മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് സഞ്ചരിക്കുന്ന ഭക്ഷണശാലയാക്കി മാറ്റിയ യുവതിക്ക് നല്‍കിയ വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര. ജീവിക്കാനായി ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് മാംഗ്ലൂരില്‍ തട്ടുകട നടത്തിയ ശില്‍പയെയാണ് ഭാഗ്യം തേടിയെത്തിയത്.
2008 ല്‍ ബംഗളൂരുവിലേക്കു ബിസിനസ് ആവശ്യത്തിനു പോയ ഭര്‍ത്താവ് രാജശേഖറിനെ കാണാതായതോടെയാണ് ശില്‍പയുടെ ജീവിതം മാറിമറിയുന്നത്. ബിസിനസ് ആവശ്യത്തിനു പോയ രാജശേഖര്‍ തിരിച്ചെത്താതായതോടെ ശില്‍പ്പയുടെയും മകന്റെയും ജീവിതം വഴിമുട്ടുകയായിരുന്നു.
മകന്റെ പഠനത്തിനും രോഗികളായ മാതാപിതാക്കളുടെ ചികിത്സാചെലവിനും പണം കണ്ടെത്താനായിരുന്നു സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയത്തിലാണ് ശില്‍പയും കുടുംബവും എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് മകന്റെ പഠനത്തിനായി ബാങ്കിലുണ്ടായിരുന്നു ഒരു ലക്ഷം രൂപ ഉപയോഗിച്ച് ഒരു മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് സഞ്ചരിക്കുന്ന ഭക്ഷണശാലയാക്കി മാറ്റുകയായിരുന്നു.
ശില്‍പ്പയുടെ ഈ ജീവിതകഥ ഒരു ഇംഗ്ലീഷ് ഓണ്‍ലൈനില്‍ വാര്‍ത്തയായി വന്നതോടെ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു.
മഹീന്ദ്ര ബൊലേറോയെ കൂട്ടുപിടിച്ച് ജീവിതം കരയ്ക്കടുപ്പിച്ച ശില്‍പ്പയ്ക്ക് രണ്ടാമത്തെ യൂണിറ്റ് തുടങ്ങാനായി ഒരു ബൊലേറോ പിക്ക്അപ്പാണ് ആനന്ദ് മഹീന്ദ്രയുടെ വാഗ്ദാനം ചെയ്തത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മഹീന്ദ്ര തലവന്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. ശില്‍പ്പയുടെ ജീവിതത്തില്‍ നല്ലകാലം കൊണ്ടുവരാന്‍ മഹീന്ദ്ര ബൊലേറോ സഹായമായതില്‍ സന്തോഷിക്കുന്നതായും ആനന്ദ് മഹീന്ദ്ര അന്ന് ട്വിറ്ററില്‍ കുറിച്ചു.
ആ വാഗ്ദാനമാണിപ്പോള്‍ മഹീന്ദ്ര നിറവേറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തന്‍ മഹീന്ദ്ര മാക്‌സി പ്ലസ് പിക്കപ്പ് ട്രക്കിന്റെ താക്കോല്‍ മഹീന്ദ്ര ശില്‍പ്പയക്ക് കൈമാറി. അഞ്ചര ലക്ഷമാണ് ഇതിന്റെ മുംബൈ എക്‌സ് ഷോറൂം വില.