ഈ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാന്‍. കലാസംവിധായകന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.
ബേസില്‍ ജോസഫ് നായകനായ അജേഷായി എത്തിയപ്പോള്‍ ബ്രൂണോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദ് മന്മഥന്‍ ആയിരുന്നു. പൊന്മാന്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആനന്ദ് മന്മഥന്‍. കൊവിഡിന്റെ സമയത്താണ് നാലഞ്ച് ചെറുപ്പക്കാര്‍ എന്ന പുസ്തകം വായിക്കുന്നതെന്നും അന്നത് വായിക്കുമ്പോള്‍ തന്നെ സിനിമയാക്കിയാല്‍ തനിക്ക് ചെയ്യാന്‍ കഴിയുമോ എന്നെല്ലാം ആലോചിച്ചിരുന്നുവെന്നും ആനന്ദ് പറയുന്നു.
ഫഹദ് ഫാസിലിനെ വെച്ചായിരുന്നു ആദ്യം ആ സിനിമ പ്ലാന്‍ ചെയ്തതെന്നും അതുകൊണ്ടുതന്നെ താന്‍ അവതരിപ്പിച്ച ബ്രൂണോ എന്ന കഥാപാത്രം ഷൈന്‍ ടോം ചാക്കോയെ പോലൊരു നടനായിരിക്കും ചെയ്യുകയെന്നാണ് കരുതിയതെന്നും ആനന്ദ് പറഞ്ഞു. കറങ്ങി തിരിഞ്ഞ് തനിക്ക് ആ കഥാപാത്രം വന്നപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് മന്മഥന്‍.
അന്ന് ഫഹദ് ഫാസിലിനെ ഒക്കെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ബ്രൂണോ എന്ന കഥാപാത്രവും ഷൈന്‍ ടോം ചാക്കോയെ പോലെ ആരെങ്കിലും ചെയ്യുമെന്നാണ് കരുതിയത്
‘നാലഞ്ച് ചെറുപ്പക്കാര്‍ എന്ന ബുക്ക് ഞാന്‍ വായിക്കുന്നത് കൊവിഡിന്റെ സമയത്താണ്. ഇന്ദുഗോപന്‍ ചേട്ടന്റെ ബുക്കുകള്‍ വായിക്കുമ്പോള്‍ നമുക്കത് സിനിമാറ്റിക്കലി കാണാന്‍ കഴിയുമല്ലോ. ഞാന്‍ ഒരു അഭിനേതാവും കൂടിയാണല്ലോ, അപ്പോള്‍ ഇത് സിനിമയാകുമ്പോള്‍ നമുക്ക് ഏത് കഥാപാത്രത്തെ ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചൊക്കെ അപ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു.
എന്തായാലും നായകനാകാന്‍ പറ്റില്ല. അജേഷെല്ലാം എന്റെ മനസ്സില്‍ വേറൊരുതരം അഭിനേതാവ് ചെയ്താലാണ് ശരിയാകുക എന്ന് തോന്നിയിരുന്നു. മരിയാനോ ആകാന്‍ എന്തായാലും എന്നെകൊണ്ട് പറ്റില്ല. ആ ബുക്കില്‍ തന്നെ മലപോലത്തെ ഒരു മനുഷ്യനാണെന്ന് മരിയാനോയെ കുറിച്ച് പറഞ്ഞുവെച്ചിട്ടുണ്ട്. ബ്രൂണോ കൊള്ളാം എന്നൊക്കെ ഒരു ഐഡിയ ഉണ്ടായിരുന്നു.
അന്ന് ഫഹദ് ഫാസിലിനെ ഒക്കെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ബ്രൂണോ എന്ന കഥാപാത്രവും ഷൈന്‍ ടോം ചാക്കോയെ പോലെ ആരെങ്കിലും ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ 2024ല്‍ അത് കറങ്ങിത്തിരിഞ്ഞ് നമുക്ക് ചെയ്യാന്‍ വേണ്ടി വന്നു. ബ്രൂണോ എനിക്ക് വന്നത് സത്യത്തില്‍ അത്ഭുതമായിരുന്നു. കാരണം ഞാന്‍ അത് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല,’ ആനന്ദ് മന്മഥന്‍ പറയുന്നു.
Content Highlight: Anand Manmadhan talks about Ponman Movie