| Sunday, 31st March 2024, 8:44 am

ഈ പണി അവസാനിപ്പിച്ച് എവിടെയെങ്കിലും പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് പൊടിമീശ ഹിറ്റാകുന്നത്: ആനന്ദ് മധുസൂദനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത സിനിമയായിരുന്നു ‘പാ.വ’ അഥവാ ‘പപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും’. അനൂപ് മേനോന്‍, മുരളി ഗോപി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രം 2016ലാണ് പുറത്തിറങ്ങിയത്.

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഉറ്റസുഹൃത്തുക്കളായ പാപ്പനും വര്‍ക്കിയും തമ്മിലുള്ള സ്‌നേഹത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരുന്നത് അജീഷ് തോമസായിരുന്നു.

സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പാട്ടായിരുന്നു ‘പൊടിമീശ മുളക്കണ കാലം’. ആ പാട്ട് കമ്പോസ് ചെയ്തത് ആനന്ദ് മധുസൂദനനായിരുന്നു. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഈ പാട്ടിനെ കുറിച്ച് പറയുകയാണ് അദ്ദേഹം.

‘ഞാന്‍ ഈ പണി അവസാനിപ്പിച്ച് തിരിച്ച് വേറെ എവിടേക്കെങ്കിലും പോയാലോ എന്ന് ചിന്തിക്കുന്ന സമയമായിരുന്നു അത്. 2012ല്‍ മോളി ആന്റി റോക്‌സ് സിനിമ ചെയ്തതിന് ശേഷം ഞാന്‍ ചെയ്ത സിനിമകളോ പാട്ടുകളോ കാര്യമായി വര്‍ക്കയില്ല. ഒന്നും ശരിയാവാത്ത സമയമായിരുന്നു അത്.

അങ്ങനെയിരിക്കുമ്പോഴാണ് 2016ല്‍ സൂരജേട്ടന്‍ (സൂരജ് ടോം) അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലേക്ക് വിളിക്കുന്നത്. പാട്ടില്ല, ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യണമെന്ന് പറഞ്ഞു. സിനിമയില്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ കഥ കേള്‍ക്കണം. അന്ന് കഥ പറഞ്ഞ രീതി നല്ല രസമായിരുന്നു.

സ്‌ക്രിപ്റ്റ് തരുമ്പോള്‍ ഒരു സൈഡില്‍ കഥയും മറ്റേ സൈഡില്‍ അതിന്റെ സ്റ്റോറി ബോര്‍ഡും വരച്ചിട്ടുണ്ടായിരുന്നു. അമര്‍ചിത്ര കഥ വായിക്കുന്നത് പോലെയായിരുന്നു അത്. അത് വായിച്ച ആവേശത്തില്‍ ഞാന്‍ എന്റെ റൂമിലേക്ക് പോയി എന്റെ ഇഷ്ടത്തിന് കമ്പോസ് ചെയ്തു. സത്യത്തില്‍ മറ്റാരോ ആയിരുന്നു ആ സിനിമയിലേക്ക് പാട്ട് ചെയ്യേണ്ടിയിരുന്നത്.

ഞാന്‍ വേറെ ഒരു പരസ്യത്തിന്റെ ആവശ്യത്തിന് വേണ്ടി ഒരു പാട്ട് ചെയ്തിരുന്നു. അത് സൂരജേട്ടന് കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ ആള്‍ക്ക് ഇഷ്ടമായി. ആനന്ദ് തന്നെ പാട്ട് ചെയ്‌തോളൂ എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ആ പാട്ട് ഉണ്ടാകുന്നത്,’ ആനന്ദ് മധുസൂദനന്‍ പറഞ്ഞു.


Content Highlight: Anand Madhusoodanan Talks About Pa.Va Movie

We use cookies to give you the best possible experience. Learn more