| Friday, 25th February 2022, 9:42 am

ഉക്രൈന്‍ പട്ടാളത്തെ നവ നാസികള്‍ കൈയടക്കിയിരിക്കുന്നു: ആനന്ദ് പട്‌വര്‍ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനിയന്‍ ഭരണകൂടത്തെയും പട്ടാളത്തെയും വിമര്‍ശിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘ഉക്രൈന്റെ പട്ടാളത്തെ നവ നാസികള്‍ കയ്യടക്കിയിരിക്കുകയാണെന്ന വസ്തുത ബൈഡനോ നാറ്റായോ ക്രോണി മാധ്യമങ്ങളോ നമ്മോട് പറയുകയില്ല,’ എന്നാണ് അദ്ദേഹം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

റഷ്യ ഉക്രൈനെ ആക്രമിക്കുന്നതിന് മുന്‍പ് ഫെബ്രുവരി 23നാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെക്കുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

എന്നാല്‍ യുദ്ധം തുടങ്ങിയതിന് ശേഷം മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിരുന്നു. തങ്ങളുടെ പൗരുഷം കാണിക്കുന്നതിനായി ബൈഡനോ പുടിനോ ഭൂമിയെ നശിപ്പിക്കാനുള്ള അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

‘തങ്ങളുടെ പൗരുഷം കാണിക്കാന്‍ ആണവ വംശഹത്യയിലൂടെ ഭൂമിയെയൊന്നാകെ ഭീഷണിപ്പെടുത്താനുള്ള അധികാരം പുടിനോ ബൈഡനോ ഇല്ല,’ ആനന്ദ് പട്‌വര്‍ധന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പുടിന്‍ നാസിയാണെന്നും ഹിറ്റ്‌ലറിന്റെ ആശയധാരകള്‍ ലോകത്ത് പ്രാവര്‍ത്തികമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഉക്രൈന്‍ ആരോപിച്ചിരുന്നു. അത്തരത്തിലൊരും മീമും ഉക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ചിരുന്നു,

ഹിറ്റ്‌ലര്‍ പുടിനെ അഭിനന്ദിക്കുന്ന രീതിയിലുള്ള മീം ആണ് അവര്‍ പങ്കുവെച്ചത്.

എന്നാല്‍, ഉക്രൈനില്‍ നവ നാസികളും തീവ്രവലതു പക്ഷവാദികളും ശക്തി പ്രാപിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. മോസ്‌കോയിലെ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.

ഉക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ ഉക്രൈനിയന്‍ വംശജരുടെ വൈവിധ്യം അംഗീകരിക്കുന്നില്ലെന്നും ഉക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

‘ഉക്രൈന്‍ സര്‍ക്കാര്‍ അവിടത്തെ വിവിധ ഉക്രൈനിയന്‍ വംശജരുടെ വൈവിധ്യത അംഗീകരിക്കുന്നില്ല. ഉക്രൈനിലെ റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭാവിശ്വാസികളെ പീഡിപ്പിക്കുകയാണ്. ഉക്രൈനില്‍ നവ നാസികളും തീവ്രവലതുപക്ഷ വാദികളും ശക്തി പ്രാപിക്കുന്നു, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉക്രൈനിലെ സാധാരണക്കാരെ ബാധിക്കുന്നു.

നവനാസികളും തീവ്രവലതുപക്ഷവും ശക്തി പ്രാപിക്കുന്ന ഉക്രൈനില്‍ സ്വന്തം മണ്ണില്‍ ജീവിക്കാനും സ്വന്തം ഭാഷ സംസാരിക്കാനും, സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുമുള്ള പ്രാഥമിക അവകാശത്തിനുവേണ്ടിയാണ് ജനങ്ങള്‍ പോരാടുന്നത്,” പുടിന്‍ പറഞ്ഞു.

ഉക്രൈന്‍ റഷ്യക്ക് ഒരു അയല്‍രാജ്യമല്ലെന്നും റഷ്യയുടെ നമ്മുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഇന്ന് കാണുന്ന ഉക്രൈന്‍ എന്ന ഭൂപ്രദേശം ഒരു സോവിയറ്റ് സൃഷ്ടിയാണ്. അവിടത്തെ വലിയൊരു പ്രദേശം റഷ്യ ആയിരുന്നു. ഉക്രൈന്‍ റഷ്യക്ക് വെറുമൊരു അയല്‍രാജ്യം മാത്രമല്ല. അവിടെ താമസിക്കുന്നവര്‍ റഷ്യക്കാരാണ്.

പുരാതനകാലം മുതല്‍, ചരിത്രപരമായി റഷ്യന്‍ ഭൂമിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആളുകള്‍ തങ്ങളെ റഷ്യക്കാരും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും എന്ന് വിളിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിനുമുമ്പ്, ഈ പ്രദേശത്തിന്റെ ഒരു ഭാഗം റഷ്യന്‍ ഭരണകൂടത്തില്‍ വീണ്ടും ചേര്‍ന്നപ്പോഴും അതിനുശേഷവും ഇത് സംഭവിച്ചു.

അതിനാല്‍, ആധുനിക ഉക്രൈന്‍ പൂര്‍ണമായും റഷ്യ സൃഷ്ടിച്ചതാണ്. 1917ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. ലെനിനും കൂട്ടാളികളും റഷ്യയോട് അങ്ങേയറ്റം കഠിനമായ വിധത്തിലാണ് ഇത് ചെയ്തത്- ചരിത്രപരമായി റഷ്യന്‍ ഭൂമിയെ വേര്‍പെടുത്തി, അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോട് അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആരും ചോദിച്ചില്ല,” പുടിന്‍ പറഞ്ഞു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ചും പുടിന്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് താന്‍ ആക്രമണം നടത്തിയതെന്നായിരുന്നു പുടിന്‍ വ്യക്തമാക്കിയത്.

റഷ്യയുടെ സുരക്ഷയെ കരുതി ഉക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴികളില്ലായിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Ananad Patwardan criticize Ukraine Army

We use cookies to give you the best possible experience. Learn more