ആനന്ദ് അമൃത് രാജ് ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റന്‍
DSport
ആനന്ദ് അമൃത് രാജ് ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2013, 10:21 pm

[]ന്യൂദല്‍ഹി: ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടെന്നീസ് ടീമിന്റെ നോണ്‍ പ്ലെയിംങ് ക്യാപ്റ്റനായി മുന്‍ ഇന്ത്യന്‍ താരം ആനന്ദ് അമൃതരാജിനെ തിരഞ്ഞെടുത്തു.

അടുത്ത വര്‍ഷം ഏഷ്യാ ഓഷ്യാനിയ ഗ്രൂപ്പില്‍ ചൈനീസ് തായ്‌പേയിയെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായാണ് ആനന്ദ് അമൃതരാജിനെ തിരഞ്ഞെടുത്തത്.

ഗോവയില്‍ ചേര്‍ന്ന ആള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 2014 വരെയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് ആനന്ദിന്റെ കാലാവധി.

എസ്.പി.മിശ്രക്ക് പകരക്കാരനായാണ് അറുപത്തിയൊന്നുകാരനായ ആനന്ദ് ചുമതലയേല്‍ക്കുന്നത്. ടീമിലെ എട്ട് കളിക്കാരുടെ പ്രതിഷേധം കാരണം ഈ വര്‍ഷമാദ്യമാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്.

ശര്‍മ്മക്ക് പകരക്കാരനായി രോഹിത് രാജ്പാലിനെ നിയമിക്കണമെന്നായിരുന്നു കളിക്കാരുടെ ആവശ്യം. എന്നാലിത് അംഗീകരിക്കാതിരുന്ന എ.ഐ.ടി.എ ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്ന് നിശ്ചയിക്കുകയായിരുന്നു.

സീഷന്‍ അലിയെ കോച്ച് സ്ഥാനത്ത് നിലനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. എന്നാല്‍ മത്സരവേദി എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് നിശ്ചയിക്കും.