ അദ്ദേഹത്തിന്റെ ആറാമത്തെ ലോകകിരീടമായിരിക്കും അത്. തുടര്‍ച്ചയായ അഞ്ചാമത്തെയും.

24 വര്‍ഷം നീണ്ട കരിയറിനോട് ഈ മാസം വിട പറയുന്ന സച്ചിനും വിശ്വവിജയി ആനന്ദും ചില കാര്യങ്ങളില്‍ സമാനത പുലര്‍ത്തുന്നു.. കരിയറിന്റെ ദൈര്‍ഘ്യം, സ്ഥിരത, വിവാദങ്ങളില്‍ നിന്ന് അകന്നുള്ള ജീവിതം, വ്യക്തിജീവിതത്തിലെയും കായികജീവിതത്തിലെയും വിശുദ്ധി അങ്ങനെ പല കാര്യങ്ങളും.

“സച്ചിനെ പോലെ തന്നെ ആനന്ദും ഇന്ത്യയുടെ സ്വത്താണ്.” മാധ്യമങ്ങള്‍ പറയുന്നത് ശരിയാണ്.

ചെറുപ്പത്തില്‍ തന്നെ ചെസ്സില്‍ താല്പര്യം പ്രകടിപ്പിച്ച ആനന്ദ് പക്ഷേ ഒരിക്കലും ആ താല്പര്യം ഉപേക്ഷിച്ചില്ല. സമപ്രായത്തിലുള്ള പലരും ആദ്യത്തെ പ്രധാനമായൊരു ടൂര്‍ണമെന്റോട് കൂടി തന്നെ കരിയറിനോട് വിട പറഞ്ഞു. എന്നാല്‍ പരാജയപ്പെടുത്താന്‍ ആരുമില്ലാതാകുന്നത് വരെ ആനന്ദ് പടയോട്ടം തുടര്‍ന്നു.

ബോബി ഫിഷര്‍, ബോറിസ് സ്പാസ്‌കി, അനാറ്റോളി കാര്‍പ്പോവ്, ഗാരി കാസ്പറോവ് തുടങ്ങിയ മുന്‍ഗാമികൡ നിന്നും അദ്ദേഹം ഒട്ടേറെ ദൂരം മുമ്പോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.

കാര്‍പ്പോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകനായി മാറിയപ്പോള്‍ ആനന്ദ് ഇന്ത്യയുടെ ബഹാരാകാശദൗത്യങ്ങളില്‍ അഭിമാനം കൊണ്ടും ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബിനോടുള്ള ആരാധനയെ താലോലിച്ചും കൂടുതല്‍ വിനയാന്വിതനാവുകയാണുണ്ടായത്.

“സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലും വലിയൊരു അഭിമാനം വേറെയില്ല” കാള്‍സണെതിരായ മത്സരത്തിന് മുന്നോടിയായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

“പൂര്‍ണതയോട് അടുത്ത് ചെസ്സില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ആനന്ദ് മാത്രമാണ്” ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൂര്യ ശേഖര്‍ ഗാംഗുലി പറയുന്നു. “ഇത്രയേറെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടും ഇത്രയേറെ എളിമയുള്ള വളരെ വളരെ അപൂര്‍വം മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം.”

ഇന്ത്യയുടെ തെക്കേയറ്റത്ത് ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ആനന്ദ് പതിനഞ്ചാം വയസ്സില്‍ തന്നെ ഇന്റര്‍നാഷണല്‍ മാസ്റ്ററായി. പതിനാറാം വയസ്സില്‍ ദേശീയ ചാമ്പ്യനായി. പതിനേഴില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍. പതിനെട്ടില്‍ രാജ്യത്തിന്റെ ആദ്യഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവി.

19 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1992-ല്‍ ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിനായി തിരഞ്ഞെടുത്തതും വിശ്വനാഥന്‍ ആനന്ദിനെയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയ പ്രഗല്ഭ കായികതാരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഇന്ത്യന്‍ കായികലോകത്ത് നിന്നാണെന്നോര്‍ക്കണം.

വെറും 23 വയസ്സ് മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2000-ല്‍ ആണ് ടെഹ്‌റാനില്‍ വെച്ച് റഷ്യയുടെ അലക്‌സി ഷിറോവിനെ പരാജയപ്പെടുത്തി ആദ്യമായി ലോകചാമ്പ്യനാകുന്നത്.

പക്ഷേ കഴിഞ്ഞ വര്‍ഷം വിജയങ്ങളേക്കാള്‍ കൂടുതല്‍ പരാജയങ്ങള്‍ നേരിട്ട അദ്ദേഹത്തിന്റെ ലോകറാങ്ക് എട്ടിലേയ്ക്ക് താഴുന്നു. എതിരാളിയായ കാള്‍സണ് ലോകഒന്നാം റാങ്കും ആനന്ദിനെക്കാള്‍ 95 പോയിന്റ് കൂടുതലുമുണ്ട്.

We use cookies to give you the best possible experience. Learn more