തീയേറ്ററില്‍ അത്ര വിജയിച്ചില്ലെങ്കിലും ഒ.ടി.ടിയില്‍ വലിയരീതിയില്‍ ചര്‍ച്ചയായി തീര്‍ന്ന ചിത്രമാണ് പൊന്മാന്‍. ജി. ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കി ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മഥന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ ബ്രൂണോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദ് മന്മഥന്‍ ആയിരുന്നു.
ഒ.ടി.ടി യില്‍ റിലീസായതിന് ശേഷം സിനിമ തീയേറ്ററില്‍ കാണാതിരുന്നത് വലിയ നഷ്ടമെന്ന രീതിയില്‍ ഒരുപാട് പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ആനന്ദ് മന്മഥന്‍.
പൊന്മാന്‍ സിനിമയെ കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ ഹിറ്റ് പടങ്ങള്‍ക്ക് ലഭിക്കുന്ന ഒരു തള്ളിക്കയറ്റം ഈ സിനിമക്കുണ്ടായിട്ടില്ലെന്നും ആനന്ദ് പറയുന്നു. വലിയ ചിത്രങ്ങള്‍, ത്രില്ലര്‍ സിനിമകള്‍ അങ്ങനെ കുറച്ച് ഴോണറുകളില്‍ വരുന്ന സിനിമകള്‍ മാത്രം തീയേറ്ററില്‍ പോയി കണ്ടാല്‍ മതിയെന്ന പ്രവണത ആളുകള്‍ക്കിടയില്‍ വരുന്നുണ്ടെന്നും മറ്റു സിനിമകള്‍ക്ക് നല്ല അഭിപ്രായങ്ങളാണെന്ന് അറിഞ്ഞാലും ഒ.ടി.ടിയില്‍ വന്നിട്ട് കാണമെന്ന ചിന്ത ആളുകളില്‍ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് മന്‍മദന്‍.
‘ഒരുപാട് പേര്‍ നല്ല അഭിപ്രായങ്ങള്‍ പറയുന്നു. നല്ല റിവ്യൂസ് വരുന്നു. എന്നിട്ടും ആളുകളുടെ ഒരു തള്ളിക്കയറ്റം ഈ സിനിമക്ക് ഉണ്ടായിട്ടില്ല. ഹിറ്റ് പടങ്ങളുടെ ഒരു തളളിക്കയറ്റമില്ലേ, അത് ഈ സിനിമക്ക് ഉണ്ടായിട്ടില്ല. എന്തായിരിക്കും അതിന്റെ കാരണമെന്ന് ഞങ്ങള്‍ ഒത്തിരി ആലോചിച്ചു. എനിക്ക് തോന്നുന്നത് തീയേറ്ററില്‍ പോയി ഒരു സിനിമ കാണണമെന്നുള്ള പ്രവണത ആളുകളില്‍ കുറഞ്ഞുവരുന്നുണ്ട്.
തീയേറ്റര്‍ മസ്റ്റ് വാച്ചായിട്ടുള്ള വലിയ പടങ്ങള്‍, അല്ലെങ്കില്‍ ഫുള്‍ ഓണ്‍ ഫണ് പടങ്ങള്‍, ത്രില്ലര്‍ പടങ്ങള്‍ ഇങ്ങനെ കുറച്ച് ഴോണറികളില്‍ വരുന്ന സിനിമകള്‍ മാത്രം തീയേറ്ററില്‍ പോയി കാണുന്ന ഒരു പ്രവണത, അല്ലെങ്കില്‍ അത്തരത്തിലൊരു പാറ്റേണ്‍ ഇപ്പോള്‍ ഉണ്ടായി വരുന്നതായി എനിക്ക് തോന്നുന്നുണ്ട്.
മറ്റ് സിനിമകള്‍ നമുക്ക് ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണം എന്നാണ് ആളുകള്‍ പറയുന്നത്. അല്ലെങ്കില്‍ നല്ല സിനിമയാണെന്ന് അറിഞ്ഞാല്‍ പോലും ഒ.ടി.ടി യില്‍ വന്നിട്ട് കാണാമെന്നൊരു ചിന്ത ആളുകളിലേക്ക് പോകുന്നുണ്ട്. പഴയതു പോലെയല്ല ഒ.ടി.ടിയില്‍ എല്ലാ സിനിമകളൊന്നും അവര്‍ എടുക്കില്ല. തീയേറ്ററില്‍ വര്‍ക്കായ പടങ്ങള്‍ മാത്രമേ എടുക്കുന്നുള്ളൂ,’ ആനന്ദ് മന്‍മഥന്‍ പറയുന്നു.
Content Highlight: Anand Manmadhan talks about ponman movie