മുംബൈ: രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് രാജ്യം. 2016 ലെ വെള്ളി മെഡല്‍ 2020 ല്‍ വെങ്കലമായെങ്കിലും നേട്ടത്തെ ഒട്ടും വിലകുറച്ച് കാണുന്നില്ല കായികപ്രേമികള്‍.
സോഷ്യല്‍ മീഡിയയില്‍ സിന്ധുവിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വീറ്റിന് താഴെ വന്ന കമന്റും അതിന് ആനന്ദ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
താര്‍ ഫോര്‍ പിവി സിന്ധു എന്ന ഹാഷ്ടാഗില്‍ സിന്ധു മഹീന്ദ്രയുടെ താര്‍ അര്‍ഹിക്കുന്നു എന്നായിരുന്നു വെയ്ഡ് വാലെ എന്ന യൂസറുടെ കമന്റ്. എന്നാല്‍ ഇതിന് മറുപടിയായി സിന്ധുവിന് നേരത്തെ തന്നെ ഒരു താറുണ്ട് എന്നായിരുന്നു ആനന്ദ് ട്വീറ്റ് ചെയ്തത്.
ഇതിനോടൊപ്പം റിയോ ഒളിംപിക്‌സിന് ശേഷം താറില്‍ സിന്ധുവിനും മറ്റൊരു മെഡല്‍ ജേതാവായ സാക്ഷി മാലികിനും നല്‍കിയ സ്വീകരണത്തിന്റെ ചിത്രവും ആനന്ദ് പങ്കുവെച്ചു. കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരങ്ങളായിരുന്നു സിന്ധുവും സാക്ഷിയും.
ഇതിന് പിന്നാലെ ഇവര്‍ക്ക് മഹീന്ദ്രയുടെ താര്‍ എസ്.യു.വി മോഡല്‍ സമ്മാനമായി നല്‍കിയിരുന്നു. ചൈനീസ് താരമായ ഹീ ബിന്‍ജാവോയുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-13, 21-15.
സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോടായിരുന്നു സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ തോല്‍വി. ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധു സെമിയില്‍ കടന്നിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Anand Mahindra reacts to Twitter user demanding Thar for PV Sindhu after Olympics Bronze win